ദൃക്സാക്ഷികളില്ലാത്ത കൊലപാതകം തെളിയിച്ചത് ശാസ്ത്രീയ തെളിവുകളാൽ,വിഷ്ണു പ്രീയ വധക്കേസിൻ്റെ വിധിക്ക് കാതോർത്ത് കേരളം

google news
Witnessless murder proved by scientific evidence Kerala awaits verdict in Vishnu Priya murder case

തലശേരി : പാനൂർ വള്ള്യായിയിൽ വിഷ്ണു പ്രീയയെന്ന 23 വയസുകാരിയെ വീട്ടിനകത്ത് കയറി കഴുത്തറത്തു കൊന്ന പ്രതി ശ്യാംജിത്ത് കുറ്റകൃത്യം നടത്തിയത് പ്രൊഫഷനൽ കൊലയാളിയുടെ വൈദഗ്ദ്ധ്യത്തോടെയാണെന്ന് പ്രൊസിക്യൂഷൻ വാദം. ഇതിനായി പ്രതി മുൻകൂട്ടി ആസൂത്രണം ചെയ്തുവെന്ന് ദ്യക്സാക്ഷികളാരുമില്ലെങ്കിലും ശാസ്ത്രീയമായി തെളിയിക്കാൻ പ്രൊസിക്യൂഷനു കഴിഞ്ഞു.

മാസങ്ങളായി നടക്കുന്ന വിചാരണയ്ക്കും സാക്ഷിവിസ്താരത്തിനും ശേഷമാണ് പ്രതിയെ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. അഞ്ചാം പാതിര സിനിമ കൊലപാതകത്തിന് പ്രേരണ നൽകിയെന്ന് പ്രതി പൊലിസ് അന്വേഷണത്തിനിടെ വെളിപ്പെടുത്തിയിരുന്നു യൂടുബിലൂടെയാണ് ഒരാളെ കൊല്ലാൻ ആയുധങ്ങൾ എങ്ങനെ നിർമ്മിക്കേണ്ടതെന്ന് പഠിച്ചെടുത്തത്. യുട്യൂബിലുള്ള കൊറിയൻ ക്രൈം ത്രില്ലറുകളും ഇതിനു സഹായിച്ചു.

panur vishnupriya murder

ആ കൊവിഡ് കാലത്ത് സഹോദരിയുടെ സഹപാഠിയുമായി പ്രണയത്തിലാകുമ്പോൾ വിഷ്ണുപ്രിയ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാവില്ല ആ ബന്ധം തന്റെ ജീവനെടുക്കാനുള്ളതാണെന്ന്. പ്രണയം നിരസിച്ചതിന്റെ പേരിൽ കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ സഹോദരിയുടെ സഹപാഠി ആയിരുന്നു പ്രതി ശ്യാംജിത്ത്. ഓൺലൈൻ ക്ലാസുമായി ബന്ധപ്പെട്ട് സഹോദരിയുടെ ഫോണിലേക്ക് വന്ന വിളിയിലൂടെയാണ് ഇരുവരും അടുത്തത്. സൗഹൃദം പ്രണയത്തിലെത്തി അധികം വൈകാതെ ബന്ധത്തിൽ അസ്വാരസ്യങ്ങളായി. ശ്യാംജിത്തിന്റെ സംശയവും സ്വാർഥതയും വില്ലനായതോടെ ബന്ധം ഉപേക്ഷിക്കാൻ വിഷ്ണുപ്രിയ തീരുമാനിച്ചു. പലതവണ ഇക്കാര്യം പറഞ്ഞെങ്കിലും ബന്ധം അവസാനിപ്പിക്കാൻ ശ്യാംജിത്ത് തയ്യാറായില്ല.

panur vishnupriya murder

ഇതിന് പിന്നാലെയാണ് വയനാട്ടിലേക്കുള്ള വിനോദയാത്രക്കിടെ വിഷ്ണുപ്രിയ ഫോട്ടോ​ഗ്രാഫറായ പൊന്നാനി സ്വദേശിയെ പരിചയപ്പെടുന്നത്. ഇവർ പിന്നീട് പ്രണയത്തിലായി. ഇതറിഞ്ഞ ശ്യാംജിത്ത് ഭീഷണിയുമായി രം​ഗത്തെത്തി. വിഷ്ണുപ്രിയയെയും ആൺസുഹൃത്തിനെയും നേരിൽക്കണ്ട് ബന്ധം പിരിയാൻ‌ സമ്മർദ്ദം ചെലുത്തി. എന്നാൽ, പ്രണയം അവസാനിപ്പിക്കില്ലെന്ന് ഇരുവരും നിലപാടെടുത്തതോടെ ശ്യാംജിത്തിന്റെ പക വർധിച്ചു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് കുറപത്രത്തിൽ പറയുന്നത്.

2022 ഒക്ടോബർ രണ്ടിന്. വള്ള്യായിയിലെ  വീട്ടിൽ ആൺസുഹൃത്തിനെ വീഡിയോകോൾ ചെയ്തിരിക്കുകയായിരുന്നു വിഷ്ണുപ്രിയ. അപ്പോഴാണ് ശ്യാംജിത്ത് അവിടേക്ക് കയറിച്ചെന്നത്. ശ്യാം ചേട്ടൻ വന്നിട്ടുണ്ട്, എന്തെങ്കിലും ചെയ്യും എന്ന് വിഷ്ണുപ്രിയ ആൺസുഹൃത്തിനോട് പറഞ്ഞു. 17 സെക്കന്റ് ആൺസുഹൃത്ത് ശ്യാംജിത്തിനെ കോളിലൂടെ കണ്ടിരുന്നു. ഇതാണ് കേസിലും നിർണായകമായത്. കയ്യിൽ കരുതിയ ചുറ്റിക കൊണ്ട് ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ തലയ്ക്കടിച്ചു. കൈകാലുകളിലെയും കഴുത്തിലെയും ഞരമ്പ് മുറിച്ചു. നെഞ്ചിലും മറ്റും കുത്തി പരുക്കേൽപ്പിച്ചു. 26 മുറിവുകളാണ് വിഷ്ണുപ്രിയയുടെ ശരീരത്തിലുണ്ടായിരുന്നത്. ആൺ‌സുഹൃത്ത് ഇതിനോടകം തന്നെ ശ്യാം വീട്ടിലെത്തിയ കാര്യം പരിചയത്തിലുള്ള പൊലീസുകാരനെ അറിയിച്ചിരുന്നു. വിവരമറിഞ്ഞ് ആളുകളെത്തുമ്പോഴേക്കും വിഷ്ണുപ്രിയ കൊല്ലപ്പെട്ടിരുന്നു.

vishnupriya panur

പ്രതിയുടെ ഫോൺ‌നമ്പർ ഉപയോ​ഗിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി കൂത്തുപറമ്പിനടത്ത് മാനന്തേരി എന്ന പ്രദേശത്താണ് ഉള്ളതെന്ന് പൊലീസിനു വ്യക്തമായി.ഒരു പൊലീസ് എത്തുമ്പോൾ അച്ഛന്റെ ഹോട്ടലിൽ സഹായിയായി നിൽക്കുകയായിരുന്നു പ്രതി. യാതൊരു ഭാവവ്യത്യാസങ്ങളും പ്രതിക്കുണ്ടായിരുന്നില്ല. ആദ്യം കുറ്റം നിഷേധിച്ച പ്രതി പിന്നീട് താൻ കൃത്യം ചെയ്തെന്ന് സമ്മതിക്കുകയായിരുന്നു. കുറ്റകൃത്യത്തിനുപയോഗിച്ച ആുധങ്ങള്‍ പിറ്റേന്ന് കുളത്തിൽ നിന്ന് കണ്ടെത്തി. കൊല നടത്തിയ ശേഷം വീട്ടിലെത്തിയ പ്രതി കുളിച്ചു വൃത്തിയാവുകയും കൊലപാതകത്തിനുപയോഗിച്ച സാധനങ്ങൾ തൊട്ടടുത്ത കുളത്തിൽ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. കണ്ടെടുത്ത വസ്തുക്കളില്‍ മനുഷ്യരക്തത്തിന്റെ അവശിഷ്ടമുണ്ടായിരുന്നു. പ്രതി കടയിൽ നിന്ന് ചുറ്റിക വാങ്ങുന്നതിന്റെയും പാനൂർ ടൗണിലെത്തിയതിന്റെയും പെൺകുട്ടിയുടെ വീട്ടിലെത്തിയതിന്റെയും സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു.

പെൺകുട്ടിയുടെ വീട്ടിൽ യുവാവ് വന്നു പോയത് മൂന്നു പേർ കണ്ടിരുന്നു. വീഡിയോ കോളിൽ ആൺസുഹൃത്തിന് ലഭിച്ച വിവരങ്ങളും നിർണായകമായി. ദൃക്സാക്ഷിയില്ലാത്ത കേസാണ് പൊലീസ് തെളിയിച്ചത്. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും ഫോൺകോൾ റെക്കോർഡുകളും ഉപയോഗിച്ച് 34 ദിവസത്തിനകം പാനൂർ സിഐ എം പി ആസാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോടതിയിൽകുറ്റപത്രം സമർപ്പിച്ചിരുന്നു.

Vishnupriya murder case

Tags