ശൈലജ ടീച്ചര്‍ക്കെതിരായ അശ്ലീല അധിക്ഷേപവും വ്യക്തിഹത്യയും, വടകരയില്‍ അവസാനലാപ്പില്‍ കാലിടറി ഷാഫി, യുഡിഎഫ് കടുത്ത പ്രതിരോധത്തില്‍
കോഴിക്കോട്: കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള പ്രചരണം അന്തിമഘട്ടത്തിലെത്തിനില്‍ക്കെ ചര്‍ച്ചകളെല്ലാം ഇപ്പോള്‍ വടകര മണ്ഡലത്തെക്കുറിച്ചാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജ ടീച്ചര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസ് ലീഗ് അണികള്‍ നടത്തിയ അശ്ലീല പ്രചരണവും വ്യക്തിഹത്യയും സംസ്ഥാനമാകെ രോഷത്തിനിടയാക്കിക്കഴിഞ്ഞു. ലോകം ആദരിച്ച ഒരു വ്യക്തിയെ ഏറ്റവും നീചമായ രീതിയില്‍ ലൈംഗിക അധികക്ഷേപം നടത്തിയതിന് വോട്ടര്‍മാര്‍ മറുപടി നല്‍കുമെന്നാണ് സിപിഎമ്മിന്റെ പ്രതികരണം.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കംമുതല്‍ നിലനിര്‍ത്തിയ ലീഡ് അവസാനലാപ്പിലെത്തുമ്പോള്‍ കുതിപ്പിലെത്തിക്കുകയാണ് ശൈലജ ടീച്ചര്‍. മുന്‍ ആരോഗ്യമന്ത്രി എന്ന നിലയിലുള്ള വ്യക്തിപ്രഭാവത്തോടെ സ്ഥാനാര്‍ത്ഥിയായെത്തിയ ശൈലജ ടീച്ചര്‍ക്ക് കടുത്ത വെല്ലുവിളിയുമായി ഷാഫി പറമ്പില്‍ എതിരാളിയായി എത്തിയെങ്കിലും അണികളുടെ അതിരുവിട്ട ഇടപെടലുകള്‍ യുഡിഎഫിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
സിപിഎമ്മിനെ സംബന്ധിച്ച് അഭിമാന പോരാട്ടം നടക്കുന്ന മണ്ഡലമാണ് വടകര. പാര്‍ട്ടിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ടിപി ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ആര്‍എംപിയെന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചതിന് ശേഷം മണ്ഡലത്തില്‍ ജയിക്കാന്‍ സിപിഎമ്മിന് സാധിച്ചിട്ടില്ല. ഒരുകാലത്ത് പാര്‍ട്ടിയുടെ ഉറച്ച കോട്ടകളിലൊന്നായ വടകര ഇത്തവണയെങ്കിലും തിരിച്ചുപിടിക്കണമെന്ന ഉറച്ച ലക്ഷ്യത്തോടെയാണ് ശൈലജ ടീച്ചറെ സ്ഥാനാര്‍ത്ഥിയാക്കിയതും.
തെരഞ്ഞെടുപ്പ് റാലികളിലെ വന്‍ ജനസഞ്ചയവും സര്‍വെകളില്‍ ശൈലജ ടീച്ചര്‍ മേല്‍ക്കൈ നേടിയതുമാണ് കോണ്‍ഗ്രസ് മുസ്ലീം ലീഗ് അണികളെ ചൊടിപ്പിച്ചത്. വനിതാ സ്ഥാനാര്‍ത്ഥിക്കെതിരെ ഇവര്‍ നടത്തുന്ന ലൈംഗിക അധിക്ഷേപം ഏവരേയും ഞെട്ടിക്കുന്നതാണ്. തുടക്കത്തില്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിനെ അവഗണിച്ചെങ്കിലും സിപിഎം ഇതിനിതിരെ വ്യാപകമായി രംഗത്തെത്തിയതോടെയാണ് സംസ്ഥാനത്തെ പ്രധാന ചര്‍ച്ചാവിഷയമായി മാറിയത്.
അധിക്ഷേപ പ്രചരണത്തില്‍ മുസ്ലീം ലീഗ് കോണ്‍ഗ്രസ് അണികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെയുള്ളവര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സിപിഎം തെളിവ് സഹിതം ആരോപിക്കുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ നയിക്കുന്ന സംഘമാണ് വടകരയില്‍ യുഡിഎഫിനായി പ്രവര്‍ത്തിക്കുന്നത് എന്നതുകൊണ്ടുതന്നെ ഇപ്പോഴത്തെ വിവാദത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഇവര്‍ക്ക് മാറിനില്‍ക്കാനാകില്ല.
ശൈലജ ടീച്ചറുടെ വ്യക്തിപ്രഭാവത്തെ ഇല്ലാതാക്കാന്‍ വ്യാജ അശ്ലീല വീഡിയോകള്‍ നിര്‍മിച്ചും വ്യാപകമായ തോതില്‍ തെറിവിളിച്ചും അണികള്‍ നടത്തിയ പേക്കൂത്ത് ഷാഫി പറമ്പിലിന് തിരിച്ചടിയായേക്കും. വോട്ടര്‍മാര്‍ക്കിടയിലെ പ്രധാന വിഷയങ്ങളിലൊന്നായി ഇത് മാറിയതോടെയാണ് കെകെ രമ ഉള്‍പ്പെടെയുള്ളവര്‍ ഷാഫിക്കുവേണ്ടി പ്രതിരോധവുമായി രംഗത്തെത്തിയത്. എന്നാല്‍, തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന പാദത്തില്‍ ഉയര്‍ന്നുവന്ന വിവാദത്തെ അതേരീതിയില്‍ മറികടക്കാന്‍ യുഡിഎഫിന് സാധിക്കുന്നില്ല.