മതപരമായ വിലക്കുണ്ട്, ഷാഫിയുടെ വിജയാഘോഷത്തില്‍ വനിതാ ലീഗിന്റെ തിമിര്‍പ്പ് വേണ്ടെന്ന് ലീഗ് നേതാവ്, സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

Shafi Parambil

കോഴിക്കോട്: വടകര ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും ജയിച്ച ഷാഫി പറമ്പിലിന് നല്‍കുന്ന സ്വീകരണ പരിപാടിയില്‍ വനിതാ ലീഗ് പ്രവര്‍ത്തകര്‍ ആഘോഷതിമിര്‍പ്പ് വേണ്ടെന്ന് ലീഗ് നേതാവ്. തെരുവിലിറങ്ങി പാട്ടുപാടി നൃത്തം ചെയ്തുകൊണ്ടുള്ള ആഘോഷത്തിലാണ് ലീഗ് കടിഞ്ഞാണിട്ടത്. വനിതകള്‍ക്ക് മതപരമായ വിലക്കുണ്ടെന്നും ആയതിനാല്‍ അഭിവാദ്യം മാത്രം മതിയെന്നുമാണ് കൂത്തുപറമ്പ് മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി ഷാഹുല്‍ ഹമീദ് ഓഡിയോ സന്ദേശത്തിലൂടെ നിര്‍ദ്ദേശിച്ചത്.

വോട്ടെണ്ണല്‍ ദിവസം വനിതാ ലീഗ് പ്രവര്‍ത്തകര്‍ റോഡിലിറങ്ങി ആഘോഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിലക്ക്. വെള്ളിയാഴ്ച വൈകീട്ട് കണ്ണൂര്‍ പാനൂരില്‍ യുഡിഎഫ് പാനൂര്‍ നിയോജക മണ്ഡലം കമ്മറ്റി ഷാഫിക്ക് സ്വീകരണം നല്‍കുന്നുണ്ട്. പരിപാടിയില്‍ വനിതാ ലീഗിന്റെ സാന്നിധ്യത്തിന് വിലക്കില്ലെങ്കിലും റോഡ് ഷോയിലും പ്രകടനത്തിലും പങ്കെടുക്കരുതെന്ന് ലീഗ് നേതാവ് നിര്‍ദ്ദേശിക്കുന്നു.

അച്ചടക്കത്തോടെയുള്ള ആഘോഷം മതിയെന്നും ആവേശത്തിമിര്‍പ്പിന് മതപരമായ നിയന്ത്രണം അനുവദിക്കുന്നില്ലെന്നുമാണ് വിലക്കിന് കാരണമായി പറയുന്നത്. നേരത്തെ ഷാഫിയുടെ തെരഞ്ഞെടുപ്പ് പരിപാടികളില്‍ ലീഗ് വനിതാ നേതാക്കള്‍ സജീവമായി പങ്കെടുത്തിരുന്നു. തൊഴിലുറപ്പ് സ്ത്രീകള്‍ക്കെതിരായ മുദ്രാവാക്യം വിവാദമാവുകയും ചെയ്തു. വനിതാ പ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു.

Tags