മുകേഷിന്റെ രാജിയ്ക്കായി മുറവിളി; പ്രതിസന്ധിയിലായി സി.പി. എം; കൊല്ലം ഉപതെരഞ്ഞെടുപ്പിന് താല്‍പര്യമില്ലാതെ പാര്‍ട്ടി നേതൃത്വം
കണ്ണൂര്‍: ചലച്ചിത്ര നടനും കൊല്ലം എം. എല്‍.എയുമായ മുകേഷ് ലൈംഗികാരോപണങ്ങളില്‍ കുടുങ്ങിയത് സി.പി എം സംസ്ഥാന നേതൃത്വത്തിന് നാണക്കേടുണ്ടാക്കുന്നു. മുകേഷ് രാജിവയ്ക്കണമെന്ന് പാര്‍ട്ടി സഹയാത്രികരും വനിതാ സംഘടനാ നേതാക്കളും ആവശ്യപ്പെട്ടു രംഗത്തു വന്നതോടെ കടുത്ത പ്രതിസന്ധിയിലാണ് സി.പി.എം സംസ്ഥാന നേതൃത്വം. പാര്‍ട്ടി സഹയാത്രികയായ ഗായത്രിവര്‍ഷ ആരോപണ വിധേയനായ മുകേഷ് മാറി നില്‍ക്കണമെന്ന് കണ്ണൂരില്‍ വെച്ചു തുറന്നടിച്ചിരുന്നു. താരാസംഘടനയായ അമ്മയ്‌ക്കെതിരെ അതിരൂക്ഷ വിമര്‍ശനമാണ് ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് പി.കെ ശ്രീമതി ഉയര്‍ത്തുന്നത്. സി. പി. ഐ ദേശീയ കൗണ്‍സില്‍ അംഗം ആനിരാജയും മുകേഷ് രാജിവയ്ക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്.
ഹേമാകമ്മിറ്റി റിപ്പോര്‍ട്ടിലെ ചിലഭാഗങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നുണ്ടായ അനുബന്ധവിവാദങ്ങളില്‍ ഏറ്റവും ഗുരുതരമായ ആരോപണങ്ങള്‍ നേരിട്ടത് സി.പി. എം എം. എല്‍. എയും മലയാളചലച്ചിത്രലോകത്തെ മുതിര്‍ന്ന നടനുമായ മുകേഷാണ്. വീട്ടില്‍ കയറി നടിയെയും ബന്ധുക്കളെയും ഭീഷണിപ്പെടുത്തിയതായുളള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. മുകേഷിനെതിരെയുളള പരാതികളില്‍ പൊലിസ് കേസെടുക്കാന്‍ നിര്‍ബന്ധിതമായാല്‍ വെളളം കുടിക്കാന്‍ പോകുന്നത് സി.പി. എമ്മായിരുന്നു.
ഇപ്പോള്‍ തന്നെ പ്രതിപക്ഷം മുകേഷിന്റെ രാജി ആവശ്യവുമായി രംഗത്തു വന്നിട്ടുണ്ട്. അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പെടെയുളള പതിനേഴംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി രാജിവെച്ചത് മുകേഷിന് തിരിച്ചടിയായിട്ടുണ്ട്. അടുത്തതാരെന്ന ചോദ്യമുയരുമ്പോള്‍ എല്ലാകണ്ണുകളും നടനിലേക്ക് തന്നെയാണ് ഉറ്റു നോക്കുന്നത്. എന്നാല്‍ മുകേഷിന്റെ രാജി അത്ര എളുപ്പമാവില്ലെന്നാണ് പാര്‍ട്ടിക്കുളളില്‍ നിന്നും ലഭിക്കുന്ന വിവരം.
പാര്‍ട്ടിയുടെ സിറ്റിങ് സീറ്റായ കൊല്ലം നഷ്ടപ്പെടാതിരിക്കാനാണ് നേതൃത്വം ശ്രമിക്കുന്നത്. ഇനിയൊരു ഉപതെരഞ്ഞെടുപ്പു കൊല്ലത്ത് നേരിടേണ്ടി വന്നാല്‍ അത്രസുഖകരമായിരിക്കില്ല അനുഭവങ്ങള്‍. മുകേഷ് രാജിവെച്ചാല്‍ മികച്ച ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനും രാഷ്ട്രീയ സാഹചര്യങ്ങള്‍വിശദീകരിക്കേണ്ട ബാധ്യതയും സി.പി. എം നേരിടേണ്ടി വരും. ഇതൊഴിവാക്കുന്നതിനായി വിവാദങ്ങള്‍ സ്വയമേവെ അടങ്ങട്ടെയെന്ന നിലപാടിലാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വം.