വിഷാദ രാഗം പോലെ വസുമതി ടീച്ചർ യാത്രയായി; വിട പറഞ്ഞത് അര നൂറ്റാണ്ടോളം നാടക പിന്നണി ഗാനലോകത്ത് നിറഞ്ഞ് നിന്ന പ്രതിഭ
പെരളശേരി: നാടക പിന്നണി ഗായികയും അരനൂറ്റാണ്ടിലേറെക്കാലം വടക്കെ മലബാറിലെ സംഗീതലോകത്ത് നിറഞ്ഞുനിൽക്കുകയും ചെയ്ത പെരളശേരി കല്യാടൻ കോറോത്ത് രാഗസുധയിൽ വസുമതി രാജി(65)ന് പിറന്ന നാടിൻ്റെ യാത്രാമൊഴി. പെരളശേരി ഗീതാജ്ഞലി സംഗീത വിദ്യാലയത്തിൽ അധ്യാപകയായിരുന്ന വസുമതി രാജ് കഴിഞ്ഞ ഒരു വർഷത്തോളം അർബുദ രോഗബാധിതയായി ചികിത്സയിലായിരുന്നു.
വ്യാഴാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെ മൂന്നു പെരിയ - പാറപ്രം റോഡിലെ ചെറുമാവിലായിയിലെ കല്യാടൻ കോറോത്ത് റോഡിലെ രാഗസുധയെന്ന വീട്ടിൽ വെച്ചായിരുന്നു അന്ത്യം. അരനൂറ്റാണ്ടിലേറെക്കാലം വടക്കെ മലബാറിലെ നാടക പിന്നണി ഗായികയും നടിയുമായാണ് വസുമതിയുടെ രംഗപ്രവേശം. പിന്നണി ഗായികയായിട്ടാണ് തുടക്കമെങ്കിലും കഥാപാത്രങ്ങൾക്ക് ശബ്ദം നൽകുകയും അരങ്ങിലെത്തുകയും ചെയ്തു.
കണ്ണൂർ നടനകലാക്ഷേത്രത്തിൻ്റെ പുരാണ നാടകങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു അവർ. പാടിയും അഭിനയിച്ചും ശബ്ദം നൽകിയും വസുമതി ടീച്ചർ പ്രേക്ഷകരുടെ മനം കവർന്നു. സംഘം മ്യുസിക്കൽ, പൗർണമിതീയേറ്റേഴ്സ് തുടങ്ങി ചെറുതും വലുതുമായ ഒട്ടേറെ നാടക- സംഗീത ട്രൂപ്പുകളുടെ ഭാഗമായി അവർ പ്രവർത്തിച്ചു. നാടകം കൊണ്ടു ജീവിച്ച വസുമതി അ രങ്ങിൽ നിന്നുതന്നെയാണ് തൻ്റെ ജീവിത പങ്കാളിയെ കണ്ടെത്തിയത്.
സംസ്ഥാനമാകെ അറിയപ്പെടുന്ന സൗണ്ട് ഓപ്പറേറ്ററായ എം.പി പ്രേമരാജനാണ് ഭർത്താവ്. മലയാള സിനിമയിലെ സംഗീത സംവിധായകനും ഐഡിയ സ്റ്റാർ സിങ്ങർ ജേതാവുമായ അരുൺ രാജാണ് ഏക മകൻ.കൊച്ചിയിൽ പ്രവർത്തിച്ചു വരികയാണ് അരുൺ രാജ്. ഗായിക അജിഷ യാണ് ഭാര്യ. കൈക്കുഞ്ഞായിരുന്ന അരുൺ രാജിനെയെടുത്താണ് നാടകവേദികളിൽ നിന്നും മറ്റൊരു വേദിയിലേക്ക് വസുമതി ടീച്ചർ സഞ്ചരിച്ചിരുന്നത്.
രോഗം പിടി മുറുക്കിയ നാളുകളിലും സംഗീതത്തെ ചേർത്തുപിടിച്ചു കൊണ്ടാണ് അവർ കടന്നുപോയത്. അർഹിക്കുന്ന അംഗീകാരങ്ങളൊന്നും അവരെ തേടിയെത്തിയിരുന്നില്ല. കേരളത്തിലെമ്പാടും നൂറ് കണക്കിന് ശിഷ്യൻമാരുള്ള സംഗീത അധ്യാപിക കൂടിയായിരുന്നു അവർ. നിരവധിയാളുകൾ മരണവാർത്തയറിഞ്ഞ് വീട്ടിലെത്തി അന്ത്യാ ജ്ഞലി അർപ്പിച്ചു. വെള്ളിയാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെ പെരളശേരി പഞ്ചായത്തിൻ്റെ കുഴിക്കിലായി ശ്മശാനത്തിൽ ഭൗതിക ശരീരം ചിതയേറ്റുവാങ്ങി.