നിങ്ങളുടെ കുട്ടി രാവിലെ ഭക്ഷണം കഴിക്കാതെയാണോ സ്കൂളിൽ പോകുന്നത്? എങ്കിൽ ...

childreneating
childreneating

പ്രഭാതഭക്ഷണത്തെ ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമായാണ് കരുതുന്നത്. ഒരു ദിവസത്തേക്ക് മുഴുവനും വേണ്ട ഊർജം ശരീരത്തിന് പ്രദാനം ചെയ്യുന്നത് പ്രഭാതഭക്ഷണമാണ്. പ്രഭാതഭക്ഷണം നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങളെക്കുറിച്ച് വിവിധ പഠനങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് കുട്ടികൾക്ക് പിന്നീട് ഉത്കണ്ഠയ്ക്ക് കാരണമാകുമെന്ന് പഠനം പറയുന്നു.

 പോഷകസമൃദ്ധമായ പ്രഭാതഭക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നേരത്തെയുള്ള ഗവേഷണങ്ങൾ സൂചിപ്പിച്ചിട്ടുണ്ടെങ്കിലും കുട്ടികൾ പ്രഭാതഭക്ഷണം കഴിക്കുന്നുണ്ടോ ഇല്ലയോ, അവർ എവിടെ, എന്ത് കഴിക്കുന്നു എന്നതിന്റെ റിപ്പോർട്ട് ചെയ്ത ഫലങ്ങൾ അന്വേഷിക്കുന്ന ആദ്യ പഠനമാണിത്. ഈ കണ്ടെത്തലുകൾ മാതാപിതാക്കൾക്കും അവരുടെ കുട്ടികൾക്കും ഉപയോഗപ്രദമായ പഠനമാണെന്നും ​ഗവേഷകർ പറയുന്നു. ഫ്രണ്ടിയേഴ്‌സ് ഇൻ ന്യൂട്രീഷൻ എന്ന ജേണലിൽ ഗവേഷണത്തിന്റെ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

' ആരോഗ്യകരമായ പ്രഭാതഭക്ഷണം കഴിക്കുന്ന യുവാക്കൾക്ക് ഉയർന്ന മാനസികാരോഗ്യം ഉണ്ടെന്ന് അടുത്തിടെ നടത്തിയ ഒരു പഠനം കണ്ടെത്തിയിരുന്നു. ഞങ്ങളുടെ ഫലങ്ങൾ സൂചിപ്പിക്കുന്നത് പ്രഭാതഭക്ഷണം കഴിക്കുന്നത് മാത്രമല്ല, ചെറുപ്പക്കാർ എവിടെയാണ് പ്രഭാതഭക്ഷണം കഴിക്കുന്നത്, അവർ എന്ത് കഴിക്കുന്നു എന്നതും പ്രധാനമാണ്...' -  ക്യൂൻകയിലെ കാസ്റ്റില്ല-ലാ മഞ്ച സർവകലാശാലയിലെ ​ഗവേഷകൻ ഡോ. ജോസ് ഫ്രാൻസിസ്കോ ലോപ്പസ്-ഗിൽ പറഞ്ഞു.

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് കുട്ടികളിലും കൗമാരക്കാരിലും മാനസിക-സാമൂഹിക പെരുമാറ്റ പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുപോലെ, ചില ഭക്ഷണങ്ങളുടെ/പാനീയങ്ങളുടെ ഉപഭോഗം കൂടിയതോ (ഉദാ, സംസ്കരിച്ച മാംസമോ) കുറഞ്ഞതോ ആയ (ഉദാ, പാലുൽപ്പന്നങ്ങൾ, ധാന്യങ്ങൾ) മാനസിക സാമൂഹിക പെരുമാറ്റ പ്രശ്‌നങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നതായി ​ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

ഈ പഠനത്തിൽ ​ഗവേഷകർ 2017 ലെ സ്പാനിഷ് നാഷണൽ ഹെൽത്ത് സർവേയിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്തു. ഈ സർവേയിൽ പ്രാതൽ ശീലങ്ങളെക്കുറിച്ചും കുട്ടികളുടെ മാനസികാരോഗ്യത്തെക്കുറിച്ചും ഉള്ള ചോദ്യാവലി ഉൾപ്പെടുത്തി. അതിൽ  മാനസികാവസ്ഥ, ഉത്കണ്ഠ തുടങ്ങിയ സവിശേഷതകൾ ഉൾപ്പെടുത്തിയിരുന്നു. കുട്ടികളുടെ രക്ഷിതാക്കളാണ് ചോദ്യാവലി പൂർത്തിയാക്കിയത്. കൂടാതെ നാല് വയസിനും 14 വയസിനും ഇടയിൽ പ്രായമുള്ള 3,772 സ്പാനിഷ് നിവാസികളെ ഉൾപ്പെടുത്തി. പ്രഭാതഭക്ഷണ ഒഴിവാക്കുന്നത് ആരോ​ഗ്യത്തിന് ദോഷകരമാണെന്ന് ​ഗവേഷക സംഘം കണ്ടെത്തി.

ആരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമായി പ്രഭാതഭക്ഷണം മാത്രമല്ല പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ ഞങ്ങളുടെ കണ്ടെത്തലുകൾ ശക്തിപ്പെടുത്തുന്നു. കൂടാതെ, പൂരിത കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ കുറയ്ക്കുന്നത് യുവാക്കളിലെ മാനസിക ആരോഗ്യ പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്നും ​പഠനത്തിൽ പറയുന്നു.

Tags