തലവേദന പലതരം ! ടെൻഷൻ കൊണ്ടുള്ള തലവേദന എങ്ങനെ തിരിച്ചറിയാം?
സമ്മര്‍ദമേറിയാല്‍ തലവേദന; ഒഴിവാക്കാന്‍ ഈ വഴികള്‍

നിത്യജീവിതത്തില്‍ നാം പല ആരോഗ്യപ്രശ്നങ്ങളും ഇടവിട്ട് നേരിടാറുണ്ട്. അത്തരത്തിലൊരു പ്രശ്നമാണ് തലവേദനയും. എന്നാല്‍ തലവേദന പിടിപെടുന്നതിന് പിന്നില്‍ പല കാരണങ്ങളുമുണ്ട്. തലവേദനയുടെ തീവ്രതയും വേദന അനുഭവപ്പെടുന്ന ഇടങ്ങളുമെല്ലാം വ്യത്യസ്തമാകാറമുണ്ട്.

തലവേദന എങ്ങനെ- എവിടെ അനുഭവപ്പെടുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തി ഇതിന്‍റെ കാരണം ( Headache Reason ) നിര്‍ണയിക്കാൻ സാധിക്കും. മാനസിക സമ്മര്‍ദ്ദമാണോ ( Tension Headache ), അതോ മറ്റെന്തെങ്കിലും അസുഖമാണോ തലവേദനയ്ക്ക് കാരണമാകുന്നത് എന്നെല്ലാം ഇങ്ങനെ ഒരു പരിധി വരെ മനസിലാക്കാം. അത്തരത്തില്‍ വിവിധ തരത്തിലുള്ള തലവേദനകളെ എങ്ങനെ തിരിച്ചറിയാമെന്നതാണ് ഇനി പങ്കുവയ്ക്കുന്നത്. 

കണ്ണിനുചുറ്റും വേദന

കണ്ണിനുള്ളിലോ കണ്ണിന് ചുറ്റുമായോ വേദന അനുഭവപ്പെടുന്ന തരം തലവേദനായണെങ്കില്‍ അത് അധികവും 'ക്ലസ്റ്റര്‍' തലവേദനയാകാനാണ് സാധ്യത. ഇടവിട്ട് തീവ്രമായ വേദന വന്നുകൊണ്ടേയിരിക്കുന്നതിനാലാണ് ഇതിനെ 'ക്ലസ്റ്റര്‍ ഹെഡേക്ക്' എന്ന് വിളിക്കുന്നത്. ഇതത്ര സാധാരണയായി ആളുകളില്‍ വരുന്നതല്ല. വന്നുകഴിഞ്ഞാല്‍ മണിക്കൂറുകളോളം വേദന നീണ്ടുനില്‍ക്കാം. ആഴ്ചകളോളമോ മാസങ്ങളോളമോ ഇതിന്‍റെ ആക്രമണം തുടരുകയും ചെയ്യാം. 

സൈനസിലെ വേദന

മുഖം മുഴുവനും പടര്‍ന്നുപിടിക്കുന്ന തരത്തില്‍ വേദന അനുഭവപ്പെടാറില്ലേ? നെറ്റി, മുക്കിന്‍റെ മുകള്‍ഭാഗം, കണ്ണിന് പിറകുവശം, കവിളുകള്‍, പല്ല് എന്നിവിടങ്ങളിലെല്ലാം വ്യാപിച്ചുകിടക്കുന്ന വേദന. ഇത് സൈനസിനെ ബാധിക്കുന്ന പ്രശ്നമാകാം. സൈനസിലെ അണുബാധ, ചില സന്ദര്‍ഭങ്ങളില്‍ മൈഗ്രേയ്ൻ എന്നിവയാകാം ഇതിന് കാരണമാകുന്നത്  ( Headache Reason ) . മൂക്കടഞ്ഞതായി തോന്നുക, തളര്‍ച്ച എന്നീ ലക്ഷണങ്ങള്‍ കൂടിയുണ്ടെങ്കില്‍ ഉറപ്പിക്കാം, അത് സൈനസിന്‍റെ വേദന തന്നെ. 

തലയോട്ടിയിലെ വേദന

തലയാകെ വേദന അനുഭവപ്പെടുന്ന അവസ്ഥയുണ്ടാകാം ചിലപ്പോള്‍. തല വെട്ടിപ്പൊളിച്ചത് പോലെ എന്നെല്ലാം പരാതിപ്പെടുന്നവരെ കണ്ടിട്ടില്ലേ? ഇങ്ങനെ തലയാകെ പടര്‍ന്നുകിടക്കുന്ന വേദനയാണെങ്കില്‍ അത് ടെൻഷൻ മൂലമുള്ളതാണെന്ന് ( Tension Headache ) മനസിലാക്കാം. 

ഏറ്റവുമധികം പേരില്‍ കാണപ്പെടുന്ന തലവേദനയാണിത്. നേരിയ രീതിയില്‍ തുടങ്ങി ഇടത്തരം തീവ്രതയിലേക്ക് വരെയെ ഇതെത്തൂ. നെറ്റിയിലും തലയ്ക്ക് പിന്നിലുമെല്ലാം സമ്മര്‍ദ്ദം തോന്നുന്നതും ടെൻഷൻ തലവേദനയുടെ പ്രത്യേകതയാണ്. 

കഴുത്തിലും തലയ്ക്ക് പിന്നിലും വേദന

കഴുത്തില്‍ നിന്ന് തുടങ്ങുന്ന വേദന പിന്നീട് മുതുകിലേക്കും തലയ്ക്ക് പിന്നിലേക്കുമെല്ലാം നീളുന്ന അവസ്ഥയുണ്ടെങ്കില്‍ അത് മറ്റേതെങ്കിലും രോഗങ്ങളുടെ ഭാഗമായി വരുന്ന തലവേദനയാകാൻ സാധ്യതയുണ്ട്. ഇത് സമയം വൈകുംതോറും കൂടിവരും. കഴുത്ത് അനക്കാൻ ബുദ്ധിമുട്ടുന്ന അവസ്ഥ വരെയുണ്ടാകാം. 

മൈഗ്രേയിനിലും കഴുത്തുവേദന അനുഭവപ്പെടാം. എന്നാലീ വേദന തലയ്ക്കകത്ത് നിന്ന് തന്നെയാണ് ആദ്യം തുടങ്ങുക. 

തലവേദന അകറ്റാൻ

ടെൻഷൻ തലവേദനയാണ് ഏറ്റവുമധികം പേരില്‍ അനുഭവപ്പെടുന്നത് എന്ന് സൂചിപ്പിച്ചുവല്ലോ. ഇതൊഴിവാക്കാൻ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. മാനസിക സമ്മര്‍ദ്ദങ്ങള്‍ അഥവാ സ്ട്രെസ് നമ്മെ ബാധിക്കാതിരിക്കാനുള്ള മുന്നൊരുക്കങ്ങളെടുക്കുക, സമയത്തിന് ഭക്ഷണം, സുഖകരമായ ഉറക്കം എന്നിവ ഉറപ്പാക്കുക. ഇത്രയും കാര്യങ്ങള്‍ ചെയ്താല്‍ തന്നെ ടെൻഷൻ തലവേദന വരാതെ നോക്കാം. 

ഇടവിട്ട് തലവേദന വരുന്നത് പതിവാകുന്നുവെങ്കില്‍ അത് ഡോക്ടറെ കാണിച്ച് കാരണം ശാസ്ത്രീയമായി കണ്ടെത്തുന്നത് ഉചിതമാണ്. തലച്ചോറുമായി ബന്ധപ്പെട്ട പല രോഗങ്ങളുടെയും പ്രാഥമിക ലക്ഷണമായി തലവേദന വരാമെന്നതിനാലാണിത്. 

Share this story