മാര്‍ക്കോയും പണിയുമെല്ലാം കണ്ടിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ ഈ രീതിയില്‍ പെരുമാറിയില്ലെങ്കിലേ അതിശയമുള്ളൂ, അടിനടക്കാത്ത ദിവസങ്ങളില്ല സ്‌കൂളുകളില്‍, അധ്യാപകര്‍ക്കും വേണം ട്യൂഷന്‍

Anakara school
Anakara school

പ്രിന്‍സിപ്പലിന്റെ മുറിയില്‍ കയറിയ വിദ്യാര്‍ത്ഥി കൈചൂണ്ടി കൊലവിളി നടത്തുകയും സംഭവം പകര്‍ത്തിയ അധ്യാപകനെതിരെ പാഞ്ഞടുക്കുന്നതും വീഡിയോയില്‍ കാണാം.

പാലക്കാട്: മൊബൈല്‍ ഫോണ്‍ പിടിച്ചുവെച്ചതിന് അധ്യാപകര്‍ക്ക് നേരെ കൊലവിളി നടത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാവിഷയം. വിദ്യാര്‍ത്ഥിയുടേയും അധ്യാപകരുടേയും പക്ഷംപിടിച്ച് വാദപ്രതിവാദങ്ങള്‍ കൊഴുക്കുകയാണ്.

ഹയര്‍സെക്കന്ററി ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണുകള്‍ സ്‌കൂളില്‍ കൊണ്ടുവരരുതെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ട്. കുട്ടികള്‍ സ്‌കൂളില്‍ ഫോണ്‍ കൊണ്ടുവന്നാല്‍ അത് പിടിച്ചെടുക്കുന്നതും പതിവാണ്. ഈ രീതിയില്‍ ഫോണ്‍ പിടിച്ചെടുത്തതാണ് പാലക്കാട് ആനക്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയെ പ്രകോപിപ്പിച്ചത്.

പ്രിന്‍സിപ്പലിന്റെ മുറിയില്‍ കയറിയ വിദ്യാര്‍ത്ഥി കൈചൂണ്ടി കൊലവിളി നടത്തുകയും സംഭവം പകര്‍ത്തിയ അധ്യാപകനെതിരെ പാഞ്ഞടുക്കുന്നതും വീഡിയോയില്‍ കാണാം. വീട്ടിലും നാട്ടിലും സ്‌കൂളിലുമെല്ലാം വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം ഈ രീതിയിലാകുന്നത് എങ്ങനെയെന്ന് ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്.

സംഭവത്തില്‍ വിദ്യാര്‍ത്ഥിയെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. അപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞുപോയതാണെന്നും മാപ്പുപറയാന്‍ തയ്യാറാണെന്നുമാണ് വിദ്യാര്‍ത്ഥിയുടെ നിലപാട്. തെറ്റ് പറ്റിയതാണെന്നും തനിക്ക് ഈ സ്‌കൂളില്‍ തന്നെ തുടര്‍ന്ന് പഠിക്കാന്‍ അവസരം നല്‍കാന്‍ ഇടപെടണമെന്നും വിദ്യാര്‍ത്ഥി പോലീസിനോട് പറഞ്ഞു.

അതിനിടെ വീഡിയോ പകര്‍ത്തി പുറത്തുവിട്ട അധ്യാപകര്‍ക്കും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഏറുകയാണ്. വിദ്യാര്‍ത്ഥിയെ തിരുത്തേണ്ടവര്‍ അവരെ പ്രകോപിപ്പിച്ച് വഴിതെറ്റിക്കുകയാണെന്നും ഇതല്ല യഥാര്‍ത്ഥ വിദ്യാഭ്യാസമെന്നും ഒരുവിഭാഗം പറയുന്നു.

അതേസമയം, സ്‌കൂള്‍ അധ്യാപകരും രക്ഷിതാക്കളുമെല്ലാം വിദ്യാര്‍ത്ഥികളുടെ സ്വഭാവദൂഷ്യത്തില്‍ ആശങ്കപ്രകടിപ്പിച്ചു. മാര്‍ക്കോ, പണി തുടങ്ങി അടുത്തകാലത്ത് പുറത്തിറങ്ങിയ സിനിമകളെല്ലാം വയലന്‍സിന്റെ അതിപ്രസരമുള്ളവയാണ്. ഈ സിനിമകള്‍ യുവാക്കളേയും വിദ്യാര്‍ത്ഥികളേയുമെല്ലാം സ്വാധീനിക്കുന്നുണ്ടെന്നും അതിന്റെ പരിണിത ഫലമാണിതെന്നും പറയുന്നവരുമുണ്ട്.

ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ അടിനടക്കാത്ത ദിവസങ്ങള്‍ അപൂര്‍വമാണെന്ന് പറയാം. ഗ്യാങ് വാറിന്റെ സ്വഭാവത്തിലുള്ള ഇത്തരം ഏറ്റുമുട്ടല്‍ കാരണം ചില സ്‌കൂളുകളുടെ പ്രവര്‍ത്തനം തന്നെ തടസപ്പെടുന്ന അവസ്ഥയിലാണെന്നാണ് അധ്യാപകരുടെ പരാതി.

വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സ്‌കൂളുകളിലും ബസ്റ്റാന്‍ഡുകളിലുമെല്ലാം ഏറ്റുമുട്ടുന്നത് പതിവാണ്. കൈയ്യാങ്കളി കൂടാതെ ആയുധവുമായി ഏറ്റുമുട്ടുന്നത് മാരകമായ പരിക്കുകള്‍ക്കിടയാക്കുന്നു. ഉച്ച ഭക്ഷണത്തിന് ക്ലാസ് വിടുമ്പോള്‍ ഇടവഴിയിലും മറ്റും വിദ്യാര്‍ത്ഥികള്‍ കേന്ദ്രീകരിച്ച് അടിനടത്തുകയാണ്.

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് വ്യാപകമാകുന്നതും ഇത്തരം സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ലഹരിക്കടിപ്പെട്ട വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഭയമാണെന്നതാണ് യാഥാര്‍ത്ഥ്യം. വിദ്യാര്‍ത്ഥികളിലെ ഈ രീതിയിലുള്ള പെരുമാറ്റം നിയന്ത്രിക്കാനും അവരെ നേര്‍വഴിക്ക് നയിക്കാനും സര്‍ക്കാര്‍ തലത്തില്‍ വിപുലമായ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു.

 

Tags