'ഡാർക്ക് സർക്കിൾസ്' മാറാൻ ഇതാ ചില പൊടിക്കെെകൾ
നിങ്ങളിൽ ആദ്യം ശ്രദ്ധിക്കപ്പെടുന്നത് നിങ്ങളുടെ മുഖവും പ്രത്യേകിച്ച് നിങ്ങളുടെ കണ്ണുകളുമാണ്. കണ്ണിന് ചുറ്റുമുള്ള ഡാർക്ക് സർക്കിൾസ് എല്ലാവരേയും അലട്ടുന്ന പ്രശ്നമാണ്. ക്ഷീണം, ഉറക്കക്കുറവ്, സമ്മർദ്ദം എന്നിവ മൂലമാണ് സാധാരണയായി കറുപ്പ് ഉണ്ടാകുന്നത്. ഡാർക്ക് സർക്കിൾ(Dark Circles) മാറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കെെകൾ പരിചയപ്പെടാം...
ബദാം ഓയിൽ...
ബദാം ഓയിലിൽ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ കണ്ണുകൾക്ക് താഴെയുള്ള ചർമ്മത്തിന്റെ നിറം മാറുന്നത് തടയുന്നു. രണ്ടോ മൂന്നോ തുള്ളി ബദാം ഓയിൽ ഒരു കോട്ടൺ തുണിയിൽ മുക്കി കറുപ്പ് നിറമുള്ള ഭാഗത്ത് പുരട്ടുക. കുറച്ച് നേരം ഓയിൽ മസാജ് ചെയ്ത ശേഷം മുഖം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ചെയ്യാം.
ബദാം ഓയിൽ ചർമ്മത്തിനും മുടിക്കും ഒരു മികച്ച മോയ്സ്ചറൈസറാണ്. സ്ട്രെച്ച് മാർക്കുകൾ തടയാനും സൂര്യാഘാതത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനും ഇത് സഹായിച്ചേക്കാം. ബദാം ഓയിലിൽ വിറ്റാമിൻ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ ആരോഗ്യകരമാക്കുന്നു. ഹൈപ്പർപിഗ്മെന്റേഷൻ, സമ്മർദ്ദം, വാർദ്ധക്യം അല്ലെങ്കിൽ ഉറക്കക്കുറവ് എന്നിവ കണ്ണുകൾക്ക് ചുറ്റുമുള്ള ചർമ്മത്തെ ഇരുണ്ടതാക്കുന്നു.
കറ്റാർവാഴ ജെൽ (aloe vera gel)...
ഒരു ടീസ്പൂൺ കറ്റാർവാഴ ജെൽ ഡാർക്ക് സർക്കിൾസ് ഉള്ള ഭാഗത്ത് പുരട്ടി മസാജ് ചെയ്യുക. രാത്രി മുഴുവനും മുഖത്ത് പുരട്ടി ഇട്ടേക്കുക. ശേഷം രാവിലെ കഴുകി കളയുക. കറ്റാർവാഴ സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ, ചർമ്മം ജലാംശം നിലനിർത്തുകയും കറുപ്പകറ്റാൻ സഹായിക്കുന്നു. ഇത് ചർമ്മത്തിലെ ഈർപ്പം മെച്ചപ്പെടുത്തുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു.
വെള്ളരിക്ക (Cucumber)...
വിറ്റാമിനുകളാൽ സമ്പുഷ്ടമാണ് വെള്ളരിക്ക. ഇത് കറുത്തപാടുകൾ ഇല്ലാതാക്കാൻ സഹായിക്കുന്നു. വെള്ളരിക്ക നീരും കറ്റാർവാഴ ജെലും മിക്സ് ചെയ്ത് പേസ്റ്റ് ഉണ്ടാക്കുക. ശേഷം ഈ പേസ്റ്റ് മുഖത്തിട്ട് നന്നായി മസാജ് ചെയ്യുക. മുഖത്തെ കറുപ്പകറ്റി തിളക്കമുള്ളതാക്കാൻ ഈ പാക്ക് സഹായിക്കും.
തക്കാളി (Tomato)...
ചർമ്മത്തിലെ റേഡിയേഷൻ കുറയ്ക്കാൻ തക്കാളി സഹായിക്കുന്നു. തക്കാളി പേസ്റ്റ്, നാരങ്ങ ജ്യൂസ് എന്നിവ കണ്ണിനു ചുറ്റും പുരട്ടുക. 20 മിനിറ്റിനു ശേഷം കഴുകുക. കറുപ്പ് നിറം മാറാൻ ഇത് സഹായിക്കും. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇത് ചെയ്യുക. തക്കാളിയിൽ ധാരാളം വൈറ്റമിൻ എ, സി എന്നിവ അടങ്ങിയിട്ടുള്ളതിനാൽ ചർമ്മത്തിൽ സൂര്യാഘാതം ഏൽക്കുന്നത് കുറയ്ക്കുന്നു.