നൃത്തച്ചുവടുകളുമായി വേദിയിൽ മൂന്ന് തലമുറ; അപൂർവ്വ സംഗമത്തിന് വേദിയായി പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര അങ്കണം..
ഒരു കുടുംബത്തിലെ മൂന്ന് തലമുറ ചേർന്നൊരുക്കിയ നൃത്ത വിസ്മയത്തിന് വേദിയായി പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര അങ്കണം..കണ്ണൂരിലെ നൃത്ത ഗുരു എൻ. വി.കൃഷ്ണൻ മാഷും മകളും ചെറുമകളും ചേർന്നായിരുന്നു നിറഞ്ഞൊഴുകിയ സദസ്സിന് മുന്നിൽ ചുവടുകൾ വച്ചത്..ആസ്വാദകരായി കൃഷ്ണൻ മാഷിന്റെ പ്രിയ ശിഷ്യ പ്രശസ്ത സിനിമ താരം മഞ്ജു വാരിയരുടെ മാതാവ് ഉൾപ്പെടെ
ഒട്ടേറെപ്പേർ സദസ്സിൽ സ്ഥാനം പിടിച്ചിരുന്നു.
76 ആം വയസ്സിൽ നൃത്തരംഗത്തെ അര നൂറ്റാണ്ട് പിന്നിടുമ്പോൾ മകൾക്കും കൊച്ചുമകൾക്കും ഒപ്പമാണ് കൃഷ്ണൻ മാഷ് വീണ്ടും വേദിയിലേക്ക് എത്തിയത്. പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ആരാധനാ മഹോത്സവത്തിലായിരുന്നു ഈ അപൂർവ്വ സംഗമം. മകൾ സംഘമിത്രയ്ക്കും കൊച്ചുമകൾ വൈഗയ്ക്കും ഒപ്പമാണ് കൃഷ്ണൻ മാഷ് ചുവടുവെച്ചത്.സുബ്രഹ്മണ്യസ്വാമിയെക്കുറിച്ചുള്ള വർണനയാണ് ഭരത നാട്യരൂപത്തിൽ മൂന്ന് തലമുറ ചേർന്ന് അവതരിപ്പിച്ചത്.
നടി മഞ്ജു വാരിയരുടെ ഗുരുവായ കൃഷ്ണൻ മാഷിന്റെ തലമുറകളുടെ നൃത്തസംഗമം കാണാൻ മഞ്ജുവാരിയരുടെ അമ്മ ഗിരിജ മാധവനും തൃ ശ്ശൂരിൽ നിന്ന് എത്തിയിരുന്നു. എൻ. വി. കൃഷ്ണൻ മാഷിനെ സംഘടകർ പൊന്നാടയിട്ടു ആദരിച്ചു. തന്റെ വലിയ സ്വപ്നമാണ് യാഥാർഥ്യമായതെന്ന് അദ്ദേഹം പറഞ്ഞു.
സ്കൂൾ കലോത്സവങ്ങളിൽ നിരവധി പ്രശസ്ത കലാപ്രതിഭകളെ വാർത്തെടുത്ത കൃഷ്ണൻ മാഷ് കണ്ണൂരുകാർക്ക് സുപരിചിത മുഖമാണ്. നടി മഞ്ജു വാര്യർ, വിനീത് കുമാർ, അനുപമ കൃഷ്ണൻ, മുരളി എച്ച് ബട്ട്, എം കെ ഷിജിത്ത് കുമാർ, സി വിപിൻദാസ്, ഷംനാ കാസിം, പാർവതി നമ്പ്യാർ, ഹീരാ നമ്പൂതിരി തുടങ്ങിയവരും ശിഷ്യഗണത്തിലുണ്ട്.
1949 മേയ് 10-ന് കണ്ണൂർ മാതമംഗലം എരമത്താണ് കൃഷ്ണൻ മാസ്റ്ററുടെ ജനനം. എട്ടാം വയസ്സില്‍ കളരിപരിശീലനത്തിലൂടെയായിരുന്നു തുടക്കം. ഇരുപതാം വയസ്സില്‍ ചെന്നൈയിലെ രുഗ്മണിദേവി അരുണ്ഡേലിന്റെ അഡയാര്‍ കലാക്ഷേത്രത്തിലെ വിദ്യാര്‍ഥിയായി. 1984-85 വര്‍ഷം പയ്യന്നൂരില്‍ തിരിച്ചെത്തി.
മഹാദേവഗ്രാമത്തിലെ നൃത്തപ്രതിഭ വി.പി. ധനഞ്ജയനൊപ്പമായിരുന്നു പിന്നീട് കലാസപര്യ. ഭരതാഞ്ജലി എന്ന നൃത്തവിദ്യാലയം പയ്യന്നൂരിലും കണ്ണൂരിലും തുടങ്ങി. ഇപ്പോള്‍ 38 വര്‍ഷമായി പയ്യന്നൂര്‍ മഹാദേവഗ്രാമത്തിലാണ് താമസം. മകൾ സംഘമിത്രയും കൊച്ചുമകൾ വൈഗയും നൃത്ത രംഗത്ത് സജീവമാണ്..