ആദ്യരാത്രിയില്‍ കാര്യങ്ങളിലേക്ക് കടക്കും മുന്‍പ് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കേണം, കന്യാചര്‍മം തിരയേണ്ടതില്ല

marriage

 

ആദ്യരാത്രിയെന്നാല്‍ യുവതിയുവാക്കളുടേയെല്ലാം ദീര്‍ഘകാലത്തെ സ്വപ്‌നസാക്ഷാത്കാരമാണ്. അതുപോലെതന്നെ ആദ്യരാത്രിയെക്കുറിച്ച് ഒട്ടേറെ തെറ്റായ കാര്യങ്ങള്‍ ധരിച്ചുവെച്ചിരിക്കുന്നവരുമുണ്ട്. മുന്‍കാലങ്ങളില്‍ ആദ്യരാത്രിയെക്കുറിച്ച് വധൂവരന്മാര്‍ക്ക് ഏറെ ഉത്കണ്ഠയിരുന്നെങ്കില്‍ ഇന്ന് കാര്യങ്ങള്‍ വ്യത്യസ്തമാണ്. പരസ്പരം അറിയാനും സംസാരിക്കാനും സമയം ലഭിക്കുന്നുണ്ട് എന്നതിനാല്‍ ആദ്യരാത്രിയെക്കുറിച്ചുള്ള മാനസിക സമ്മര്‍ദ്ദം ആര്‍ക്കുമുണ്ടാകില്ല.

ആരൊക്കെ സമ്മതിച്ചാലും ഇല്ലെങ്കിലും, എല്ലാ വധൂവരന്മാരും അവരുടെ വിവാഹ രാത്രിക്കായി കാത്തിരിക്കുന്നു. സിനിമകളില്‍ കണ്ടുശീലിച്ച ആദ്യരാത്രിയാകില്ല യഥാര്‍ത്ഥ ജീവിതത്തിലേത്. പരസ്പരം ഒരുമിച്ച് ഒരുമുറിയില്‍ ആദ്യമായി കഴിയുന്നതിന്റെ ആഹ്ലാദവും പുതിയൊരു ജീവിതത്തിലേക്കുള്ള കാല്‍വെപ്പുമാണ് ആദ്യരാത്രി. അതുപോലെത്തന്നെ പ്രധാനമാണ് ആദ്യരാത്രിയിലെ ലൈംഗികമായ ഇടപഴകലും. സെക്‌സ് ഇരുവര്‍ക്കും ആദ്യത്തെ അനുഭവമാണെങ്കില്‍ ഇക്കാര്യത്തില്‍ സംശയങ്ങളും ഏറെയായിരിക്കും.

പ്ലാനിങ്ങോടുകൂടി ആദ്യരാത്രി കൈകാര്യം ചെയ്യുന്ന മിടുക്കന്മാരാണ് ഇക്കാലത്തെ യുവതിയുവാക്കള്‍. വിവാഹദിവസത്തെ തിരക്കെല്ലാം കഴിഞ്ഞ് വൈകി കിടന്നാലും പുലരുംവരെ ആദ്യരാത്രി ആഘോഷിക്കാന്‍ അവര്‍ക്കറിയാം.

ഫോണ്‍വിളികളിലൂടേയും കൂടിക്കാഴ്ചകളിലൂടേയും അടുത്തറിയാമെന്നതിനാല്‍ ആദ്യ രാത്രിയില്‍ തന്നെ ഇരുവരും സെക്‌സിന് തയ്യാറായിരിക്കും. ആദ്യ സെക്‌സ് ആണെന്നതുകൊണ്ടുതന്നെ ഏറ്റവും ശ്രദ്ധാപൂര്‍വം ഇരുവര്‍ക്കും ആനന്ദകരമായ ഒരു അനുഭൂതിയായി ഇത് മാറ്റാന്‍ സാധിക്കണം. സെക്‌സിനെക്കുറിച്ചുള്ള അറിവുകളും പോണ്‍ സിനിമകളിലെ കാഴ്ചകളും ആദ്യരാത്രി തന്നെ പരീക്ഷിച്ചുകളയാമെന്നു കരുതരുത്.

ആദ്യരാത്രിയില്‍ സെക്‌സിനെ സംബന്ധിച്ച് യാതൊരു നിര്‍ബന്ധങ്ങളും കാണിക്കരുത്. ഇരു പങ്കാളികള്‍ക്കും ഇഷ്ടമുള്ള രീതികളേ സ്വീകരിക്കാവൂ. സ്ത്രീയെ ബലമായി അതിന് നിര്‍ബന്ധിക്കരുത്. പങ്കാളിയുടെ ഇംഗിതത്തിന് പ്രാധാന്യം കൊടുക്കുക. തുടങ്ങിക്കഴിഞ്ഞാല്‍ വിജയിച്ചേ പിന്മാറൂ എന്ന ശാഠ്യം വേണ്ട. ചിലരില്‍ അത് വേദനാജനകമായിരിക്കും.

ചില പുരുഷന്മാര്‍ക്ക് ആദ്യരാത്രിയില്‍ ശീഘ്രസ്ഖലനം സംഭവിക്കാം. ഉത്കണ്ഠയും ഭയവുമൊക്കെയാണ് കാരണം. അങ്ങനെ സംഭവിച്ചാല്‍ ജീവിതം കുളമായെന്നു കരുതി വിഷമിക്കരുത്. അതുപോലെ സ്ഖലനം സംഭവിക്കാത്ത പ്രശ്‌നവും ചിലര്‍ക്കുണ്ടാകും. ദിസവങ്ങള്‍ക്കുള്ളില്‍ ഇത് മാറ്റിയെടുക്കാം.

ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന അവസ്ഥയില്‍ ഇതേക്കുറിച്ച് ആശയവിനിമയം നടത്തുക എന്നത് പ്രധാനമാണ്. ലൈംഗികതയെക്കുറിച്ച് സംസാരിക്കാന്‍ എത്ര നാണിച്ചാലും നിങ്ങളുടെ ചിന്തകളും ആശങ്കകളും പങ്കാളിയുമായി സംസാരിക്കുക.

ആദ്യരാത്രിയിലെ ലൈംഗിക ബന്ധത്തിലെ രസംകൊല്ലിയാവരുത് കന്യകാത്വം. ഇത് നിങ്ങളെ കൂടുതല്‍ പരിഭ്രാന്തരാക്കും, നിങ്ങള്‍ക്കും പങ്കാളിക്കും ഇടയിലുള്ള ലൈംഗിക മാനസികാവസ്ഥയെ തളര്‍ത്തുകയും ചെയ്യും. കന്യകാത്വം നഷ്ടപ്പെടുന്നത് കുറച്ച് വേദനയുണ്ടാക്കാം എന്നാല്‍ ഒരിക്കല്‍ അത് അവസാനിച്ചുകഴിഞ്ഞാല്‍, ലൈംഗിക സുഖം ദാമ്പത്യ ജീവിതത്തിന്റെ ഭാഗമായിത്തീരും.

സ്ത്രീകളുടെ കന്യാചര്‍മവുമായി ബന്ധപ്പെട്ട് പല അബദ്ധ ധാരണകളും നിലവിലുണ്ട്. ആദ്യരാത്രിയില്‍ അല്ലെങ്കില്‍ ആദ്യ സംഭോഗവേളയില്‍ കന്യാചര്‍മം പൊട്ടുമെന്നും അങ്ങിനെയല്ലെങ്കില്‍ സ്ത്രീ കന്യകയല്ലെന്നും കരുതുന്നവരുണ്ട്. എന്നാല്‍, കന്യാചര്‍മം പലകാരണങ്ങള്‍കൊണ്ടും നേരത്തെതന്നെ പൊട്ടിയേക്കാം. അതിന് സെക്‌സുമായി ബന്ധമുണ്ടാകണമെന്നില്ല.

ആദ്യ സെക്‌സ് സ്ത്രീയെ സംബന്ധിച്ച് വേദനാജനകമാണെങ്കില്‍ ഭയപ്പെടരുത്. മുമ്പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാത്ത ഒരാള്‍ക്ക് ഒരു ലൂബ്രിക്കന്റ് ഏറെ സഹായകരമാണ്. ഒരു ലൂബ്രിക്കന്റിന് നിങ്ങളെ വേദനയില്‍ നിന്നും അസ്വസ്ഥതകളില്‍ നിന്നും രക്ഷിക്കാന്‍ കഴിയും.

സ്ഥിരമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ഒരുപാട് സ്ത്രീകള്‍ക്ക്, ഓരോ തവണ സെക്‌സില്‍ ഏര്‍പ്പെടുമ്പോഴും രതിമൂര്‍ച്ഛ ഉണ്ടാകണമെന്നില്ല. അതിനാല്‍, നിങ്ങളുടെ വിവാഹ രാത്രിയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ രതിമൂര്‍ച്ഛ ഉണ്ടായില്ലെങ്കില്‍ നിരാശപ്പെടരുത്.

ഒരു സ്ത്രീ ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ പോലും ഗര്‍ഭിണിയാകാം. അതിനാല്‍, ഗര്‍ഭധാരണം ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ കോണ്ടം മറക്കാതെ വാങ്ങി സൂക്ഷിക്കുക.

 

Tags