അന്‍വറിന്റേത് വൃത്തികെട്ട ഭാഷ, ആരോപണങ്ങള്‍ അന്വേഷിക്കുമ്പോള്‍ മുഖ്യമന്ത്രിയെ ആക്രമിക്കുന്നു, പാര്‍ട്ടി ഒറ്റക്കെട്ടായി നേരിടുമെന്ന് തോമസ് ഐസക്
തിരുവനന്തപുരം: പിവി അന്‍വര്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും എതിരെ നടത്തിയ പത്രസമ്മേളനത്തെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസക്. അന്‍വര്‍ തന്നെ നേരത്തെ എതിര്‍ത്തുപറഞ്ഞ അതേ മാധ്യമങ്ങളുടെ വൃത്തികെട്ട ഭാഷയാണ് അദ്ദേഹം ഉപയോഗിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രിയാണ് ലക്ഷ്യമെന്നും തോമസ് ഐസക് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.
തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
ഇടതുപക്ഷ മുന്നണിയില്‍ നിന്നും പി.വി. അന്‍വര്‍ തന്നെ സ്വയം പ്രഖ്യാപിച്ചു പുറത്തേക്കു പോയിരിക്കുകയാണ്. അദ്ദേഹം ഉന്നയിച്ച ആരോപണങ്ങളില്‍ ചിലതൊക്കെ പരിശോധിക്കേണ്ടതാണെന്ന് പാര്‍ടിക്കും സംസ്ഥാന സര്‍ക്കാരിനും ബോധ്യപ്പെട്ടിരുന്നു. അത് പാര്‍ടി സെക്രട്ടറി തന്നെ വ്യക്തമാക്കുകയും ചെയ്തു. സര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ ഒരു സംശയം ബാക്കിയുണ്ടായിരുന്നു. ഏതെങ്കിലും നിഗൂഡശക്തികളുടെ പ്രേരണ അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ക്കു പിന്നിലുണ്ടോ? ഇന്നലത്തെ അന്‍വറിന്റെ പത്രസമ്മേളനത്തോടെ അതിന് ഉത്തരമായിട്ടുണ്ട്. പാര്‍ടിയും മുന്നണിയും നന്നാകണമെന്ന ഉദ്ദേശമുള്ളവരുടെയല്ല, അവയെ തകര്‍ക്കണമെന്ന ഉദ്ദേശമുള്ളവരുടെ കരുവായിട്ടാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്.
കേന്ദ്രം ഭരിക്കുന്ന ബിജെപി ഭരണഘടനാസ്ഥാപനങ്ങളെയും ഗവര്‍ണറെയും അഖിലേന്ത്യാ സര്‍വീസുകളെയുമെല്ലാം തങ്ങളുടെ രാഷ്ട്രീയ-വര്‍ഗീയ താല്പര്യങ്ങള്‍ക്കുവേണ്ടി ഉപയോഗപ്പെടുത്തുന്നതില്‍ ജാഗ്രത പുലര്‍ത്തുകയെന്നത് സിപിഐ(എം)ന്റെ രാഷ്ട്രീയ നിലപാടിന്റെ ഭാഗമാണ്. അതിനര്‍ത്ഥം ആരെങ്കിലും ഒരു ആക്ഷേപം ഉന്നയിച്ചു കഴിഞ്ഞാല്‍ അതിന്റെ അടിസ്ഥാനത്തില്‍ ഉടന്‍തന്നെ അച്ചടക്കനടപടിയോ രാഷ്ട്രീയ എതിര്‍നിലപാടോ സ്വീകരിക്കുകയെന്നല്ല.
ആരോപണ വിധേയനായ മുന്‍ മലപ്പുറം എസ്.പി സസ്‌പെന്‍ഷനിലാണ്. എഡിജിപിയെക്കുറിച്ച് ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ ഡിജിപി അന്വേഷണം നടത്തുന്നുണ്ട്. പൂരം അലങ്കോലമാക്കി എന്നത് സംബന്ധിച്ച് ലഭിച്ച റിപ്പോര്‍ട്ടില്‍ കൂടുതല്‍ വിശദമായ അന്വേഷണം നടത്താനാണ് സര്‍ക്കാര്‍ തീരുമാനമെന്നാണ് മനസ്സിലാക്കുന്നത്.
പക്ഷേ, അന്‍വറിന്റെ ഇന്നലത്തെ പ്രസ്താവനയില്‍ - 'തിരഞ്ഞെടുപ്പ് രാഷ്ട്രീയം അതാണ്. തിരഞ്ഞെടുപ്പ് ജയിക്കാനുള്ള തന്ത്രം അവര്‍ പ്രയോഗിച്ചു. അവര്‍ അതില്‍ വിജയിച്ചു. അവരെ ഇക്കാര്യത്തില്‍ കുറ്റം പറയാന്‍ പറ്റില്ല.' എന്ന വിചിത്രമായ ഭാഗം പൂരം കലക്കിയതില്‍ ബിജെപിയെ വെള്ളപൂശാനുള്ള ശ്രമമാണ്.
പൂര സംഘര്‍ഷ സമയത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപിയും യുപിയില്‍ നിന്നുള്ള പ്രചാരണ കമ്പനി ഉദ്യോഗസ്ഥരും സേവാഭാരതിയുടെ ആംബുലന്‍സില്‍ വന്നിറങ്ങുന്നതിന്റെ വീഡിയോ അടക്കം പുറത്തുവന്നിട്ടുണ്ട്. ശബരിമലയില്‍ മാത്രമല്ല, ഏത് അമ്പലത്തിലും തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടി ഏതറ്റംവരെയും ഇടപെടുന്നതിനു മടിയില്ലാത്തവരുടെ ഒരു കൂട്ടമാണ് ബിജെപി. അവരെ വെറുതേ വിട്ടിട്ട് സര്‍ക്കാരിനെതിരെ തിരിഞ്ഞിരിക്കുകയാണ് അന്‍വര്‍.
എത്ര വൃത്തികെട്ട ഭാഷയിലാണ് ഇന്നലത്തെ പത്രസമ്മേളനത്തില്‍ അന്‍വര്‍ നിങ്ങള്‍ സംസാരിച്ചത്? നിങ്ങള്‍ എതിര്‍ത്തു പറഞ്ഞ അതേ മാദ്ധ്യമ ഭാഷ നിങ്ങള്‍ ഏറ്റെടുത്തു. എത്ര വൃത്തികെട്ട രീതിയിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ടിയേയും പാര്‍ടി സഖാക്കളെയും ശത്രുക്കള്‍ക്കു മുന്നില്‍ കടിച്ചുകീറാന്‍ നിങ്ങള്‍ ഇട്ടുകൊടുത്തത്.
ഇന്നത്തെ പല പത്രങ്ങളും തലക്കെട്ടായി വിശദീകരിച്ചിട്ടുള്ളതുപോലെ അന്‍വറിന്റെ യഥാര്‍ത്ഥ ഉന്നം മുഖ്യമന്ത്രിയാണ്. പാര്‍ടി നല്ലത്. മുഖ്യമന്ത്രി മോശം. എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. ഇതായിരുന്നു തുടക്കം മുതലുള്ള അന്‍വറിന്റെ യഥാര്‍ത്ഥ ഉന്നം എന്നുവേണം മനസിലാക്കാന്‍. മുഖ്യമന്ത്രിയുടെയും പാര്‍ടി നേതൃത്വത്തിന്റെയും വിശ്വാസ്യതയെ തകര്‍ക്കുക. ഇതുവഴി പാര്‍ടിയെ ദുര്‍ബലപ്പെടുത്തുകയെന്നതാണ് അന്‍വറിന്റെ തന്ത്രം. ഇതൊരു ദിവാസ്വപ്നം മാത്രമാണ്. കേരളത്തിലെ പാര്‍ടി ഒറ്റക്കെട്ടായി എങ്ങനെ ഈ വെല്ലുവിളിയെ നേരിടുമെന്ന് വരും ദിവസങ്ങളില്‍ കാണാന്‍ പോവുകയാണ്.
അന്‍വര്‍ ഒരു കാര്യം മനസിലാക്കുക. താങ്കള്‍ അവിടെ സിപിഐ(എം) സ്വതന്ത്രന്‍ ആകുന്നതിനുമുമ്പ് നീണ്ട ഒരു ചരിത്രം കേരളത്തിലെ സിപിഐ(എം)നുണ്ട്. ഈ പറയുന്ന ബിജെപിയോടും പൊലീസിനോടും പോരാടിമരിച്ച നൂറുകണക്കിന് രക്തസാക്ഷികളുണ്ട് ഈ പാര്‍ടിയില്‍. എന്തെല്ലാം പ്രതിസന്ധികള്‍ തരണം ചെയ്താണ് ഞങ്ങള്‍ ഇവിടെ എത്തിനില്‍ക്കുന്നതെന്ന് അന്‍വറിന് അറിയില്ലായിരിക്കും. അതുകൊണ്ടാണ് ഇപ്പോള്‍ ശത്രുക്കളുമായി കൂടിച്ചേര്‍ന്ന് സിപിഐ(എം)നെ തകര്‍ത്തുകളയാമെന്ന വ്യാമോഹം താങ്കള്‍ക്ക് ഉണ്ടായിട്ടുള്ളത്. അന്‍വറിന്റെ കണക്കു കൂട്ടലുകള്‍ എന്തു തന്നെയായാലും അത് തെറ്റുമെന്ന് ഉറപ്പാണ്.