ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാത്രമല്ല, കോടീശ്വരന്മാരും, ബിഎംഡബ്ലു കാറും വമ്പന്‍ ബംഗ്ലാവുകളുമുള്ളവരും പെന്‍ഷനില്‍ കൈയ്യിട്ടുവാരുന്നു
വില്ലേജ് ഓഫീസറുടെ വരുമാന സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് തദ്ദേശസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരാണ് ക്ഷേമ പെന്‍ഷന്‍ അനുവദിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലിവാങ്ങി ക്ഷേമ പെന്‍ഷന് അനുമതി നല്‍കുന്നതായാണ് സൂചന.
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ താഴെക്കിടയിലുള്ള ജനങ്ങളുടെ ക്ഷേമത്തിനായി നല്‍കുന്ന സാമൂഹ്യ സുരക്ഷാ പെന്‍ഷനില്‍ കൈയ്യിട്ടുവാരുന്നവരില്‍ കോടീശ്വരന്മാരും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നതായി കണ്ടെത്തിയവിവരം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സാമ്പത്തികമായി ഏറെ മുന്നിലുള്ളവരും സര്‍ക്കാരിന്റെ 1,600 രൂപ മാസം കൈപ്പറ്റുന്നതായി തെളിഞ്ഞത്.
വില്ലേജ് ഓഫീസറുടെ വരുമാന സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് തദ്ദേശസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരാണ് ക്ഷേമ പെന്‍ഷന്‍ അനുവദിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലിവാങ്ങി ക്ഷേമ പെന്‍ഷന് അനുമതി നല്‍കുന്നതായാണ് സൂചന. ഇതേതുടര്‍ന്ന് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ക്രമക്കേടുകളില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍ദേശം നല്‍കി. ഇതുമായതി ബന്ധപ്പെട്ട് സ്വീകരിക്കുന്ന തുടര്‍ നടപടികള്‍ അടിയന്തിരമായി റിപ്പോര്‍ട്ട് ചെയ്യാനും ധനവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അന്വേഷണ പുരോഗതി ഒരോ മാസവും വിലയിരുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ നഗരസഭയില്‍ വമ്പന്‍ തട്ടിപ്പാണ് നടന്നതെന്നാണ് റിപ്പോര്‍ട്ട്. ഏഴാം വാര്‍ഡിലെ 42 ഗുണഭോക്താക്കളുടെ അര്‍ഹത സംബന്ധിച്ച പരിശോധനയില്‍ 38 പേരും അനര്‍ഹരാണെന്ന് കണ്ടെത്തി. ബി.എം.ഡബ്ല്യു. കാര്‍ ഉടമകള്‍ ഉള്‍പ്പെടെയുള്ളവര്‍ പെന്‍ഷന്‍ പട്ടികയില്‍ ഉണ്ടെന്നാണ് കണ്ടെത്തിയത്. ചില ക്ഷേമ പെന്‍ഷന്‍കാരുടെ വീടുകളില്‍ എയര്‍ കണ്ടീഷന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഉണ്ട്.
2000 ചതുരശ്ര അടി തറ വിസ്തൃതിയിലും കൂടുതല്‍ വലുപ്പമുള്ളവര്‍ക്ക് ക്ഷേമപെന്‍ഷന്‍ വാങ്ങാന്‍ പ്രത്യേക അനുമതി ആവശ്യമാണ്. നിശ്ചിത വാര്‍ഷിക വരുമാനത്തില്‍ കൂടുതലുള്ളവര്‍ക്കും ക്ഷേമ പെന്‍ഷന് അനുമതിയില്ല. എന്നാല്‍, നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തിയാണ് ഉദ്യോഗസ്ഥര്‍ ക്ഷേമ പെന്‍ഷന്‍ അനുവദിക്കുന്നത്. ഇതിലൂടെ സര്‍ക്കാരിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാകുന്നു. മാസം 900 കോടിയോളം രൂപയാണ് 62 ലക്ഷത്തോളം വരുന്നവര്‍ക്ക് ക്ഷേമ പെന്‍ഷനായി ചെലവഴിക്കുന്നത്.