തൃശൂരില്‍ ആഘോഷം തുടങ്ങി ബിജെപി, കോണ്‍ഗ്രസ് വോട്ടുകള്‍ കൂട്ടത്തോടെ മറിഞ്ഞതായി സംശയം

Suresh gopi

തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരവെ എക്‌സിറ്റ് പോളിന് സമാനമായി കേരളത്തില്‍ യുഡിഎഫ് കുതിപ്പ്. ബിജെപി രണ്ട് സീറ്റുകളെങ്കിലും നേടിയേക്കാമെന്ന രീതിയിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. ഇതില്‍, തൃശൂരില്‍ 20,000 വോട്ടുകളില്‍ അധികം നേടിയ സുരേഷ് ഗോപി ഏറെക്കുറെ ജയം ഉറപ്പിച്ചെന്ന് ബിജെപി കരുതുന്നു. പലയിടങ്ങളിലും ബിജെപി ആഘോഷം തുടങ്ങിക്കഴിഞ്ഞു.

5 വര്‍ഷത്തിലേറെയായി മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന സുരേഷ് ഗോപി സിപിഐയുടെ കരുത്തനായ സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍ കുമാറിന്റെ വെല്ലുവിളി മറികടന്നാണ് വിജയത്തിലേക്ക് കുതിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി അക്കൗണ്ട് തുറക്കുന്നതിന്റെ ആഘോഷം ബിജെപി ക്യാമ്പിലുണ്ട്. അന്തിമ പ്രഖ്യാപനത്തിന് ശേഷം സംസ്ഥാനമൊട്ടാകെ വിജയാഘോഷം നടത്താനാണ് പാര്‍ട്ടിയുടെ ആഹ്വാനം.

കെ മുരളീധരന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എത്തിയിട്ടും പ്രതീക്ഷിച്ച ഫലം കിട്ടിയില്ല എന്നുവേണം കരുതാന്‍. കോണ്‍ഗ്രസിന്റേയും യുഡിഎഫിലെ മറ്റു കക്ഷികളുടേയും വോട്ടുകള്‍ കൂട്ടത്തോടെ ബിജെപിക്ക് മറിഞ്ഞതായി സംശയിക്കുന്നു. വോട്ടെടുപ്പിന് പിന്നാലെ സിറ്റിങ് എംപി ടിഎന്‍ പ്രതാപനെ കുറ്റപ്പെടുത്തി മുരളീധരന്‍ രംഗത്തെത്തിയിരുന്നു. തൃശൂരില്‍ സുരേഷ് ഗോപി ജയിച്ചാല്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ കോണ്‍ഗ്രസ് സഹായിച്ചെന്ന രീതിയില്‍ കുറ്റപ്പെടുത്തലുകളുണ്ടായേക്കാം.

2019ലെ തെരഞ്ഞെടുപ്പിന് സമാനമായി സംസ്ഥാനമെങ്ങും യുഡിഎഫ് തരംഗമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം നേടാന്‍ കഴിയില്ലെങ്കിലും വടകര ഉള്‍പ്പെടെ മിക്ക മണ്ഡലങ്ങളിലും യുഡിഎഫ് ജയം ഉറപ്പിച്ചുകഴിഞ്ഞു. ഇടതുപക്ഷം ഒന്നോ രണ്ടോ സീറ്റുകളിലൊതുങ്ങാനാണ് സാധ്യത.

Tags