ഇന്ത്യയില്‍ വമ്പന്‍ സാധ്യതകളുള്ള തൊഴിലുകള്‍ ഇതാ, ഈ കോഴ്‌സുകള്‍ പഠിച്ചാല്‍ ഭാവിയില്‍ ജോലി ഉറപ്പിക്കാം
ലോകത്ത് അതിവേഗം കുതിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. മനുഷ്യവിഭവ ശേഷിയില്‍ ലോകത്തെ എല്ലാ രാജ്യങ്ങളും ഇന്ത്യയെ ഉറ്റുനോക്കുന്നു. ഇന്ത്യയുടെ വിദഗ്ധരായ സാങ്കേതിക വിദഗ്ധന്മാര്‍ ലോകമെങ്ങുമുള്ള വമ്പന്‍ കമ്പനികളിലേക്ക് ചേക്കേറുമ്പോള്‍ രാജ്യത്തും ജോലി സാധ്യതകള്‍ വര്‍ധിച്ചുവരുന്നുണ്ട്. പുതുതായി ജോലിയിലേക്ക് പ്രവേശിക്കുന്നവര്‍ക്കും ജോലിമാറ്റം ആഗ്രഹിക്കുന്നവര്‍ക്കുമെല്ലാം ഇന്ത്യയില്‍ തന്നെ മികച്ച അവസരങ്ങളാണ് ഒരുങ്ങുന്നത്.
2024-ല്‍ ഇന്ത്യയില്‍ കൂടുതല്‍ ആവശ്യക്കാരുള്ള മികച്ച 25 ജോലികളുടെ ഒരു ലിസ്റ്റ് അടുത്തിടെ ലിങ്ക്ഡ്ഇന്‍ ഇന്ത്യ പങ്കിട്ടു. ലിങ്ക്ഡ്ഇന്‍ ഇന്ത്യ പങ്കിട്ട ഡാറ്റ അനുസരിച്ച്, ഏകദേശം 88% ഇന്ത്യന്‍ പ്രൊഫഷണലുകളും 2024-ല്‍ ജോലി മാറ്റത്തിനായി നോക്കുന്നു എന്നാണ്. ഈ വര്‍ഷം ഇന്ത്യയില്‍ കൂടുതല്‍ അവസരങ്ങള്‍ കൈവരുന്ന ചില ജോലികളെക്കുറിച്ചും അതില്‍ പറയുന്നുണ്ട്.
ക്ലോസിങ് മാനേജര്‍
റിയല്‍ എസ്റ്റേറ്റ് പ്രോജക്റ്റുകളില്‍ താല്‍പ്പര്യമുള്ള ക്ലയന്റുകള്‍ക്കായി പ്രവര്‍ത്തിക്കുന്നവരാണ് ക്ലോസിംഗ് മാനേജര്‍മാര്‍. സൈറ്റ് സന്ദര്‍ശനങ്ങള്‍, ഫോളോ അപ്പുകള്‍, ഡോക്യുമെന്റേഷന്‍, ശ്രദ്ധേയമായ ഡീലുകള്‍ എന്നിവയെല്ലാം അവരുടെ ചുമതലകള്‍ ഉള്‍പ്പെടുന്നു. റിയല്‍ എസ്റ്റേറ്റ്, വില്‍പ്പനയും വിപണനവും തുടങ്ങിയവയെല്ലാം ഈ മേഖലയിലെത്തുന്നവര്‍ അറിഞ്ഞിരിക്കേണം. സെയില്‍സ് മാനേജര്‍, സോഴ്സിംഗ് മാനേജര്‍, റിലേഷന്‍ഷിപ്പ് മാനേജര്‍ എന്നീ നിലകളില്‍ മുന്‍ പരിചയമുള്ളവര്‍ ഈ റോളിലേക്ക് മാറിയിട്ടുണ്ട്.
ഇന്‍ഫ്‌ളുവന്‍സര്‍ മാര്‍ക്കറ്റിംഗ് സ്‌പെഷ്യലിസ്റ്റ്
ബ്രാന്‍ഡുകളുടെ പ്രചരണം വര്‍ധിപ്പിക്കാന്‍ സോഷ്യല്‍ മീഡിയ പങ്കാളികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരാണ് ഇന്‍ഫ്‌ലുവന്‍സര്‍ മാര്‍ക്കറ്റിംഗ് സ്‌പെഷ്യലിസ്റ്റ്. കാമ്പെയ്‌നുകളും മറ്റും സംഘടിപ്പിക്കുന്നതില്‍ വിദഗ്ധരായിരിക്കണം. ഇന്‍ഫ്‌ലുവന്‍സര്‍ മാര്‍ക്കറ്റിംഗ്, സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്നിവയാണ് ഈ ജോലിക്ക് ആവശ്യമായ യോഗ്യത. മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവുകള്‍, കാമ്പെയ്ന്‍ മാനേജര്‍മാര്‍, സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ് സ്‌പെഷ്യലിസ്റ്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള ആളുകള്‍ക്കും ഈ റോളുകളിലേക്ക് മാറാം.
ഡിസൈന്‍ സ്‌പെഷ്യലിസ്റ്റ്
ഡിജിറ്റല്‍, പ്രിന്റ് ഉള്‍പ്പെടെ വിവിധ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഡിസൈന്‍ സ്‌പെഷ്യലിസ്റ്റുകള്‍. ഒരു ബ്രാന്‍ഡിന്റെ അവബോധം വര്‍ധിപ്പിക്കുന്നതിനും വില്‍പ്പനയെ സഹായിക്കുന്നതുമായ വിഷ്വല്‍ കണ്ടന്റുകള്‍ രൂപകല്‍പന ചെയ്യുകയാണ് ഇവരുടെ പ്രധാന ജോലി. ക്യാന്‍വ, പൈത്തണ്‍ (പ്രോഗ്രാമിംഗ് ലാംഗ്വേജ്), ഗ്രാഫിക് ഡിസൈന്‍ എന്നിവയിലെ മികവാണ് ജോലിക്ക് ആവശ്യമുള്ളത്. ഗ്രാഫിക് ഡിസൈനര്‍മാര്‍, പ്രൊഡക്റ്റ് ഡിസൈനര്‍മാര്‍, അല്ലെങ്കില്‍ വിഷ്വല്‍ ഡിസൈനര്‍മാര്‍ എന്നീ നിലകളില്‍ പരിചയമുള്ള ആളുകള്‍ക്ക് ഈ റോളിലേക്ക് മാറാം.
ഡ്രോണ്‍ പൈലറ്റ്
ഡ്രോണുകളുടെ പ്രവര്‍ത്തനത്തിനും മാനേജ്‌മെന്റിനും കഴിവുള്ള സര്‍ട്ടിഫൈഡ് പ്രൊഫഷണലുകളാണ് ഡ്രോണ്‍ പൈലറ്റുമാര്‍. ഡ്രോണ്‍ ഫോട്ടോഗ്രാഫി, ഡ്രോണ്‍ വീഡിയോഗ്രാഫി, ഡ്രോണ്‍ മാപ്പിംഗ് എന്നിവയാണ് ഈ റോളിന് ആവശ്യമായ കഴിവുകള്‍. ഫോട്ടോഗ്രാഫര്‍, ഡ്രോണ്‍ എഞ്ചിനീയര്‍, പ്രൊഡക്ഷന്‍ എഞ്ചിനീയര്‍ എന്നീ നിലകളില്‍ ജോലി ചെയ്തിട്ടുള്ള ആളുകള്‍ക്ക് ഈ ജോലിയിലേക്ക് മാറാന്‍ കഴിയും.
റിക്രൂട്ടര്‍
ഒരു കമ്പനിയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് അനുയോജ്യമായ പ്രതിഭകളെ കണ്ടെത്തുന്നതിനും ആളുകളെ നിയമിക്കുന്നതിനും പ്രവര്‍ത്തിക്കുന്നവരാണ് റിക്രൂട്ടര്‍മാര്‍. ജോലി അപേക്ഷകള്‍ പരിശോധിച്ച് അവരുടെ അഭിമുഖങ്ങള്‍ ഷെഡ്യൂള്‍ ചെയ്യുകയാണ് അവരുടെ പ്രധാന ജാലി. റിക്രൂട്ടിംഗ്, സോഴ്സിംഗ്, സ്‌ക്രീനിംഗ് എന്നിവയാണ് ഈ റോളിന് ആവശ്യമായ യോഗ്യത. സെയില്‍സ് സ്‌പെഷ്യലിസ്റ്റ്, ടാലന്റ് അക്വിസിഷന്‍ സ്‌പെഷ്യലിസ്റ്റ്, ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച പരിചയമുള്ള ആളുകള്‍ക്കും ഈ ജോലിയിലേക്ക് മാറാം.
സെയില്‍സ് ഡെവലപ്മെന്റ് റെപ്രസെന്റേറ്റീവ്, ഡിമാന്‍ഡ് ജനറേഷന്‍ അസോസിയേറ്റ്, കസ്റ്റംസ് ഓഫീസര്‍, ഗ്രോത്ത് മാനേജര്‍, ഇന്‍വെസ്റ്റര്‍ റിലേഷന്‍സ് മാനേജര്‍, പൊളിറ്റിക്കല്‍ അനലിസ്റ്റ്, ഡെലിവറി കണ്‍സള്‍ട്ടന്റ്, ക്ലയന്റ് അഡൈ്വസര്‍, ക്രിയേറ്റീവ് സ്ട്രാറ്റജിസ്റ്റ്, ചീഫ് റവന്യൂ ഓഫീസര്‍, കാമ്പെയ്ന്‍ അസോസിയേറ്റ് എന്നിവ ഈ വര്‍ഷം ഇന്ത്യയില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന മറ്റ് ജോലികളാണ്. മാനേജര്‍, കസ്റ്റമര്‍ സക്‌സസ് എക്‌സിക്യൂട്ടീവ്, മീഡിയ ബയര്‍, ക്വാണ്ടിറ്റേറ്റീവ് ഡെവലപ്പര്‍, ഫണ്ട് അനലിസ്റ്റ്, പ്രൊപ്പോസല്‍ റൈറ്റര്‍, പ്രൊഡക്റ്റ് സെക്യൂരിറ്റി എഞ്ചിനീയര്‍, ബില്‍ഡിംഗ് ഇന്‍ഫര്‍മേഷന്‍ മോഡലിംഗ് (ബിഐഎം) ടെക്‌നീഷ്യന്‍, ഇന്‍സൈറ്റ്‌സ് അനലിസ്റ്റ് എന്നീ ജോലികള്‍ക്കും സാധ്യത ഏറെയാണ്.