ജനവിധിയിലെ തിരിച്ചടി ഇ.പിയെ പ്രതിരോധത്തിലാക്കുമോ? കൺവീനർ സ്ഥാനം ഒഴിഞ്ഞു മുഖം രക്ഷിക്കാൻ അണിയറ നീക്കം

ep

കണ്ണൂര്‍: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പു ജനവിധി പ്രതികൂലമായാൽ എൽ.ഡി.എഫ് കൺവിനറും കേന്ദ്ര കമ്മിറ്റിയംഗവുമായ ഇപി ജയരാജൻ ത്രിശങ്കുവിലാകും.  പാർട്ടിക്കുള്ളിൽ തൻ്റെ രാജിയ്ക്കായി മുറവിളി ഉയരും മുൻപെ എൽഡിഎഫ് കൺവീനർ സ്ഥാനം ഇപി ജയരാജൻ രാജിവെച്ച് ഒഴിഞ്ഞേക്കും. എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചതുപോലെ സംസ്ഥാനത്ത് എൽ.ഡിഎഫ് ഒന്നോ രണ്ടോ സീറ്റില്‍ ഒതുങ്ങിയാല്‍, ഇടതുമുന്നണി കണ്‍വീനര്‍' സ്ഥാനത്ത് തുടരേണ്ടെന്നാണ് ഇ.പിയുടെ തീരുമാനമെന്നാണ് പുറത്തു വരുന്ന വിവരം

2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് രണ്ടു സീറ്റിലൊതുങ്ങിയതിനു പിന്നാലെ ധാര്‍മിക ഉത്തരവാദിത്തമേറ്റെടുത്ത് മുഖ്യമന്ത്രി എ.കെ ആന്റണി രാജിവച്ചതിനു. സമാനമല്ലെങ്കിലും തന്റെ രാജിവഴി സി.പി.എം നേതൃത്വത്തെ സമ്മര്‍ദത്തിലാക്കാമെന്നാണ് ഇ.പിയുടെ കണക്കുകൂട്ടല്‍. ധാര്‍മികതയുടെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും എന്തുകൊണ്ട് സ്ഥാനമൊഴിയുന്നില്ല എന്ന ചോദ്യം അണികളിൽ ഉയര്‍ത്താനെങ്കിലും തന്റെ രാജി വഴിതുറക്കുമെന്നും ഇ.പി പ്രതീക്ഷിക്കുന്നു. 

കുറച്ചുകാലമായി പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുകയാണ് ഇ.പി ജയരാജന്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെപ്പില്‍ സീറ്റ് നിഷേധിച്ചതും കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തോടെ ഒഴിവുവന്ന സംസ്ഥാന സെക്രട്ടറി പദവിയില്‍, തന്നെ മറികടന്ന് എം.വി ഗോവിന്ദനെ അവരോധിച്ചതും ഇ.പിയെ ചൊടിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ്, രാഷ്ട്രീയം  ' സ്വസ്ഥാമാകാന്‍ ആഗ്രഹിക്കുന്നുവെന്നും മാസങ്ങള്‍ക്കുമുമ്പ് ചാനല്‍ അഭിമുഖത്തില്‍ ഇ.പി തുറന്നുപറഞ്ഞത്. ബി.ജെ.പി നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായുള്ള കൂടിക്കാഴ്ച തെരഞ്ഞെടുപ്പുനാളില്‍ ' വാര്‍ത്തയായതും വൈദേകം റിസോര്‍ട്ടുമായി ബന്ധപ്പെട്ട ആരോപണങ്ങളും തൃശൂര്‍ ഉള്‍പ്പെടെ പലയിടത്തും ബി.ജെ.പിയുമായാണ് എല്‍.ഡി.എഫിന്റെ ' മത്സരമെന്ന പ്രസ്താവനയും ഉള്‍പ്പെടെ ഇ.പി പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയതിന് ഉദാഹരണങ്ങളുണ്ട്. '

ep jayarajan

ആഗ്രഹിച്ച പദവികളൊന്നും കിട്ടിയില്ലെന്നു മാത്രമല്ല എല്‍.ഡി.എഫ് കണ്‍വീനര്‍ പദവി വഴി തന്നെ ഒതുക്കാനാണ് ശ്രമമെന്ന അതൃപ്തിയും തുടക്കത്തിലേ ഇ.പി അടുപ്പക്കാരോട് പങ്കുവച്ചിരുന്നു. അടുത്തവര്‍ഷത്തെ തദ്ദേശ തെരഞ്ഞെടുപ്പിനുമുമ്പ്, കണ്‍വീനര്‍ പദവിയെന്ന മുള്‍ക്കിരീടം വിട്ടൊഴിയാന്‍ പറ്റിയ സമയമാണിതെന്നും ' ഇ.പി കണക്കുകൂട്ടുന്നു.

കണ്‍വീനര്‍ എന്നനിലയില്‍ ഇ.പിയുടെ പ്രവര്‍ത്തനങ്ങളില്‍ ഘടകക്ഷികളിലും അതൃപ്തിയുണ്ട്. മുന്നണിയോഗങ്ങള്‍  വിളിക്കാതിരിക്കുകയും തെരഞ്ഞെടുപ്പുകാലത്തുപോലും മണ്ഡലങ്ങളില്‍ പ്രചാരണത്തിനിറങ്ങാത്തതും പലതവണ ചര്‍ച്ചയായിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ മൂന്നിലൊന്നു മണ്ഡലങ്ങളില്‍ പോലും ഇ.പി ജയരാജന്‍ പ്രചാരണത്തിനെത്തിയില്ല. 

സംഘ്പരിവാര്‍ മനോഭാവം പുലര്‍ത്തുന്നവരുമായാണ് ഇ.പിയുടെ മകന്റെ ചങ്ങാത്തവും ബിസിനസ് പങ്കാളിത്തവുമെന്ന ആരോപണവും പാര്‍ട്ടിയിൽ ശക്തമാണ്. ഇടയ്ക്കിടെയുള്ള ഇ.പിയുടെ പരിഭവങ്ങള്‍ മുമ്പൊക്കെ മുഖ്യമന്ത്രിയായിരുന്നു പറഞ്ഞുതീർക്കാറുണ്ടായിരുന്നത്. 

ep

എന്നാല്‍ ജാവ്‌ദേക്കറുമായുള്ള കൂടിക്കാഴ്ച വിവാദമായ തെരഞ്ഞെടുപ്പു നാളില്‍ ഇ.പിക്കെതിരേ പൊട്ടിത്തെറിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇ.പിയുടെ ഭാഗത്ത് ജാഗ്രതക്കുറവ് ആദ്യമായെല്ലെന്നും മുമ്പു പലതവണ ഇത്തരം സൂക്ഷ്മതക്കുറവുണ്ടായെന്നുമായിരുന്നു അന്ന് പിണറായിയുടെ പരസ്യപ്രതികരണം. മുഖ്യമന്ത്രി കൂടി തള്ളിപ്പറഞ്ഞതോടെ ഇനി മുന്നണിയിലും പാര്‍ട്ടിയിലും തന്റെ നില പരുങ്ങലിലാണെന്ന ബോധ്യം ഇ.പിക്കുണ്ട്. അതുകൊണ്ടുതന്നെ  കണ്‍വീനര്‍ പദവി ഒഴിഞ്ഞു മുഖം രക്ഷിക്കാനാണ് ഇപിയുടെ നീക്കം.

Tags