വയനാട് ദുരന്തം, അമിത് ഷായുടെ ഗുണ്ട് ഏശിയില്ല, കേരളത്തെ വിമര്‍ശിക്കാന്‍ കേന്ദ്രം ശാസ്ത്രജ്ഞരെ സമീപിച്ചു? കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ്


കൊച്ചി: വയനാട്ടിലുണ്ടായ ഞെട്ടിക്കുന്ന ഉരുള്‍പൊട്ടലില്‍ കേരളത്തെ വിമര്‍ശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശാസ്ത്രജ്ഞരേയും ഗവേഷകരേയും സമീപിച്ചതായി മാധ്യമസ്ഥാപനമായ ന്യൂസ് മിനിറ്റിന്റെ റിപ്പോര്‍ട്ട്. ദുരന്തമുണ്ടായതിന്റെ പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിനെതിരെ പാര്‍ലമെന്റില്‍ നടത്തിയ പരാമര്‍ശം മണിക്കൂറുകള്‍ക്കകം മുഖ്യമന്ത്രി പിണറായി വിജയന്‍ തുറന്നുകാട്ടിയിരുന്നു. ദുരന്തത്തില്‍ കേരളത്തിന് സഹായം നല്‍കാതിരിക്കാന്‍ മനുഷ്യനിര്‍മിതമാണ് ഉരുള്‍പൊട്ടലെന്ന് വരുത്തിത്തീര്‍ക്കുകയാണ് കേന്ദ്രത്തിന്റെ ശ്രമം. വരാനിരിക്കുന്ന സാഹിത്യ ഉരുള്‍പൊട്ടലിന്റെ ആഘാതം വലുതായിരിക്കുമെന്നും കരുതിയിരിക്കണമെന്നുമാണ് പ്രമുഖ മാധ്യമപ്രവര്‍ത്തകനായ കെജെ ജേക്കബ് പറയുന്നത്.
കെജെ ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
അന്തംവിട്ടു പെയ്യുന്ന മഴയ്ക്കിടയിലും കേരളം കത്തിക്കാന്‍ മാത്രം സ്ഫോടക ശേഷിയുള്ള ഉഗ്രന്‍ ബോംബായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ജി ഷാ കഴിഞ്ഞയാഴ്ച പാര്‍ലമെന്റില്‍ പൊട്ടിച്ചത്. ഒരു ഗ്രാമം ഏകദേശം ഇല്ലാതായിപ്പോവുകയും ഏകദേശം ഇരുനൂറോളം പേരുടെ മരണം ഉറപ്പാവുകയും ചെയ്ത സമയത്താണ് അതിനു കാരണമായ ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രം ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു, സംസ്ഥാനം എന്ത് ചെയ്തു എന്ന് ആരാധ്യനായ ആഭ്യന്തരമന്ത്രി പാര്‍ലമെന്റില്‍ ചോദിച്ചത്.
സംസ്ഥാനം ഉത്തരവാദിത്തം കാണിച്ചില്ല എന്ന കുറ്റപ്പെടുത്തലായിരുന്നു അത്.
ദുരന്തത്തില്‍ വെറുങ്ങലിച്ചു നില്‍ക്കുന്ന ഒരു ചെറിയ സംസ്ഥാനത്തോട് ഇപ്പോള്‍ എന്തിനിത്ര പക, ഇത്തിരി കഴിഞ്ഞുകാണിച്ചുകൂടെ എന്ന് ചോദിയ്ക്കാന്‍ പോലും ആരുമുണ്ടായായിരുന്നില്ല.
സാരമില്ല. പക്ഷെ കേരളത്തിന് മറുപടിയുണ്ടായിരുന്നു.
കേരളത്തിന് മുന്നറിയിപ്പ് നല്കാന്‍ ബാധ്യതപ്പെട്ട മൂന്ന് ഏജന്‍സികളും അതുമായി ബന്ധപ്പെട്ട് അതിനാവശ്യമായ അപകട മുന്നറിയിപ്പു നല്‍കിയില്ല എന്ന് പറയാന്‍ കേരള മുഖ്യമന്ത്രിയ്ക്ക് ഒരു ഡോക്യ്മെന്റും കൃത്രിമമായി ഉണ്ടാക്കേണ്ട ആവശ്യമില്ലായിരുന്നു. മഴ മുന്നറിയിപ്പ് ഓറഞ്ച് നിറത്തിലായിരുന്നെന്നും ഒരു പുഴയിലും വെള്ളപ്പൊക്ക മുന്നറിയിപ്പ് ഉണ്ടായിരുന്നില്ല എന്നും ചെറിയ തോതിലുള്ള മണ്ണിടിച്ചിലിനു സാധ്യതയാണ് പറഞ്ഞിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചുവന്ന നിറത്തോടു കേന്ദ്രത്തിനു പ്രത്യേക അലര്ജിയുള്ളതുകൊണ്ടല്ല ആ നിറത്തില്‍ മുന്നറിയിപ്പ് നല്‍കാതിരുന്നത്; ഓറഞ്ചു വരെ മനസിലാക്കാനുള്ള യന്ത്ര സാമഗ്രിയെ കേന്ദ്രത്തിന്റെ കൈയില്‍ ഉള്ളൂ.; അതാണ് അതിന്റെ സത്യം. കൊടുങ്കാറ്റും ചുഴലിക്കാറ്റും പ്രവചിക്കുന്ന കൃത്യതയോടെ അതിതീവ്ര മഴയും അതിന്റെ പ്രത്യാഘാതവും പ്രവചിക്കാനുള്ള മോഡലുകള്‍ ലഭ്യമല്ല എന്ന തുണിയുടുക്കാത്ത സത്യം പറയാനുള്ള മടികൊണ്ടാണ് ചുവന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു എന്ന മട്ടില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പ്രസ്താവിക്കുന്നത്.
നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ ശാസ്ത്രം നേടിയ അഭൂതപൂര്‍വ്വമായ നേട്ടങ്ങളുടെ കഥയൊക്കെ ആളുകളുടെ അണ്ണാക്കിലേക്കു തള്ളുന്ന പാര്‍ട്ടികളോട് ഇതാണ് ഗ്രൗണ്ടില്‍ അവസ്ഥ എന്ന് ബോധ്യപ്പെടുത്തുകയാണ് കേരള മ്യുഖ്യമന്ത്രി ചെയ്തത്.
ആരെയും കുറ്റം പറയാനല്ല, എങ്കിലും ഒരപകടം ഉണ്ടാകുമ്പോള്‍ അതാരുടെയെങ്കിലും ചുമലില്‍ കെട്ടിവച്ചു രക്ഷപ്പെടുന്ന രീതി ശരിയല്ല എന്ന് പറഞ്ഞു മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തോടെ മണിക്കൂറുകള്‍ക്കുള്ളില്‍ ആ ബോംബ് നനഞ്ഞു കുതിര്‍ന്നു.
***
അത് നന്നായിട്ടു കൊണ്ടു എന്നുവേണം കണക്കാക്കാന്‍. കേന്ദ്രം പണി നിര്‍ത്തിയിട്ടില്ല എന്നും.
ന്യൂസ് മിനിറ്റിന്റെ വരിക്കാര്‍ക്കുവേണ്ടിയുള്ള ന്യൂസ്ലേറ്റര്‍ പവര്‍ ട്രിപ്പില്‍ (Powertrip) പറയുന്നത് ശരിയാണെങ്കില്‍ അടുത്ത ലെവല്‍ ഗുണ്ടുകള്‍ തയ്യാറായിക്കൊണ്ടിരിക്കുന്നുവെന്നാണ്.
വാര്‍ത്ത ഇത്രേയുള്ളൂ: കേരളത്തില്‍ ക്വറികള്‍ക്കുള്ള ലൈസന്‍സ് കണക്കിലധികം കൊടുത്തതുകൊണ്ടാണ് ഈ ദുരന്തമുണ്ടായത് എന്ന മട്ടില്‍ ലേഖനങ്ങളെഴുതാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ശാസ്ത്രജ്ഞന്മാരെയും ഗവേഷകരയും സമീപിച്ചുകൊണ്ടിരിക്കുന്നു; ഇതുമായി ബന്ധപ്പെട്ട രേഖകളുടെ ഡോസിയറുമായി കേന്ദ്ര പ്രസ് ഇന്‍ഫോര്‍മേഷന്‍ ബ്യുറോ മൂന്നുപേരെയെങ്കിലും സമീപിച്ചു എന്നും ന്യൂസ് മിനിറ്റ് പറയുന്നു.
ആഗോള താപനമോ കടലിനു ചൂടുകൂടിയതോ അല്ല, അതിതീവ്ര മഴ അളക്കാനുള്ള സാങ്കേതിക വിദ്യ നമ്മുടെ കൈയില്‍ ഇല്ല എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഇനി വിസ്മൃതമാകും. നൂറ്റാണ്ടിനു മുന്‍പ് ഇതിലും വലിയ പ്രളയം വന്നതും, പാറക്കോറികള്‍ വ്യാപകമാകുന്നതിനും മുന്‍പ് ഉരുള്‍പൊട്ടിയതും, അതും ഉള്‍വനത്തില്‍ പൊട്ടിയതുമൊക്കെ നമ്മള്‍ മറക്കും. എങ്ങിനെ സംസ്ഥാന സര്‍ക്കാരിന്റെ ക്വാറി നയം സംസ്ഥാനത്തെ അപകടപ്പെടുത്തുന്നു എന്ന സാഹിത്യത്തിന്റെ ഉരുള്‍പൊട്ടല്‍ ഉടനെയുണ്ടാകും.
***
കേരളം ചെയ്യുന്നതെല്ലാം നല്ലതുമാത്രം എന്ന വാദമൊന്നും എനിക്കില്ല. പക്ഷെ മറ്റേതൊരു സംഥാനത്തേക്കാളും ഭൗതിക പുരോഗതി പ്രാപിച്ച ഒരു സംസ്ഥാനം ആ പുരോഗതി കൂടുതല്‍ ആളുകളിലേക്കെത്തിച്ചതിന്റെ പ്രത്യാഘാതം എന്നേ ഞാന്‍ കണക്കാക്കുന്നുള്ളൂ.
നമ്മള്‍ നയങ്ങള്‍ പുനരവലോകനം ചെയ്യേണ്ടിവരും. ആകെ 38000 ചതുരശ്ര കിലോമീറ്റര്‍ ഭൂമി; അതില്‍ മൂന്നിലൊന്നു സംരക്ഷിതവനം. പിന്നെ കായലും പുഴയും പാടവും കുന്നും മലയും കഴിഞ്ഞാല്‍ ജീവിക്കാനുള്ള സ്ഥലം ആകെയിത്തിരി. അതില്‍ത്തന്നെ പരിസ്ഥിതി ലോലമാണ് മിക്കവാറും സ്ഥലങ്ങള്‍.
ഒന്നുകൂടി ഇരുന്നാലോചിക്കേണ്ടിവരും.
നമ്മള്‍ മണ്ടത്തരങ്ങള്‍ കാണിച്ചിട്ടുണ്ടാകും; നയങ്ങള്‍ അഴിമതിക്കാര്‍ സ്വാധീനിച്ചിട്ടുണ്ടാകും. പക്ഷെ കള്ളന്‍ മാധവന്‍ പറഞ്ഞപോലെ ഇവിടെ പൊട്ടിച്ച പാറകള്‍ ഏതെങ്കിലും കള്ളക്കടത്തുകാര്‍ രായ്ക്കുരാമാനം ആരുമറിയാതെ കപ്പല്‍കയറ്റി കാശുണ്ടാക്കുകയല്ല ചെയ്തത് (അതെന്താണെന്നല്ലേ? അറിയാത്തവര്‍ക്കു ചര്‍ച്ച മൂക്കുമ്പോള്‍ അറിയാവുന്നതേയുള്ളൂ); അതിവിടെത്തന്നെയുണ്ട്; റോഡായും വീടായും കടയായും അംഗന്‍വാടിയും സ്‌കൂളും കോളേജുമായും മനുഷ്യരുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റം വരുത്തിയിട്ടുണ്ട്.
ഇനി മാറ്റം വരുത്തണോ? നമ്മള്‍ വട്ടത്തിലിരുന്ന് ആലോചിക്കും. അതിനു ഗോസായിയുടെ ടിപ്പണി വേണ്ട. ശാസ്ത്രജ്ഞന്മാരെ സ്വാധീനിച്ചെഴുതുന്ന ഏകപക്ഷീയ ലേഖനങ്ങള്‍ വേണ്ട. മനുഷ്യരായി ജീവിക്കാന്‍ ഈ നാട് നടത്തിയ പോരാട്ടങ്ങളെയും അതില്‍ നാം കൈവരിച്ച നേട്ടങ്ങളെയും അവഗണിച്ചുള്ള ഇണ്ടാസുകള്‍ വേണ്ട എന്നേയുള്ളൂ.
അപ്പോള്‍ പറയുന്നത് കേരള സര്‍ക്കാരിനോടാണ്: അമിത് ജി ഷായും ഭൂപേന്ദ്ര ജി യാദവും പൊട്ടിച്ച വെടികള്‍ വെറുതെയല്ല, യാദൃശ്ചികവുമല്ല. കേരള മോഡല്‍ എന്ന് നമ്മള്‍ ആഘോഷിക്കുന്ന അവസാനത്തെ മനുഷ്യനെയും ഉള്‍ക്കൊള്ളാനുള്ള ശ്രമങ്ങള്‍ക്കെതിരെയുള്ള രാഷ്ട്രീയ യുദ്ധമാണ്
അമിത്ജി ഷായുടെ ബോംബ് മണിക്കൂറുകള്‍കൊണ്ട് നനച്ചില്ലാതാക്കിയതുപോലെ എളുപ്പമായിരിക്കില്ല അടുത്ത കാര്‍പെറ്റ് ബോംബിനെ നിര്‍വീര്യമാക്കുക എന്നത്. ഇനിവരുന്ന ശാസ്ത്ര സാഹിത്യത്തിന്റെ ഉരുള്‍പൊട്ടലിന്റെ ആഘാതം വലുതായിരിക്കും.
ഇപ്പോള്‍ കാണിച്ച ഓറഞ്ചു മുന്നറിയിപ്പ് ചുവന്നതായി കണക്കാക്കി തയ്യാറെടുക്കേണ്ടിവരും.
സര്‍ക്കാര്‍ മാത്രമല്ല, എല്ലാവരും.