പിവി സിന്ധുവിന്റെ മനംകവര്‍ന്ന വെങ്കിട്ട ദത്ത സായ്, ഐപിഎല്‍ ടീമിനൊപ്പം പ്രവര്‍ത്തിച്ചു, ശതകോടികളുടെ ആസ്തി
ജനുവരിയില്‍ അടുത്ത സീസണിനായി സിന്ധുവിന് അന്താരാഷ്ട്ര ബാഡ്മിന്റണ്‍ സര്‍ക്യൂട്ടിലേക്ക് മടങ്ങിയെത്താന്‍ കഴിയുമെന്ന് ഉറപ്പാക്കാനാണ് വിവാഹം ഡിസംബറില്‍ തീരുമാനിച്ചത്.
ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്റന്‍ താരം പിവി സിന്ധുവിന്റെ വിവാഹവാര്‍ത്തയാണ് ഇന്ത്യന്‍ കായികലോകത്തെ ചര്‍ച്ചാവിഷയം. ഹൈദരാബാദ് സ്വദേശിയും പോസിഡെക്‌സ് ടെക്‌നോളജീസ് എന്ന സ്ഥാപനത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ വെങ്കട്ട ദത്ത സായ് ആണ് വരന്‍. വിവാഹ ആഘോഷങ്ങള്‍ ഡിസംബര്‍ 20 ന് ആരംഭിക്കും. ഡിസംബര്‍ 24 ന് ഹൈദരാബാദില്‍ ഗംഭീരമായ വിവാഹ സല്‍ക്കാരവും നടക്കുമെന്ന് സിന്ധുവിന്റെ കുടുംബം വെളിപ്പെടുത്തി.
ജനുവരിയില്‍ അടുത്ത സീസണിനായി സിന്ധുവിന് അന്താരാഷ്ട്ര ബാഡ്മിന്റണ്‍ സര്‍ക്യൂട്ടിലേക്ക് മടങ്ങിയെത്താന്‍ കഴിയുമെന്ന് ഉറപ്പാക്കാനാണ് വിവാഹം ഡിസംബറില്‍ തീരുമാനിച്ചത്. രണ്ടു കുടുംബങ്ങളും തമ്മില്‍ വര്‍ഷങ്ങളായുള്ള പരിചയമാണെന്നും എന്നാല്‍ കഴിഞ്ഞ മാസമാണ് വിവാഹക്കാര്യം തീരുമാനമായതെന്നും സിന്ധുവിന്റെ പിതാവ് പി.വി.രമണ പറഞ്ഞു.
ഹൈദരാബാദ് ആസ്ഥാനമായുള്ള പോസിഡെക്സ് ടെക്നോളജീസിലെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് സിന്ധുവിന്റെ വരന്‍ വെങ്കട ദത്ത സായ്. ഫിനാന്‍സ്, ഡാറ്റാ സയന്‍സ്, അസറ്റ് മാനേജ്മെന്റ് എന്നീ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം പ്രൊഫഷണലും പരിചയസമ്പന്നനായ ഒരു സംരംഭകനുമാണ്.
ലിബറല്‍ പഠനത്തിലും ബിസിനസ്സിലും ശക്തമായ അടിത്തറയിട്ടാണ് ദത്ത സായി തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഫൗണ്ടേഷന്‍ ഓഫ് ലിബറല്‍ ആന്‍ഡ് മാനേജ്മെന്റ് എജ്യുക്കേഷനില്‍ നിന്ന് ലിബറല്‍ ആര്‍ട്സ് ആന്റ് സയന്‍സസില്‍ ഡിപ്ലോമ നേടിയ അദ്ദേഹം പിന്നീട് ഫ്‌ലേം യൂണിവേഴ്സിറ്റിയില്‍ നിന്ന് അക്കൗണ്ടിംഗിലും ഫിനാന്‍സിലും ബിബിഎ ബിരുദം നേടി. ബാംഗ്ലൂരിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ നിന്ന് ഡാറ്റ സയന്‍സിലും മെഷീന്‍ ലേണിംഗിലും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
കരിയര്‍ ആരംഭിച്ചത് ജെഎസ്ഡബ്ല്യുവിലൂടെയാണ്. അവിടെ സമ്മര്‍ ഇന്റേണ്‍ ആയും ഇന്‍-ഹൗസ് കണ്‍സള്‍ട്ടന്റായും ജോലി ചെയ്തു. ജെഎസ്ഡബ്ല്യുവിന്റെ ഉടമസ്ഥതയിലുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് നിയന്ത്രിച്ചത് അക്കാലത്ത് വെങ്കിട്ട ദത്ത സായ് ആണ്.
സോര്‍ ആപ്പിള്‍ അസറ്റ് മാനേജ്മെന്റിന്റെ മാനേജിംഗ് ഡയറക്ടറും പോസിഡെക്സ് ടെക്നോളജീസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ദത്ത സായ് തന്ത്രജ്ഞന്‍ എന്ന നിലയില്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. നിലവില്‍, പോസിഡെക്‌സ് ടെക്നോളജീസിലെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി സേവനമനുഷ്ഠിക്കുന്നു.
എട്ടാം വയസ്സില്‍ ബാഡ്മിന്റണ്‍ കളിക്കാന്‍ തുടങ്ങിയ സിന്ധുവിന് ശതകോടികളുടെ ആസ്തിയുണ്ട്. മത്സരങ്ങളില്‍ നിന്ന് 100,000 ഡോളര്‍ സമ്പാദിക്കുന്ന സിന്ധു എന്‍ഡോഴ്സ്മെന്റ് ഡീലുകളിലൂടെയാണ് കൂടുതലായും വരുമാനമുണ്ടാക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളില്‍ ഒരാളാണ്. സിന്ധുവിനോളം ആസ്തിയുള്ള വ്യക്തിയാണ് വരനായ വെങ്കിട്ട ദത്ത സായിയും.