അന്ന് രാജ്യത്തെ മികച്ച പത്തുസ്‌റ്റേഷനുകളിലൊന്ന്, ഇന്ന് മണല്‍മാഫിയയുമായി വഴിവിട്ടബന്ധം; അഞ്ചുവര്‍ഷം കൊണ്ടു കുപ്രസിദ്ധി വളപട്ടണം പൊലിസ് സ്‌റ്റേഷന് അലങ്കാരമായി

valapattanam
valapattanam

കണ്ണൂര്‍: രാജ്യത്തിന്റെ മികച്ച പത്തുപൊലിസ് സ്‌റ്റേഷനുകളില്‍ ഇടംപിടിച്ച വളപട്ടണം പൊലിസ് സ്‌റ്റേഷന്‍ ഇപ്പോള്‍ ആരോപണങ്ങളുടെയും അച്ചടക്ക നടപടികളുടെയും മുള്‍മുനയിലാണ്. 2018-ലാണ് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍ കേരളത്തിലെ ഏറ്റവും ചെറിയ പഞ്ചായത്തുകളിലൊന്നായ വളപട്ടണം പൊലിസ് ഒന്‍പതാം സ്ഥാനത്ത് എത്തിയത്. ഡല്‍ഹിയില്‍ നടന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തരമന്ത്രിയാണ് രാജ്യത്തെ മികച്ച പൊലിസ് സ്‌റ്റേഷനുകളെ പ്രഖ്യാപിച്ചത്.

പ്രവര്‍ത്തനമികവിലായിരുന്നു തെരഞ്ഞെടുപ്പ്. കുറ്റാന്വേഷണ മികവ്, ക്രമസമാധാനപാലനരംഗത്തെ ജാഗ്രത, കേസുകള്‍ കൈക്കാര്യം ചെയ്ത രീതി, ജനങ്ങളും പൊലിസും തമ്മിലുളള ബന്ധം, ശുചിത്വം തുടങ്ങി മുപ്പതോളം ഘടകങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു നേട്ടം. ആറുമാസം വളപട്ടണം പൊലിസ് സ്‌റ്റേഷന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും ജനങ്ങളില്‍ നിന്നും അഭിപ്രായം തേടുകയും ചെയ്തതിന് ശേഷമായിരുന്നു കേന്ദ്രനിരീക്ഷക സംഘം വളപട്ടണം പൊലിസിന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയത്. ഇതിനുശേഷമാണ് മികച്ച പൊലിസ് സ്‌റ്റേഷനുകളിലൊന്നായി തെരഞ്ഞെടുക്കപ്പെട്ടത്.

എന്നാല്‍ ഇതിനു ശേഷം ഈ പേരും പെരുമയും വളപട്ടണം പൊലിസ് സ്‌റ്റേഷന്‌ നിലനിര്‍ത്താനായില്ല. മണല്‍ മാഫിയയുമായുളള ഒത്തുകളിയെ തുടര്‍ന്ന് മൂന്ന് പൊലിസ് ഉദ്യേഗാസ്ഥര്‍ക്കെതിരെ വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ അച്ചടക്കനടപടി സ്വീകരിച്ചതോടെ തകര്‍ച്ച അതിന്റെ പരിപൂര്‍ണ അവസ്ഥയിലെത്തി. എസ്. ഐയുള്‍പ്പെടെ മൂന്നുപേരെയാണ് മണല്‍മാഫിയയുമായി വഴിവിട്ട ബന്ധത്തെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയുടെ വിവിധ സ്‌റ്റേഷനുകളിലേക്ക് സ്ഥലംമാറ്റിയത്. 

മണല്‍ ലോറികള്‍ക്കെതിരെയുളള റെയഡ്‌ ചോര്‍ന്നതും അന്യായമായി മണല്‍ മാഫിയയില്‍ നിന്നും പണം സ്വീകരിച്ചതും അശാസ്ത്രിയ നടപടികളുമാണ് വളപട്ടണം പൊലിസിനെ കുരുക്കിയത്. അഞ്ചു വര്‍ഷം കൊണ്ടു സ്‌റ്റേഷനെ എത്രമാത്രം ജനങ്ങള്‍ക്കിടെയില്‍ അപഹാസ്യമാക്കാന്‍ കഴിയുമോ അത്രമാത്രം ചെയ്തതിന്റെ പരിണിത ഫലമാണ് ഇപ്പോഴുണ്ടായിട്ടുളള അച്ചടക്കനടപടിയെന്നാണ് വിലയിരുത്തല്‍.