വയനാട്ടിലെ ദുരന്ത ബാധിതരെ പറഞ്ഞുപറ്റിച്ചു, മോദി എത്തിയത് ഫോട്ടോ ഷൂട്ടിനോ? ഗുജറാത്തിന് 600 കോടി രൂപയും മണിപ്പൂരിന് 50 കോടി രൂപയും, കേരളത്തിന് വീണ്ടും വട്ടപ്പൂജ്യം
ഗുജറാത്ത് (600 കോടി രൂപ ), മണിപ്പൂര്‍ (50 കോടി രൂപ), ത്രിപുര(25 കോടി രൂപ) വീതമാണ് മുന്‍കൂറായി നല്‍കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കിയത്
തിരുവനന്തപുരം: ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ വയനാട് ഉരുള്‍പൊട്ടല്‍ കഴിഞ്ഞ് രണ്ടുമാസം പിന്നിട്ടിട്ടും ഒരു രൂപയുടെ പോലും സഹായം അനുവദിക്കാതെ മോദി സര്‍ക്കാര്‍ കേരളത്തെ തഴയുന്നു. ഇതിനുശേഷം രാജ്യത്തുണ്ടായ പ്രകൃതി ദുരന്തങ്ങളിലെല്ലാം അതത് സംസ്ഥാനങ്ങള്‍ക്ക് വാരിക്കോരി കൊടുത്തപ്പോഴും കേരളത്തെ തഴയുന്നത് തുടരുകയാണ്.
ദേശീയ ദുരന്തപ്രതികരണ നിധി (എന്‍ഡിആര്‍എഫ്)യില്‍ നിന്ന് വിഹിതം അനുവദിച്ച് തിങ്കളാഴ്ച ഇറക്കിയ ധനസഹായ പട്ടികയിലും കേരളം ഉള്‍പ്പെട്ടില്ല. മൂന്ന് സംസ്ഥാനങ്ങള്‍ക്ക് സംസ്ഥാന ദുരന്തപ്രതികരണ നിധിയിലേക്ക് മുന്‍കൂറായി 675 കോടി രൂപ കൈമാറാനുള്ള ഉത്തരവാണ് തിങ്കളാഴ്ച ഇറങ്ങിയത്. സഹായം അഭ്യര്‍ത്ഥിച്ച് കേരളം ആഴ്ചകള്‍ക്കു മുന്‍പേ കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും കേരളത്തെ പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല.
ഗുജറാത്ത് (600 കോടി രൂപ ), മണിപ്പൂര്‍ (50 കോടി രൂപ), ത്രിപുര(25 കോടി രൂപ) വീതമാണ് മുന്‍കൂറായി നല്‍കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കിയത്. ഇത്തവണത്തെ കാലവര്‍ഷത്തില്‍ ഉണ്ടായ നാശനഷ്ടം നേരിടാന്‍വേണ്ടിയാണ് ദുരന്തപ്രതികരണനിധിയിലേക്ക് കേന്ദ്രവിഹിതം മുന്‍കൂറായി നല്‍കിയത്. വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരും മന്ത്രിമാരും അടങ്ങുന്ന സമിതി നടത്തിയ സന്ദര്‍ശനത്തിന്റെ അന്തിമ റിപ്പോര്‍ട്ട് വന്നശേഷം കൂടുതല്‍ സഹായം നല്‍കുമെന്നും ഉത്തരവിലുണ്ട്.
അസം, മിസോറം, കേരളം, ത്രിപുര, നാഗാലാന്റ്, ഗുജറാത്ത്, ആന്ധ്രപ്രദേശ്, തെലങ്കാന, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലാണ് കാലവര്‍ഷക്കെടുതിയും പ്രളയവും വന്‍നാശനഷ്ടമുണ്ടാക്കിയതെന്ന് കേന്ദ്രറിപ്പോര്‍ട്ടിലുണ്ട്. ഈപട്ടികയിലുള്ള കേരളത്തിലാണ് മഴക്കെടുതിയില്‍ ഏറ്റവും കൂടുതല്‍ മരണമുണ്ടായത്. ആയിരത്തിലധികം വീടുകള്‍ ഉരുള്‍പൊട്ടലില്‍ ഇല്ലാതായി. ദുരന്തത്തില്‍ പെട്ടവരെ പ്രത്യേക ടൗണ്‍ഷിപ്പ് നിര്‍മിച്ച് പുനരധിവസിപ്പിക്കാനുള്ള കേരളത്തിന്റെ പ്രയത്‌നത്തെ ഇല്ലാതാക്കുന്ന രീതിയിലാണ് കേന്ദ്ര ധനസഹായം തഴയുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം മേഖല സന്ദര്‍ശിച്ച് സാമ്പത്തികസഹായം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, മാധ്യമങ്ങളില്‍ നിറഞ്ഞ ഫോട്ടോകള്‍ക്ക് അപ്പുറം ഒരു സഹായവും കേന്ദ്രം പ്രഖ്യാപിച്ചില്ല. വയനാട് ദുരന്തത്തിനുശേഷം പ്രളയം ബാധിച്ച ആന്ധ്രപ്രദേശ്, തെലങ്കാന, ത്രിപുര, സിക്കിം, അസം സംസ്ഥാനങ്ങള്‍ക്ക് ഉടനടി കേന്ദ്രംസഹായം ലഭിച്ചു. സെപ്തംബര്‍ ഏഴിന് വെള്ളപ്പൊക്കമുണ്ടായ തെലങ്കാനയില്‍ കെടുതികള്‍ അവലോകനംചെയ്യാനെത്തിയ കേന്ദ്ര കൃഷിമന്ത്രി ശിവരാജ് ചൗഹാന്‍ തെലങ്കാനയ്ക്കും
ആന്ധ്രപ്രദേശിനുമായി 3,448 കോടി പ്രഖ്യാപിച്ചു. ത്രിപുരയ്ക്ക് 40 കോടിയും അസമിനും സിക്കിമിനുമായി 11,000 കോടിയും അനുവദിച്ചു. ഈ വര്‍ഷം മാത്രം 9044 കോടിരൂപ കേന്ദ്രം ദുരന്തപ്രതികരണ നിധിയില്‍ നിന്ന് 21 സംസ്ഥാനങ്ങള്‍ക്കായി നല്‍കി. ഇക്കൂട്ടത്തിലും കേരളം ഇല്ല.