കോണ്‍ഗ്രസ് നേതാവിന്റെ ആത്മഹത്യ, ജോലി നല്‍കാമെന്ന് കബളിപ്പിച്ച് വയനാട് ഡിസിസി നേതൃത്വം 22 ലക്ഷം രൂപ വാങ്ങിയെന്ന് വെളിപ്പെടുത്തല്‍, ഇപ്പോള്‍ ജോലിയുമില്ല പണവുമില്ല

Wayanad Congress
Wayanad Congress

താളൂര്‍ അപ്പോഴത്ത് പത്രോസ് മകന്‍ എല്‍ദോസിന് ബത്തേരി അര്‍ബന്‍ ബാങ്കില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍ 22 ലക്ഷം രൂപ വാങ്ങിയതായി വെളിപ്പെടുത്തി.

കോഴിക്കോട്: വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെയും മകന്‍ ജിജേഷിന്റെയും മരണത്തിനിടയാക്കിയ കോണ്‍ഗ്രസ് കോഴ ഇടപാടിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. മകന്‍ എല്‍ദോസിന് ബത്തേരി അര്‍ബന്‍ ബാങ്കില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍ 22 ലക്ഷം രൂപ വാങ്ങിയതായി താളൂര്‍ അപ്പോഴത്ത് പത്രോസ് വെളിപ്പെടുത്തി.

ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ ഡിസിസി പ്രസിഡന്റായിരിക്കെ അഞ്ച് തവണകളായിട്ടാണ് പണം നല്‍കിയതെന്ന് ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

കോണ്‍ഗ്രസ് നേതാക്കള്‍ ബാങ്കില്‍ നിയമനം വാഗ്ദാനംചെയ്ത് 17 ലക്ഷം രൂപതട്ടിയെടുത്തെന്ന് ബത്തേരി കോളിയാടി താമരച്ചാലില്‍ ഐസക് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയതിന്റെ പിന്നാലെയാണ് പത്രോസ് പൊലീസിന് പരാതി നല്‍കിയത്. ഇരട്ട ആത്മഹത്യ അന്വേഷിക്കുന്ന പ്രത്യേക സംഘം ഈ പരാതിയും അന്വേഷിക്കും. ബത്തേരിയിലെ കോണ്‍ഗ്രസ് നേതാക്കളായ പ്രേമന്‍ മലവയല്‍, സി ടി ചന്ദ്രന്‍, സക്കരിയ മണ്ണില്‍, എന്‍ എം വിജയന്‍ എന്നിവര്‍ ചേര്‍ന്ന് പണം വാങ്ങിയെന്നാണ് പരാതിയിലുള്ളത്.

അര്‍ബന്‍ ബാങ്കില്‍ അനധികൃത നിയമനത്തിന് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ 17 പേരുടെ പട്ടിക നല്‍കിയിരുന്നതായി ബാങ്ക് മുന്‍ ചെയര്‍മാന്‍ ഡോ. സണ്ണി ജോര്‍ജ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. റാങ്ക് ലിസ്റ്റില്‍ വളരെ താഴെയുള്ളവരുടെയും ലിസ്റ്റില്‍ ഇല്ലാത്തവരുടെയും പേരാണ് നല്‍കിയത്. നിയമനം വാഗ്ദാനംചെയ്ത് കോണ്‍ഗ്രസ് നേതാക്കള്‍ പണം വാങ്ങിയവരുടെ പേരുകളായിരുന്നു ഇത്. ഈ ഇടപാടില്‍ കുരുങ്ങിയാണ് വിജയനും മകനും ജീവനൊടുക്കേണ്ടി വന്നത്.

 

Tags