ഏപ്രിൽ 1 എങ്ങനെ വിഡ്ഢികളുടെ ദിനമായി ?

google news
april fool

ഇന്ന് ഏപ്രിൽ 1. ലോക വിഡ്ഢി ദിനം. പറ്റിക്കാനും പറ്റിക്കപ്പെടാനും ഒരു ദിവസം..ദുഃഖങ്ങൾ മറക്കാനും, മതിമറന്ന് ചിരിക്കാനുമുള്ള അവസരം കൂടിയാണ് ഓരോ ഏപ്രിൽ ഫൂളും. ലോകം മുഴുവനും വിഡ്ഢിദിനമായി ആഘോഷിക്കുന്ന ഈ ദിവസത്തിന് പിന്നിൽ പൊതുവെ അറിയപ്പെടുന്ന ഒരു ചരിത്രമുണ്ട്. എന്താണെന്ന് അറിയാമോ..?

യൂറോപ്യൻമാരാണ് ആദ്യമായി വിഡ്ഢിദിനം ആഘോഷിക്കാൻ തുടങ്ങിയതെന്നാണ് ചരിത്രം. ഈ ആചാരം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ചതും യൂറോപ്യൻമാർ തന്നെയാണ്. യഥാർഥത്തിൽ ഒരു കലണ്ടർ മാറ്റം വരുത്തിവച്ച വിനയാണ് വിഡ്ഢിദിനം എന്നാണ് ചരിത്രകാരൻമാർ പറയുന്നത്. ജൂലിയൻ കലണ്ടർ പ്രകാരം ഏപ്രിൽ ഒന്നാം തീയതിയായിരുന്നു ന്യൂയർ ആഘോഷിച്ചിരുന്നത്. ജൂലിയൻ കലണ്ടറിൽ നിന്ന് ഗ്രിഗോറിയൻ കലണ്ടറിലേക്ക് മാറിയപ്പോൾ ജനുവരി ഒന്ന് പുതുവത്സരമായി മാറി. 

1582ൽ ഫ്രാൻസിലായിരുന്നു ആ കലണ്ടർ മാറ്റം. അക്കാലത്ത് മാർപാപ്പ പോപ് ഗ്രിഗറി പതിമൂന്നാമൻ പഴയ കലണ്ടർ പരിഷ്കരിച്ച് ഗ്രിഗോറിയൻ കലണ്ടർ തുടങ്ങിയത്. വാർത്താ വിനിമയ ഉപാധികൾ വളരെ കുറവായ അന്നത്തെ പരിഷ്കാരങ്ങൾ പലരും അറിഞ്ഞില്ല. രാജപരിഷ്കാരങ്ങൾ ജനങ്ങളിലെത്താൻ ഒരുപാട് സമയമെടുത്തു. കലണ്ടർ മാറ്റമറിയാതെ പിന്നെയും ചിലർ ഏപ്രിൽ ഒന്നിന് തന്നെ പുതുവത്സരം ആഘോഷിച്ചു.

ഇവരെ ‘മണ്ടൻമാർ’ എന്നു വിളിക്കാൻ തുടങ്ങി. അതു മാത്രവുമല്ല, പുത്തൻ പരിഷ്കാരങ്ങൾ ഉൾക്കൊള്ളാൻ തയാറാവാത്തവരെയും കൂടി പരിഹസിക്കാൻ വേണ്ടിയാണ് ഏപ്രിൽ ഒന്നിന് വിഡ്ഢി ദിനം ആഘോഷിച്ചു തുടങ്ങിയത്. അതിന്റെ ചുവടുപിടിച്ച് എല്ലാ വർഷവും ഏപ്രിൽ ഒന്നിന് പലരെയും കളിയാക്കാൻ തുടങ്ങി. അങ്ങനെ ഏപ്രിൽ ഒന്ന് ‘വിഡ്ഢികളുടെ’ ദിനമായി മാറി.

അതേസമയം ഇതിന് മറ്റൊരു കഥകൂടിയുണ്ട്. ഗ്രീക്ക് ദേവതയായ സെറസിന്റെ മകളായ പ്രോസപിനായെ പ്ലൂട്ടോ തട്ടിക്കൊണ്ടു പോയ കഥയുമായി ബന്ധപ്പെട്ടാണ് മറ്റൊരു കഥ. പ്ലൂട്ടോ പാതാളത്തിലേക്ക് പ്രോസപിനായെ തട്ടിക്കൊണ്ടു പോയി. മകൾ രക്ഷപ്പെടാനായി സെറസിനെ വിളിച്ചു കൊണ്ടേയിരുന്നു. എന്നാൽ മകളുടെ ശബ്ദം കേട്ട് സെറസ് പലയിടങ്ങളിലേക്ക് ഓടി. സെറസ് മകളെ തേടി ഓടിയത് പിന്നീടൊരു തമാശയായി പരിണമിക്കപ്പെട്ടു. ഇതും ഏപ്രിൽ ഫൂളുമായി ബന്ധപ്പെടുത്തി പറയാറുണ്ട്. 

ഇംഗ്ലീഷ് സാഹിത്യകാരനായ ജെഫ്രി ചോസറിന്റെ ‘കാന്റർബെറി’ കഥയിൽ നിന്നാണ് ഏപ്രിൽ ഫൂൾ ദിനം തുടങ്ങിയതെന്നും പറയപ്പെടുന്നു. കഥയിൽ കടന്നുകൂടിയ മാർച്ച് 32 എന്ന പരാമർശമാണ് വിഡ്ഢിദിനത്തിലേക്ക് വഴിവെച്ചതെന്നും വിശ്വാസമുണ്ട്. പല രാജ്യങ്ങളിലും പല പേരുകളും വിശ്വാസങ്ങളും ഏപ്രിൽ ഫൂളിനുണ്ട്.

ഏപ്രില്‍ ഒന്നുമായി ബന്ധപ്പെട്ട് ചില സ്ഥലങ്ങളിൽ അന്ധവിശ്വാസങ്ങളും നിലവിലുണ്ട്‌. സുന്ദരിയായ ഒരു യുവതി ഒരു യുവാവിനെ വിഡ്‌ഢിയാക്കുന്നുവെങ്കില്‍ അവള്‍ അവനെ വിവാഹം ചെയ്യണം എന്നും കുറഞ്ഞപക്ഷം അവനുമായി നല്ല സൗഹൃദമെങ്കിലും തുടരണമെന്നുമാണ് ചിലർ വിശ്വസിക്കുന്നത്. ഏപ്രില്‍ ഒന്നിന്‌ വിവാഹം ചെയ്താൽ ഭര്‍ത്താവിനെ ഭാര്യ ഭരിക്കും എന്നതാണ് മറ്റൊരു വിശ്വാസം. 

Tags