റെയ്ഡിന് പിന്നാലെ ഇന്ത്യന്‍ കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ഉടമകള്‍ ഒളിവില്‍പ്പോയോ? യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി സോജന്‍ അവിറാച്ചന്‍

Sojan V Avirachan
Sojan V Avirachan

 

കൊച്ചി: സംസ്ഥാനമെങ്ങും ബ്രാഞ്ചുകളുള്ള ഇന്ത്യന്‍ കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയില്‍ നടന്ന ആദായ നികുതി വകുപ്പിന്റെ അന്വേഷണം നിക്ഷേപകരില്‍ വലിയ രീതിയിലുള്ള ആശങ്കയുണ്ടാക്കിയിരുന്നു. ഫെബ്രുവരി 7 മുതല്‍ 9 വരെ നടന്ന റെയ്ഡില്‍ നിയമവിരുദ്ധമായി പണം സ്വകാര്യ ആവശ്യത്തിനായി ഉപയോഗിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

ഏകദേശം 3800 കോടിയോളം രൂപ നിക്ഷേപകരില്‍ നിന്നും പിരിച്ചെടുത്ത സൊസൈറ്റിയുടെ 1100 കോടി രൂപ കടലാസു കമ്പനികള്‍ക്ക് കൈമാറിയെന്നും ഒരു രൂപപോലും തിരിച്ചടവുണ്ടായില്ലെന്നും കണ്ടെത്തിയതായാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ നിക്ഷേപകരുടെ പണം സുരക്ഷിതമല്ലെന്നും വന്‍ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വരൂപിച്ചശേഷം കമ്പനി തകര്‍ച്ചയിലേക്കാണെന്നുമുള്ള തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണമുണ്ടായി.

സൊസൈറ്റി ചെയര്‍മാന്‍ സോജന്‍ വി അവിറാച്ചനും മറ്റ് ബോര്‍ഡ് അംഗങ്ങളും ഒളിവാണെന്ന രീതിയിലും ചിലര്‍ പ്രചരിപ്പിച്ചു. എന്നാല്‍, സംഭവത്തിനുശേഷം ആദ്യമായി സോജന്‍ പ്രതികരണവുമായി വീഡിയോ പുറത്തുവിട്ടു. മറ്റേതൊരു സ്ഥാപനത്തിലും ഉള്ളതുപോലുള്ള പരിശോധന മാത്രമാണ് നടന്നതെന്നും ഇതുസംബന്ധിച്ച് ഒരു ഔദ്യോഗിക വിവരവും ആദായനികുതി വകുപ്പ് പുറത്തുവിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, നിയമപരമായി കൃത്യമായി പലിശ ഈടാക്കിയാണ് സൊസൈറ്റിയുടെ പണം വായ്പയായി നല്‍കിയിരിക്കുന്നതെന്നും സോജന്‍ വ്യക്തമാക്കി.

ഐസിസിഎസ്എല്ലിന്റെ പ്രവര്‍ത്തനം പതിവ് രീതിയില്‍ മുന്നോട്ടുപോവുകയാണെന്നാണ് കമ്പനിയും അറിയിക്കുന്നത്. പൊതുസമൂഹത്തിന്റെ താല്‍പ്പര്യത്തിനോ നമ്മുടെ രാജ്യത്തിന്റെ താല്‍പ്പര്യത്തിനോ വേണ്ടി പ്രവര്‍ത്തിക്കാത്ത എതിരാളികളില്‍ പലരും ഈ സാഹചര്യം തങ്ങളുടെ നേട്ടത്തിനായി മുതലെടുക്കാനും നിരപരാധികളെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചു.

ഐസിസിഎസ്എല്‍ എന്നത് നിയമം അനുസരിക്കുന്നതും നികുതി പാലിക്കുന്നതുമായ സ്ഥാപനമാണ്. എല്ലാ നികുതികളും സര്‍ക്കാര്‍ കുടിശ്ശികകളും കൃത്യമായി അടക്കുന്നു. ചെയര്‍മാനും സോജന്‍ വി അവിറാച്ചനും മറ്റ് ബോര്‍ഡ് അംഗങ്ങളും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഒളിവിലല്ല. പരിഭ്രാന്തി സൃഷ്ടിക്കരുതെന്നും കമ്പനി അറിയിച്ചു.


നിശ്ചിത തീയതികളില്‍, നിക്ഷേപങ്ങള്‍ കാലാവധി പൂര്‍ത്തിയാക്കുന്ന രീതിയില്‍ മടക്കിനല്‍കും. എന്നാല്‍, നിക്ഷേപം പിന്‍വലിക്കാന്‍ ഒരു ഒഴുക്ക് ഉണ്ടായാല്‍, ബാങ്കുകള്‍ക്കോ മറ്റേതെങ്കിലും ശക്തമായ ധനകാര്യ സ്ഥാപനങ്ങള്‍ക്കോ പോലും അത് താങ്ങാന്‍ കഴിയില്ല. പരിഭ്രാന്തി, കിംവദന്തികള്‍, എന്നിവയെല്ലാം എല്ലാവര്‍ക്കും നഷ്ടമാണുണ്ടാക്കുക. 10 ലക്ഷത്തിലധികം അംഗങ്ങളും ഏജന്റുമാരും 1000 ലധികം ജീവനക്കാരും അടങ്ങുന്ന കുടുംബമാണ് ഞങ്ങളുടേതെന്നും സൊസൈറ്റി അറിയിച്ചു.

 

Tags