ഇത് താണ്ട പടം,L3 വരുമ്പോൾ ഉണ്ടാകുന്ന ഓളം ആലോചിക്കാൻ പോലും വയ്യ; തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി എമ്പുരാന്‍

Empuraan
Empuraan

ട്രൂ ക്രിട്ടിക്


സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെകാത്തിരുന്ന ലൂസിഫര്‍ 2: എമ്പുരാന്‍ ഇന്ന് തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ഒരു മണിക്കൂറിനുള്ളില്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയില്‍ വിറ്റ ഇന്ത്യന്‍ ചിത്രം, പ്രീ റിലീസായി ലഭിച്ച 50 കോടി എന്നിങ്ങനെ വമ്പന്‍ ഹൈപ്പ് റിലീസിന് മുമ്പ് തന്നെ ചിത്രത്തിന് ഉണ്ടായിരുന്നു. അതിനാല്‍ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ പുലര്‍ച്ചെ മുതലുള്ള ഷോകള്‍ക്ക് തിയറ്ററുകളില്‍ എത്തിയതും.

empuraan

ചിത്രത്തിലേയ്ക്ക് വന്നാല്‍ മലയാള സിനിമ ഇത്രകാലം കണ്ടതിലും എത്രയോ വലിയ സ്‌കെയിലില്‍ എടുത്തുവച്ചിരിക്കുന്ന ഒരു മാസ് ആക്ഷന്‍ മസാല സിനിമ എന്ന് എമ്പുരാനെ പറ്റി പറയാം. ഹെലിപകോപ്റ്ററുകള്‍, വിദേശ ലൊക്കേഷനുകള്‍, വിദേശ താരങ്ങള്‍ എന്നിങ്ങനെ മലയാളം ഇന്‍ഡസ്ട്രിയുടെ പരിമിതിക്കള്‍ക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ, ആ പരിമിതികള്‍ പുറത്തറിയാതെ ടെക്‌നിക്കലി മികച്ചൊരു ചിത്രമൊരുക്കാന്‍ പൃഥ്വിരാജിന് സാധിച്ചിട്ടുണ്ട്. അതേസമയം ലൂസിഫറിനെ അപേക്ഷിച്ച് കഥയുടെ കാര്യത്തില്‍ ചില അതൃപ്തികള്‍ തോന്നുന്നുണ്ട് എന്നത് സത്യവുമാണ്.

 അന്താരാഷ്ട്രതലത്തില്‍ ഖുറേഷി അബ്രാം ഗ്യാങ്ങും, മറ്റ് ഗ്യാങ്ങുകളുമായുള്ള പ്രശ്‌നങ്ങളും, ഇവരെ ലക്ഷ്യമിടുന്ന അന്താരാഷ്ട്ര ഏജന്‍സുകളുടെ ഓപ്പറേഷനുകളുമെല്ലാമാണ് ചിത്രത്തിന്റെ തുടക്കത്തില്‍ കാണുന്നത്. അതേസമയം ഇങ്ങ് കേരളത്തിലാകട്ടെ, ലൂസിഫറില്‍ കേരളത്തിന്റെ രാഷ്ട്രീയ മേഖലയിലുണ്ടായ കോളിളക്കങ്ങള്‍ക്ക് ശേഷം മുഖ്യമന്ത്രിയായ ജതിന്‍ രാംദാസിനെയാണ് കാണുന്നത്. പി.കെ രാംദാസിന്റെ മരണസേഷമുണ്ടായ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച ശേഷം സ്റ്റീഫനെ പക്ഷേ കുറച്ചുകാലമായി ആരും കണ്ടിട്ടുമില്ല. കഥ ഇങ്ങനെ രണ്ട് തലങ്ങളിലായി മുന്നോട്ട് പോകവെ സ്റ്റീഫന്റെ കേരളത്തിലേയ്ക്കുള്ള വരവ് ആസന്നമാകുന്നതും, തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് എമ്പുരാന്റെ ബാക്കിപത്രം.

empuraan

നേരത്തെ പറഞ്ഞതുപോലെ കഥാഗതിയില്‍ ലൂസിഫറിന് ഉണ്ടായിരുന്നത്ര മുറുക്കം എമ്പുരാനില്‍ അനുഭവപ്പെടുന്നില്ല. നായകനായ മോഹന്‍ലാലിന്റെ കഥാപാത്രത്തിന് മറികടക്കാന്‍ അത്ര കഠിനമായ വെല്ലുവിളികളൊന്നും മുന്നിലില്ല. പകരം ഒന്നിലധികം എതിരാളികളെ ഒരേസമയം നേരിടേണ്ടിവരുന്ന സാഹചര്യമാണ്. കഥയിലെ ഈ മുറുക്കമില്ലായ്മയെ പക്ഷേ ടെക്‌നിക്കല്‍ ക്വാളിറ്റി കൊണ്ട് ഏരെക്കുറേ പൃഥ്വിരാജും സംഘവും മറികടക്കുന്നുണ്ട്. ലോകത്തെ വ്യത്യസ്തമായ നിരവധി പ്രദേശങ്ങള്‍ ലൊക്കേഷനുകളാക്കിക്കൊണ്ട് സിനിമയുടെ സ്‌കെയില്‍ വലുതാക്കി കാണിക്കുക, ഹെലികോപ്റ്ററുകള്‍, മറ്റ് യുദ്ധതന്ത്രപ്രധാനമായ വാഹനങ്ങള്‍ എന്നിവയുടെയെല്ലാം ഉപയോഗം, ആക്ഷന്‍ സീനുകള്‍, പിന്നെ അബ്രാം ഖുറേഷിയുടെ ലോകത്തെ പരിചയപ്പെടുത്തല്‍ എന്നിങ്ങനെ പ്രേക്ഷകര്‍ മലയാളത്തില്‍ കണ്ട് ശീലിച്ചിട്ടില്ലാത്ത ദൃശ്യങ്ങളിലൂടെ സിനിമയെ എന്‍ഗേജിങ് ആക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.

Empuraan

പ്രകടനങ്ങളില്‍ ലൂസിഫറിന് സമാനമായി എല്ലാവരും മികച്ച് നില്‍ക്കുന്നുണ്ട്. മോഹന്‍ലാലിലെ താരത്തെയും പൃഥ്വി മികച്ച രീതിയില്‍ ഉപയോഗിച്ചിരിക്കുന്നു. സുരാജ് വെഞ്ഞാറമൂടിന്റെ പ്രകടനം മാത്രം അത്ര മികച്ചതായി തോന്നിയില്ല. ആദ്യ ഭാഗത്തില്‍ നിന്നും രണ്ടാം ഭാഗത്തിലേയ്ക്കുള്ള മഞ്ജുവിന്റെ ട്രാന്‍സ്ഫര്‍മേഷന്‍ നന്നായിട്ടുണ്ട്. പതിവ് പോലെ അബ്രാമിന്റെ പോരാളിയായ സയീദ് മസൂദായി പൃഥ്വിരാജും നന്നായി. ഫാസില്‍ മികച്ച നടനാണെന്ന് ചിത്രം വീണ്ടും തെളിയിക്കുന്നുണ്ട്.

മുരളി ഗോപിയുടെ തിരക്കഥയില്‍ നേരത്തെ സൂചിപ്പിച്ചത് പോലെ കഥാപരമായ ഒരു മുറുക്കം കുറവാണെങ്കിലും, കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങളും, സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളുമായി ചേര്‍ത്തുവയ്ക്കാവുന്ന രംഗങ്ങളും അനവധിയാണ്. പ്രത്യേകിച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടിയെ മാത്രം വിമര്‍ശിക്കാതെ, എല്ലാ കക്ഷികളെയും വിമര്‍ശനവിധേയമാക്കുകയും, അതേസമയം ഇന്ത്യയുടെ നിലനില്‍പ്പിന്നെ തന്നെ ബാധിക്കുന്ന വര്‍ഗീയവല്‍ക്കരണത്തെയും, വര്‍ഗീയശക്തികള്‍ ഭരണരംഗം കയ്യാളുന്നതിനെയും വ്യക്തമായി തിരക്കഥ തുറന്നുകാട്ടുന്നുണ്ട്. ഒരു മാസ് മസാല സിനിമയാണെങ്കില്‍ പോലും ഇത്തരം ധീരമായ നിലപാടുകള്‍ സിനിമ എടുക്കുന്നു എന്നതിനെ അഭിനന്ദിക്കേണ്ടതുണ്ട്.

Empuraan

കഥയിലെ ചില പോരായ്മകളുണ്ടെങ്കിലും, വാണിജ്യപരമായി വളരുന്ന മലയാള സിനിമയുടെ കാഴ്ച തന്നെയാണ് എമ്പുരാന്‍. ഇനിയും ഈ ഫ്രാഞ്ചൈസിയില്‍ തുടര്‍ സിനിമകള്‍ ഉണ്ടായേക്കുമെന്ന സൂചനയോടെയാണ് ചിത്രം അവസാനിക്കുന്നത്. അതിനാല്‍ വരും സിനിമകളില്‍ തിരക്കഥയും കൂടുതല്‍ മികച്ചതാകട്ടെ എന്ന് ആശംസിക്കുന്നു.

Tags

News Hub