കോണ്‍ഗ്രസ് അധ്യക്ഷ പദം: നിലപാടില്‍ മാറ്റമില്ലെന്ന് രാഹുല്‍ ഗാന്ധി
rahul gandhi


കോണ്‍ഗ്രസ് അധ്യക്ഷ പദത്തിലേക്കു മത്സരിക്കുന്ന കാര്യത്തില്‍ നിലപാടില്‍ മാറ്റമില്ലെന്ന് രാഹുല്‍ ഗാന്ധി. ഇതു സംബന്ധിച്ച ചോദ്യത്തിന്, തന്റെ മുന്‍ വാര്‍ത്താ സമ്മേളനങ്ങള്‍ പരിശോധിച്ചാല്‍ മതിയെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി അങ്കമാലിയിലാണ് രാഹുല്‍ മാധ്യമങ്ങളെ കണ്ടത്. കോണ്‍ഗ്രസ് അധ്യക്ഷപദവി ചരിത്രപരമാണെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടു. അതു കേവലം സംഘടനാ പദവിയല്ല. ഇന്ത്യയുടെ ആദര്‍ശത്തിന്റെ പ്രതിരൂപമാണത്. അധ്യക്ഷപദവിയില്‍ ആരായാലും അത് ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കണം. 

ഏതു കോണ്‍ഗ്രസുകാരനും കോണ്‍ഗ്രസ് അധ്യക്ഷപദത്തിലേക്കു മത്സരിക്കാം. മത്സരം നടക്കണമെന്നു തന്നെയാണ് തന്റെ നിലപാടെന്ന് രാഹുല്‍ പറഞ്ഞു. മത്സരിക്കുമോയെന്ന ചോദ്യത്തിന് കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ പല തവണ മറുപടി പറഞ്ഞതാണ്. അതു പരിശോധിച്ചാല്‍ തനിക്കു പറയാനുള്ളതു വ്യക്തമാവുമെന്ന് രാഹുല്‍ പറഞ്ഞു.

കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെക്കുറിച്ചുള്ള ചോദ്യത്തിന്, സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കാവും ഇതില്‍ കൂടുതല്‍ നന്നായി മറുപടി പറയാനാവുകയെന്ന് രാഹുല്‍ പ്രതികരിച്ചു. ഏതു തരത്തിലുള്ള വര്‍ഗീയതയും എതിര്‍ക്കപ്പെടേണ്ടതാണെന്ന്, പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളിലെ റെയ്ഡിനോടു പ്രതികരിച്ചുകൊണ്ട് രാഹുല്‍ പറഞ്ഞു.

Share this story