ഗതാഗത കുരുകഴിക്കാൻ നിർമ്മിച്ച തിരുവല്ല ബൈപ്പാസ് ജനങ്ങൾക്ക് കുരുക്കാകുന്നു..
പത്തനംതിട്ട : ഗതാഗത കുരുകഴിക്കാൻ നിർമ്മിച്ച തിരുവല്ല ബൈപ്പാസ് ഇപ്പോൾ ജനങ്ങൾക്ക് ഒരു കുരുക്കായി മാറിയിരിക്കുകയാണ്. റോഡിൻറെ അശാസ്ത്രീയമായ നിർമ്മാണവും അടുത്തടുത്തായുള്ള സിഗ്നൽ പോയിന്റുകളുമാണ് യാത്രക്കാരെ ദുരിതത്തിലാക്കുന്നത്.
എം സി റോഡിലെ മഴുവങ്ങാട് ചിറയിൽ നിന്നും ആരംഭിച്ച് എം സി റോഡിലെ തന്നെ രാമൻചിറയിൽ അവസാനിക്കുന്ന രണ്ടര കിലോമീറ്റർ മാത്രം ദൂരമുള്ള തിരുവല്ല ബൈപ്പാസിൽ തുടക്കം മുതൽ ഒടുക്കം വരെ ആറ് സിഗ്നൽ പോയിന്റുകളാണ് യാത്രക്കാരെ കാത്തിരിക്കുന്നത്. സിഗ്നൽ പോയിന്റുകളിലെ കാലതാമസമൂലം സ്ഥലപരിചയമുള്ള യാത്രക്കാരിൽ ഭൂരിഭാഗവും ബൈപാസ് ഉപേക്ഷിച്ച മട്ടാണ്. ഇതോടെ തിരുവല്ല നഗരത്തിൽ ഗതാഗതക്കുരുക്ക് വീണ്ടും പതിവായി.
ഏതാണ്ട് 3 വർഷം മുമ്പ് കഴിഞ്ഞ എൽഡിഎഫ് സർക്കാരിൻറെ കാലത്താണ് തിരുവല്ല ബൈപ്പാസ് ഉദ്ഘാടനം ചെയ്തത്. ഉച്ചയ്ക്ക് 12 മണിയോടെ ഉദ്ഘാടനം കഴിഞ്ഞ ബൈപ്പാസിൽ വൈകിട്ടോടെ ആദ്യ അപകടം സംഭവിച്ചു. വാഹനങ്ങൾ കൂട്ടിയിടിച്ചായിരുന്നു അപകടം. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മാത്രം ബൈപ്പാസിൽ ചെറുതും വലുതുമായ 80 ഓളം അപകടങ്ങളാണ് സംഭവിച്ചത്.
ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരണപ്പെട്ട സംഭവവും ഉണ്ടായി. ചിലങ്ക ജംഗ്ഷനിലും മല്ലപ്പള്ളി റോഡിൻറെ തുടക്കഭാഗത്തുമാണ് അപകടങ്ങൾ ഏറെയും സംഭവിക്കുന്നത്. മല്ലപ്പള്ളി റോഡിൻറെ തുടക്കഭാഗത്ത് രണ്ട് വർഷം മുമ്പ് മന്ത്രി ചിഞ്ചു റാണി സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനം അപകടത്തിൽപെടുകയും ചെയ്തിരുന്നു.
ആലപ്പുഴ മോഡൽ ഫ്ലൈ ഓവർ ബൈപ്പാസ് ആണ് ഇവിടെ വിഭാവനം ചെയ്തിരുന്നത്. എന്നാൽ മറ്റ് ചില കാരണങ്ങളാൽ കേവലം രണ്ട് ഭാഗങ്ങളിൽ മാത്രം ഫ്ലൈ ഓവർ നിർമ്മിക്കുകയായിരുന്നു. ബൈപ്പാസിന്റെ പല ഭാഗങ്ങളിലും ആവശ്യത്തിനുള്ള തെരുവ് വിളക്കുകൾ സ്ഥാപിക്കാത്തത് രാത്രികാലങ്ങളിൽ അപകടങ്ങൾക്കും ബൈപ്പാസിന്റെ വശങ്ങളിൽ കക്കൂസ് മാലിന്യം അടക്കം തള്ളുന്നതിനും ഇടയാക്കുന്നുണ്ട്.
ബൈപ്പാസിൽ ഒരിടത്തും തന്നെ നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടില്ല. ബൈപ്പാസിലെ അശാസ്ത്രീയത പരിഹരിച്ച് യാത്രാ ക്ലേശവും അപകടങ്ങളും ഒഴിവാക്കുവാൻ അധികൃതർ നടപടി സ്വീകരിക്കണം എന്നതാണ് ഉയരുന്ന ആവശ്യം.