സെറാമിക് പാത്രങ്ങളിലെ കറകള്‍ മിനിറ്റുകള്‍ക്കുള്ളില്‍ ഇല്ലാതാക്കാം, ഇതാ ചില ഉപായങ്ങള്‍, പുതിയതുപോലെ വെട്ടിത്തിളങ്ങും

crockery stains

 

സ്റ്റീല്‍ പാത്രങ്ങളേക്കാള്‍ കൂടുതല്‍ ഉപയോഗിക്കുന്നവയായി മാറിക്കഴിഞ്ഞു സെറാമിക് പാത്രങ്ങള്‍. വൃത്തിയാക്കാന്‍ എളുപ്പമായതും തിളക്കമുള്ളതും കാരണം ഭക്ഷണം കഴിക്കുന്നവര്‍ക്ക് കൂടുതല്‍ തൃപ്തി നല്‍കുന്നവയാണ് സെറാമിക് പാത്രങ്ങള്‍. എന്നാല്‍, പലരുടേയും പരാതികളിലൊന്നാണ് ഈ പാത്രങ്ങളിലെ കറകള്‍. കറപിടിച്ചാല്‍ പുതിയത് വാങ്ങുന്നതിന് പകരം അവയുടെ തിളക്കം തിരിച്ചുപിടിക്കാന്‍ ചില ഉപായങ്ങളുണ്ട്.

പാത്രങ്ങള്‍ സാധാരണയായി രണ്ട് മെറ്റീരിയലുകളില്‍ ലഭ്യമാണ്. പോര്‍സലൈന്‍, സെറാമിക്. കാണാന്‍ ഭംഗിയുള്ളതായി തോന്നുന്നതിനാല്‍ വെള്ളയിലോ മറ്റ് ഇളം നിറങ്ങളിലോ ഉള്ള പാത്രങ്ങള്‍ മിക്കവരും വാങ്ങുന്നു. പക്ഷേ അതിന് ദോഷങ്ങളുമുണ്ട്. ചില പാടുകള്‍ സാധാരണ ഡിഷ് വാഷിംഗ് സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കാന്‍ വളരെ ബുദ്ധിമുട്ടാണ്.

ബേക്കിംഗ് സോഡ പേസ്റ്റ്

ബേക്കിംഗ് സോഡ പേസ്റ്റ് ഉപയോഗിച്ച് കറകള്‍ ഇല്ലാതാക്കാം. ഒരു പാത്രത്തില്‍, 2 ടേബിള്‍സ്പൂണ്‍ ബേക്കിംഗ് സോഡ ചേര്‍ക്കുക. പേസ്റ്റ് ഉണ്ടാക്കാന്‍ അല്‍പം വെള്ളം ചേര്‍ക്കുക. ശേഷം ഒരു സ്‌ക്രബ് എടുത്ത് ഈ പേസ്റ്റില്‍ മുക്കി പാത്രത്തില്‍ നന്നായി തേച്ച് പിടിപ്പിക്കുക. കുറഞ്ഞത് 15-20 മിനിറ്റെങ്കിലും കഴിഞ്ഞശേഷം ഡിഷ് വാഷിംഗ് സോപ്പും ചെറുചൂടുവെള്ളവും ഉപയോഗിച്ച് കഴുകിയാല്‍ മതി.

ടൂത്ത് പേസ്റ്റ്

വൃത്തിയുള്ള ടൂത്ത് ബ്രഷില്‍ ഒരു കടലയുടെ വലിപ്പത്തിലുള്ള ടൂത്ത് പേസ്റ്റ് എടുക്കുക. ഇത് നനച്ച് പാത്രത്തിന്റെ പാടുകളില്‍ സ്‌ക്രബ് ചെയ്യുക. ഒരു മിനിറ്റുനേരം സ്‌ക്രബ്ബിംഗ് തുടരുക. 5 മിനിറ്റ് കഴിഞ്ഞശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. ടൂത്ത് പേസ്റ്റ് മികച്ച ഒരു ക്ലീനറാണ്.


ഉപ്പും വിനാഗിരിയും

ഉപ്പും വിനാഗിരിയും ഏതു തരത്തിലുള്ള കറകള്‍ക്കെതിരെയും ഫലപ്രദമായ ഏജന്റാണ്. ഒരു പാത്രത്തില്‍, 2 ടേബിള്‍സ്പൂണ്‍ ഉപ്പും 4 ടേബിള്‍സ്പൂണ്‍ വൈറ്റ് വിനാഗിരിയും ചേര്‍ക്കുക. ഒരു സ്‌ക്രബ് ഉപയോഗിച്ച്, ഈ പേസ്റ്റ് പാത്രങ്ങളില്‍ മുഴുവന്‍ പുരട്ടി നന്നായി സ്‌ക്രബ് ചെയ്യുക. പേസ്റ്റില്‍ പൊതിഞ്ഞ പാത്രങ്ങള്‍ 10 മിനിറ്റ് വിടുക. പിന്നീട്, കഴുകി വൃത്തിയാക്കിയ തുണി ഉപയോഗിച്ച് തുടയ്ക്കുക.

നാരങ്ങ നീര്

ഒരു പാത്രത്തില്‍ ഒരു നാരങ്ങയുടെ നീര് പിഴിഞ്ഞെടുക്കുക. മൃദുവായ വൃത്തിയുള്ള ടൂത്ത് ബ്രഷ് ഉപയോഗിച്ച് ഈ ജ്യൂസില്‍ മുക്കുക. പാത്രത്തിലെ മഞ്ഞ പാടുകള്‍ ചെറുനാരങ്ങാനീര് ഉപയോഗിച്ച് നന്നായി സ്‌ക്രബ് ചെയ്യുക. നന്നായി സ്‌ക്രബ് ചെയ്ത ശേഷം, ക്രോക്കറി 10 മിനിറ്റ് മാറ്റിവെക്കുക. പിന്നീട് ചെറുചൂടുള്ള വെള്ളത്തില്‍ കഴുകി കോട്ടണ്‍ തുണി ഉപയോഗിച്ച് തുടയ്ക്കുക.

ചൂടുവെള്ളം

ഒരു ബക്കറ്റില്‍ ചൂടുവെള്ളം നിറയ്ക്കുക, വെള്ളം തിളയ്ക്കുന്നില്ലെന്ന് ഉറപ്പാക്കുക, കാരണം അത് പാത്രങ്ങള്‍ പൊട്ടാനിടയാക്കും. പാത്രങ്ങള്‍ 15-20 മിനിറ്റ് ചൂടുവെള്ളത്തില്‍ മുക്കിവയ്ക്കുക. ഇത് കടുപ്പമേറിയ പാടുകള്‍ കളയാന്‍ സഹായിക്കുന്നു. പിന്നീട് സാധാരണ ഡിഷ് വാഷിംഗ് സോപ്പും വെള്ളവും ഉപയോഗിച്ച് പാത്രങ്ങള്‍ സ്‌ക്രബ് ചെയ്യുക.

 

Tags