ഇന്റര്‍വ്യൂവിന് പോയി കുരുക്കിലായെന്ന് ടെക്കി, അഭിമുഖം നടത്തിയത് യുവതി, ഒടുവില്‍ ഓടി രക്ഷപ്പെട്ടു
ഡല്‍ഹി സ്വദേശിയായ ഒരു എഞ്ചിനീയറിങ് ബിരുദധാരി ഒരിക്കല്‍ താന്‍ ഇന്റര്‍വ്യൂവിന് ഹാജരായി കുരുക്കലായ അവസ്ഥ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
ന്യൂഡല്‍ഹി: ഇന്റര്‍വ്യൂ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മുട്ടിടിക്കുന്നവരുണ്ട്. പ്രത്യേകിച്ചും ബിരുദം കഴിഞ്ഞ ആദ്യ നാളുകളില്‍ അഭിമുഖം നടത്തുന്നവരെ നേരിടാന്‍ പരിശീലനം തന്നെ വേണ്ടിവരാറുണ്ട്. ഡല്‍ഹി സ്വദേശിയായ ഒരു എഞ്ചിനീയറിങ് ബിരുദധാരി ഒരിക്കല്‍ താന്‍ ഇന്റര്‍വ്യൂവിന് ഹാജരായി കുരുക്കലായ അവസ്ഥ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
ബിരുദത്തിന് ശേഷം ജോലി അന്വേഷിക്കുന്നതിനിടയില്‍ ഡല്‍ഹിയില്‍ വെച്ചായിരുന്നു സംഭവം. ഒരു ഏജന്‍സി മുഖേന മികച്ച കമ്പനികളിലേക്ക് നിയമനം നടത്തുകയാണെന്നും ജോലി നേടാന്‍ സഹായിക്കാമെന്നും അറിയിച്ച് ഒരു കണ്‍സള്‍ട്ടന്‍സിയില്‍ നിന്ന് കോള്‍ വന്നു. ഒരു ജോബ് പോര്‍ട്ടലില്‍ ജോലി ലിസ്റ്റിംഗ് കണ്ടെത്തിയതിനാല്‍ അവരുടെ കെട്ടിടത്തില്‍ എത്തുന്നതുവരെ താന്‍ ഒന്നും സംശയിച്ചില്ലെന്ന് ടെക്കി പറഞ്ഞു.
കെട്ടിടം തന്നെ അല്‍പം ഭയപ്പെടുത്തുന്ന രീതിയിലായിരുന്നു. പുറത്ത് ബൗണ്‍സര്‍മാര്‍ (അംഗരക്ഷകര്‍) നില്‍ക്കുന്നു. അവരില്‍ ഒരാളോട് ഇന്റര്‍വ്യൂ എവിടെയാണെന്ന് ചോദിച്ചു. എന്നോട് അകത്തേക്ക് പോകാന്‍ പറഞ്ഞു, എവിടെ എച്ച്ആറിന്റെ മുറിയിലേക്ക് നടന്നു. മുപ്പതുകാരിയായ ഒരു യുവതിയാണ് അവിടെ ഉണ്ടായിരുന്നത്.
അവര്‍ മുന്‍നിര കമ്പനികളുമായുള്ള ബന്ധത്തെക്കുറിച്ച് പറയുകയും താന്‍ മുഖേന മൈക്രോസോഫ്റ്റില്‍ സ്ഥാനം പിടിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളുടെ ചിത്രങ്ങള്‍ കാണിക്കുകയും ചെയ്തു. സോഫ്‌റ്റ്വെയര്‍ കഴിവിനെക്കുറിച്ച് സ്ത്രീ ചോദിച്ചു തുടങ്ങിയപ്പോഴാണ് എന്തോ കുഴപ്പമുണ്ടെന്ന് ഉറപ്പിച്ചത്.
അവരെ പരീക്ഷിക്കാന്‍ വേണ്ടി മനപ്പൂര്‍വ്വം തെറ്റായ ഉത്തരങ്ങള്‍ നല്‍കി. അത് നല്ല ഉത്തരമെന്നായിരുന്നു മറുപടി. ഇതോടെ അഭിമുഖം കുഴപ്പമാണെന്ന് കൂടുതല്‍ ഉറപ്പായി. തുടര്‍ന്ന് തന്നോട് 3,000 രൂപ നല്‍കാന്‍ ആവശ്യപ്പെട്ടു.
എന്റെ കയ്യില്‍ 500 രൂപ നോട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ, അത് ഞാന്‍ കൊടുത്തു. ബാക്കി പണം എടുക്കാന്‍ പുറത്ത് പോകണമെന്ന് പറഞ്ഞ് അവരെ ബോധ്യപ്പെടുത്തി. ബൗണ്‍സര്‍ എന്നെ പിന്തുടര്‍ന്ന് പടികള്‍ ഇറങ്ങി. പുറത്തിറങ്ങിയ ഉടന്‍ കഴിയുന്നത്ര വേഗത്തില്‍ ഓടി, മെട്രോയില്‍ കയറി. പൊതു റോഡിലൂടെ അയാള്‍ പിന്തുടരില്ലെന്ന ആശ്വാസമുണ്ടായിരുന്ന് ടെക്കി പറഞ്ഞു. ഒട്ടേറെപ്പേര്‍ ടെക്കിയുടെ പോസ്റ്റിന് പ്രതികരിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അഭിമുഖത്തിന് മുന്‍പ് കൃത്യമായ അന്വേഷണം നടത്തണമെന്നാണ് ടെക്കിയുടെ ഉപദേശം.