ഇര വേട്ടക്കാരനും വേട്ടക്കാരന്‍ ഇരയുമാകുമോ? നടന്മാര്‍ക്കെതിരായ ലൈംഗിക ആരോപണത്തില്‍ തെളിവ് നല്‍കിയില്ലെങ്കില്‍ പണി പാളും

Jayasurya mukesh
Jayasurya mukesh

കൊച്ചി: ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ മലയാള സിനിമാ പ്രവര്‍ത്തകര്‍ക്ക് നേരെ ഉയര്‍ന്നുവന്നിട്ടുള്ള ലൈംഗിക ആരോപണത്തില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. പരാതിക്കാരായ നടിമാരുടെ മൊഴിയെടുക്കുകയാണ് പ്രാഥമികമായി ചെയ്യുന്നത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ ആരോപണവിധേയരായവരെ ചോദ്യം ചെയ്യുകയും തുടര്‍നടപടി സ്വീകരിക്കുകയും ചെയ്യും.

സമൂഹത്തിലെ പ്രമുഖരായ വ്യക്തികളാണ് ആരോപണവിധേയര്‍ എന്നതുകൊണ്ടുതന്നെ പരാതിക്കാര്‍ മൊഴികളിലും പരാതിയിലും ഉറച്ചുനില്‍ക്കേണ്ടത് പ്രധാനമാണ്. പകപോക്കാനെന്ന നിലയില്‍ ഏതെങ്കിലും വ്യക്തിക്കെതിരെ പരാതി നല്‍കുകയും അത് വ്യാജമാണെന്ന് തെളിയുകയും ചെയ്താല്‍ സമാനരീതിയിലുള്ള പരാതികളുടെ ക്രഡിബിലിറ്റിയേയും അത് ബാധിക്കും.

പത്തും പതിനഞ്ചും വര്‍ഷങ്ങള്‍ക്കപ്പുറം സംഭവിച്ചെന്ന് പറയുന്ന കാര്യങ്ങളാണ് പരാതിയായി അന്വേഷണസംഘത്തിന് മുന്നിലെത്തുന്നത്. അതുകൊണ്ടുതന്നെ ഇതില്‍ തെളിവുകള്‍ കണ്ടെത്തുക എളുപ്പമല്ല. സാക്ഷികളെ ഹാജരാക്കുക പരാതിക്കാര്‍ക്കും വെല്ലുവിളിയാണ്. മുന്‍നിര സിനിമാപ്രവര്‍ത്തകര്‍ ആയതുകൊണ്ടുതന്നെ വ്യാജപരാതിയാണെന്ന് കോടതിയില്‍ തെളിഞ്ഞാല്‍ ഇര വേട്ടക്കാരനും വേട്ടക്കാരന്‍ ഇരയുമായിത്തീരും.

സംഭവം നടന്നതിന് പിന്നാലെ പരാതി നല്‍കുക എന്നതാണ് ലൈംഗിക പീഡനക്കേസില്‍ പ്രധാനം. എന്നാല്‍, പല കാരണങ്ങളാല്‍ പരാതി നല്‍കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകും. ഇത്തരം അവസരങ്ങളില്‍ പരാതിക്കാര്‍ തെളിവുകള്‍ മുന്നോട്ടുവെക്കുകയെന്നതാണ് പരാതിയെ സാധൂകരിക്കാന്‍ ചെയ്യേണ്ടത്. നിലവില്‍ മലയാള സിനിമയില്‍ ഉയര്‍ന്നുവന്നിട്ടുള്ള പല പരാതികളും തെളിയിക്കാന്‍ സാധിക്കുമോ എന്ന സംശയം നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പരാതിക്കാരായ സ്ത്രീകള്‍ക്കെതിരെ കൗണ്ടര്‍ പരാതി നല്‍കാന്‍ നടന്മാര്‍ തയ്യാറായത് പരാതികള്‍ തെളിയിക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ്. നടന്മാര്‍ ആയതുകൊണ്ടുതന്നെ കനത്തതുക മാനനഷ്ടമായി ആവശ്യപ്പെട്ടാല്‍ നടിമാര്‍ കുഴപ്പത്തിലാകും. കൗണ്ടര്‍ കേസ് നല്‍കിയതോടെ ഭാവിയില്‍ വെളിപ്പെടുത്തല്‍ നടത്താനിരിക്കുന്നവര്‍ക്കും അത് തിരിച്ചടിയാകും. കൃത്യമായ തെളിവുകളോടെ പരാതി നല്‍കാന്‍ എത്രപേര്‍ക്ക് കഴിയുമെന്നത് കണ്ടറിയണം. മൊഴികളും സാഹചര്യത്തെളിവുകളും വിലയിരുത്തി കുറ്റപത്രം സമര്‍പ്പിക്കാനും കേസില്‍ ശിക്ഷ ഉറപ്പുവരുത്താനും അന്വേഷണ സംഘം വലിയ വെല്ലുവിളി നേരിടേണ്ടിവരും. വേട്ടക്കാര്‍ വമ്പന്മാരായ അഭിഭാഷകരെ രംഗത്തിറക്കും എന്നതിനാല്‍ ഇരകള്‍ക്ക് മികച്ച നിയമസഹായം ലഭിക്കുമെന്ന് ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്.

 

Tags