ഐപിഎസ് നേടിയ അങ്കണവാടി ടീച്ചറുടെ മകന്‍, പണംകണ്ട് വന്ന വഴി മറന്നോ? സ്വര്‍ണക്കടത്തും മാഫിയ കൂട്ടുകെട്ടും, എസ് പി സുജിത് ദാസിന്റെ കഥ

Sujith Das IPS
Sujith Das IPS

കൊച്ചി: പത്തനംതിട്ട എസ്പി സുജിത് ദാസിനെ ക്രിമനല്‍ കൂട്ടുകെട്ട് ആരോപണത്തെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. പിവി അന്‍വര്‍ എംഎല്‍എ കടുത്ത ആരോപണം ഉന്നയിച്ചതിന് ശേഷം സുജിത് ദാസിനെ എസ്പി സ്ഥാനത്തുനിന്നും മാറ്റിയിരുന്നു. മലപ്പുറം എസ്പി ആയിരിക്കെ സ്വര്‍ണക്കടത്തുകാര്‍ക്കൊപ്പം ചേര്‍ന്ന് സ്വര്‍ണം തട്ടിയെടുത്തെന്നത് ഉള്‍പ്പെടെ ഞെട്ടിക്കുന്ന ആരോപണമാണ് സുജിത് ദാസിനെതിരെ ഉയര്‍ന്നുവന്നിരിക്കുന്നത്.

വാടകവീട്ടില്‍ താമസിച്ച, പാവപ്പെട്ട കുടുംബത്തില്‍ നിന്നും സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ച് ഐപിഎസ് നേടി അതിശയിപ്പിച്ച ഒരു ചരിത്രമുണ്ട് സുജിത് ദാസിന്. ചെറുപ്രായത്തില്‍ തന്നെ ഇന്ത്യന്‍ സിവില്‍ സര്‍വീസ് സ്വപ്‌നം കണ്ട് പഠിച്ചതാണ് സുജിത് ദാസിനെ ഉയരങ്ങളിലെത്തിച്ചത്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 646-ാം റാങ്ക് നേടി.

മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിടെക് പൂര്‍ത്തിയാക്കിയ ശേഷം സിവില്‍ സര്‍വീസിന് ശ്രമിക്കുകയായിരുന്നു. തന്റെ സഹപാഠിയായ അഭിരാം ശങ്കറിനെ എലൈറ്റ് സര്‍വീസിലേക്ക് തിരഞ്ഞെടുത്തതോടെ തനിക്ക് അത് നേടിയെടുക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ടായി. തുടര്‍ച്ചയായ വര്‍ഷങ്ങളിലെ ശ്രമം സുജിത് ദാസിന് ഐപിഎസ് നേടിക്കൊടുത്തു.

സെന്‍ട്രല്‍ എക്‌സൈസിന്റെയും കസ്റ്റംസിന്റെയും ബാംഗ്ലൂര്‍ സോണില്‍ ഇന്‍സ്പെക്ടറായി ജോലി ചെയ്തിരുന്നു. ഇതിനുശേഷമാണ് ഐപിഎസ്സിലേക്ക് തിരിയുന്നത്. പൊതുജനങ്ങളോട് സഹാനുഭൂതി കാണിക്കുന്ന ഒരു ബ്യൂറോക്രാറ്റ് ആകുക എന്ന ലക്ഷ്യത്തോടെയാണ് ഉന്നത സര്‍വീസില്‍ എത്തിയതെങ്കിലും പണംകണ്ട് വന്നവഴി മറന്നുവോ എന്നാണ് ജനങ്ങളുടെ ചോദ്യം.

മരംമുറി കേസുമായി ബന്ധപ്പെട്ട് സുജിത് ദാസ് അന്‍വറിനോട് സംസാരിക്കുന്ന ഫോണ്‍ സംഭാഷണം അദ്ദേഹത്തിന്റെ അഴിമതി തുറന്നുകാട്ടുന്നതാണ്. കേസ് പിന്‍വലിക്കണമെന്ന് അന്‍വറിനോട് കെഞ്ചിപ്പറയുന്ന ഉദ്യോഗസ്ഥന്‍ പോലീസ് സേനയ്ക്കുതന്നെ നാണക്കേടാണ്. ഇതിന് പിന്നാലെയാണ് സ്വര്‍ണക്കടത്തുകാരുമായി സുജിത് ദാസിന് ബന്ധമുണ്ടെന്ന് അന്‍വര്‍ ആരോപിച്ചത്. സുജിത് ദാസ് സ്വര്‍ണക്കടത്ത് നടത്തിയെന്നും ഈ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിച്ച് കുറ്റവാളികളെ പോലീസ് സ്‌ക്വാഡുകള്‍ സഹായിക്കുന്നുവെന്നും അന്‍വര്‍ ആരോപിച്ചു.

ഇന്റലിജന്‍സ് യൂണിറ്റിലെ 2015 ബാച്ച് ഐപിഎസ് ഓഫീസര്‍ സുജിത് ദാസിന്റെ കരിയര്‍ ഒട്ടേറെ അഭിനന്ദനങ്ങളും വിവാദങ്ങളും കൊണ്ട് അടയാളപ്പെടുത്തിയിട്ടുണ്ട്. മയക്കുമരുന്നുകള്‍ക്കെതിരായ ഓപ്പറേഷനുകള്‍ പോലുള്ളവ ഒരുപോലെ പ്രശംസയ്ക്കും അപകീര്‍ത്തിക്കും ഇടയാക്കി. എന്നാല്‍, ഈ പോലീസ് ഉദ്യോഗസ്ഥനെതിരെ ഇപ്പോള്‍ ഉയര്‍ന്നുവന്ന ആരോപണം അദ്ദേഹത്തെ ജോലിയില്‍ നിന്നും പിരിച്ചുവിടുന്നതിലേക്ക് നയിച്ചേക്കും.

 

Tags