തലമുടി അമിതമായി കൊഴിയുന്നുണ്ടോ?

Hair loss
Hair loss

ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ തലമുടിയെ സംരക്ഷിക്കാം. തലമുടി കൊഴിച്ചില്‍ തടയാനും മുടി തഴച്ചു വളരാനും നിത്യജീവിതത്തിൽ നാം ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

നമ്മള്‍ കഴിക്കുന്ന ഭക്ഷണവും തലമുടിയുടെ വളര്‍ച്ചയും തമ്മില്‍ ഏറെ ബന്ധമുണ്ട്. വിറ്റാമിനുകളായ എ, ബി, സി, ഡി, ഇ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടി വളരാന്‍ സഹായിക്കും. അതിനാല്‍ ഇലക്കറികൾ, ബീൻസ്, മത്സ്യം, ചിക്കൻ എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. അതുപോലെ തന്നെ, പ്രോട്ടീനുകള്‍ അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടിയുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്.

രണ്ട്...

കുളിച്ച് കഴിഞ്ഞയുടന്‍ നനഞ്ഞിരിക്കുന്ന തലമുടി ചീവുന്ന ശീലം പലര്‍ക്കുമുണ്ട്. എന്നാല്‍ ഇത് തലമുടിക്ക് അത്ര നല്ലതല്ല. അതിനാല്‍ നനഞ്ഞ തലമുടിയെ ഉണങ്ങാന്‍ അനുവദിക്കുക. ഹെയര്‍ ഡ്രൈറിന്‍റെ അമിത ഉപയോഗവും തലമുടിക്ക് നല്ലതല്ല.

മൂന്ന്...

തലമുടിയില്‍ എണ്ണ ഉപയോഗിക്കാന്‍ ഇഷ്ടമല്ലാത്തവരാണ് ഇന്ന് പലരും. എന്നാല്‍  തലമുടിയിൽ എണ്ണ തേയ്ക്കുന്നത് മുടിയുടെ ആരോഗ്യത്തിന് ഏറെ  നല്ലതാണ്.

നാല്...

ചൂടാക്കിയ എണ്ണയുപയോഗിച്ചു ശിരോചര്‍മ്മം മസാജ് ചെയ്യുന്നത് നല്ലതാണ്.  ഇതു രക്തചംക്രമണം വർധിപ്പിക്കുകയും തലമുടി തഴച്ചു വളരാൻ സഹായിക്കുകയും ചെയ്യും.

അഞ്ച്...

കൃത്യമായ ഇടവേളയില്‍ തലമുടി വെട്ടാന്‍ മറക്കരുത്. മൂന്ന് മാസം കൂടുമ്പോൾ മുടി വെട്ടുന്നത് ശീലമാക്കണം. ഇത് മുടിയുടെ അറ്റം വിണ്ടുകീറുന്നതു തടയുകയും ഇതുവഴി മുടി വളരുകയും ചെയ്യും.

ആറ്...

ദിവസവും പത്ത് മിനിറ്റില്‍ കൂടുതൽ തലമുടി ചീവാതിരിക്കാനും ശ്രദ്ധിക്കണം.

ഏഴ്...

ദിവസവും ഷാംപൂ ഉപയോഗിച്ച് തലമുടി കഴുകുന്നവരാണോ? എങ്കില്‍, അത് മുടിക്ക് ദോഷം ചെയ്യും. അതിനാല്‍ രണ്ടോ മൂന്നോ ദിവസം മാത്രം ഷാംപൂ ഉപയോഗിക്കാം. അമിതമായി ഷാംപൂ ഉപയോഗിക്കുന്നതുമൂലം തലമുടി വളരാൻ സഹായിക്കുന്ന നാച്ചുറൽ ഓയില്‍ നഷ്ടമാവാം. ഷാംപൂ ചെയ്തു കഴിഞ്ഞാൽ കണ്ടീഷണർ ഉപയോഗിക്കാനും മറക്കരുത്.

എട്ട്...

തലമുടിയില്‍ പുതിയ ഉത്പന്നങ്ങൾ പരീക്ഷിക്കുന്നതിന് മുമ്പ് അലർജി ടെസ്റ്റ് ചെയ്യണം. അലർജിയുണ്ടാക്കുന്ന ഉത്പന്നങ്ങൾ ഉപയോഗിക്കാതിരിക്കുക എന്നതാണ് ചർമ്മത്തെയും തലമുടിയെയും സംരക്ഷിക്കാന്‍ ചെയ്യേണ്ട പ്രധാന കാര്യം.

ഒമ്പത്...

പ്രകൃതിദത്തമായ ഹെയര്‍ മാസ്കുകള്‍ തയാറാക്കുന്നതിനു മുമ്പും തലമുടിയുടെ സ്വഭാവത്തെക്കുറിച്ച് ഒരു ധാരണയുണ്ടാകണം. ചിലപ്പോൾ തിരഞ്ഞെടുക്കുന്ന വസ്തുക്കൾ നിങ്ങളുടെ മുടിയുടെ സ്വഭാവത്തിന് തീരെ യോജിക്കാത്തവയായിരിക്കും. അത്തരം പരീക്ഷണങ്ങൾ മുടിയുടെ ആരോഗ്യത്തെ ബാധിക്കാം.

പത്ത്...

മാനസിക സമ്മര്‍ദ്ദം പലപ്പോഴും തലമുടി കൊഴിച്ചിലിന് കാരണമാകാം. അതിനാല്‍ സമ്മര്‍ദ്ദം കുറയ്ക്കാനുള്ള വഴികള്‍ സ്വീകരിക്കുക. ദിവസവും ആറ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങാൻ ശ്രദ്ധിക്കണം.

Tags