ഒറ്റ കുട്ടി മതിയെന്ന് കരുതുന്ന ദമ്പതികള്‍ ആ കുട്ടിയോട് ചെയ്യുന്നത് പൊറുക്കാനാകാത്ത തെറ്റ്

Single child

അണുകുടുംബത്തിന്റെ പ്രസക്തി ഏറിവന്ന കഴിഞ്ഞ ചില പതിറ്റാണ്ടുകള്‍ക്കുശേഷം മലയാളികള്‍ക്കിടയില്‍ ഒറ്റകുട്ടിയെന്ന കാഴ്ചപ്പാടിന് പ്രചാരമേറിവരികയാണ്. ഒരു കുട്ടിയും മാതാപിതാക്കളും എന്ന രീതിയില്‍ അണുകുടുംബം വീണ്ടും ചെറുതാകുമ്പോള്‍ വളര്‍ന്നുവരുന്ന കുട്ടിക്കുണ്ടാകുന്ന മാനസിക വൈകല്യങ്ങളും ഏറിവരികയാണെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ഒരു കുട്ടിമതിയെന്ന് മാതാപിതാക്കള്‍ തീരുമാനിക്കാന്‍ പല കാരണങ്ങളുമുണ്ട്. ദമ്പതികള്‍ ജോലിക്കാരാകുമ്പോള്‍ പ്രസവവും കുട്ടികളെ വളര്‍ത്തിയെടുക്കേണ്ട ബുദ്ധമുട്ടുമാണ് പ്രധാന കാരണമായി പറയുന്നത്. മറ്റൊന്ന് കൂടുതല്‍ കുട്ടികളെ വളര്‍ത്തുന്നതിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളും. എന്നാല്‍, ഒരു കുട്ടിമാത്രമെന്ന കാഴ്ചപ്പാട് സമൂഹത്തിന് തന്നെ ഭാവിയില്‍ വലിയ രീതിയില്‍ ദോഷകരമായി ബാധിച്ചേക്കാം. ഒരു കുട്ടിമാത്രമെന്നതിനെ പ്രോത്സാഹിപ്പിച്ച ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇപ്പോള്‍ ആ തീരുമാനത്തില്‍ നിന്നും മാറിയിട്ടുണ്ട്.

കുട്ടികളെ വളര്‍ത്തുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നാണ് ഒരു കുട്ടി മതിയെന്ന് പറയുന്നവരുടെ വാദം. എന്നാല്‍, കൂടുതല്‍ കുട്ടികളുള്ള വീട്ടില്‍ വളരുന്ന കുട്ടിയുടേയും ഒരു കുട്ടി മാത്രമായി വളര്‍ന്നുവരുന്നവരുടേയും മാനസികനില ഭിന്നമായിരിക്കും. ഒറ്റകുട്ടി മാത്രം മതിയെന്ന വാദത്തിന് ഗുണത്തേക്കാള്‍ ഏറെ ദോഷങ്ങളാണെന്നും കാണാം.

ജനിച്ച് ഒറ്റയ്ക്ക് വളരുന്ന കുട്ടിക്ക് ഏകാന്തത അനുഭവപ്പെട്ടേക്കാം. ഒരു കുട്ടി മാത്രമാകുമ്പോള്‍ മാതാപിതാക്കള്‍ക്ക് പ്രതീക്ഷകളും ഏറെയായിരിക്കും. സ്‌കൂളിലും മറ്റ് പ്രവര്‍ത്തനങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് മാതാപിതാക്കള്‍ പ്രതീക്ഷിക്കുന്നതിനാല്‍ കുട്ടികള്‍ വളരെയധികം സമ്മര്‍ദ്ദം നേരിട്ടേക്കാം.

സമൂഹവുമായുള്ള അകല്‍ച്ചയും ഇത്തരം കുട്ടികളില്‍ കാണാം. ഒറ്റയ്ക്ക് വളര്‍ന്ന ഒരു കുട്ടി സുഹൃത്തുക്കളെ നേടിയെടുക്കുന്നതില്‍ പരാജയപ്പെടുന്നു. വളര്‍ന്നുവരുമ്പോള്‍ മാതാപിതാക്കളുടെ എല്ലാ ചുമതലകളും ഏറ്റെടുക്കണമെന്ന ഉത്തരവാദിത്തവും ആ കുട്ടിയില്‍വന്നുചേരും.

ഒറ്റയ്ക്കിരിക്കുമ്പോള്‍ എങ്ങനെ ആസ്വദിക്കാമെന്ന് പഠിക്കാന്‍ നിര്‍ബന്ധിതരാകും. അവര്‍ക്ക് സ്വയം ആഹ്ലാദം കണ്ടെത്താനുള്ള കഴിവില്ലെങ്കില്‍ ജീവിതം വിരസമായി തോന്നാം. പ്രചോദനമില്ലാത്തവരായാണ് ഇത്തരം കുട്ടികള്‍ വളരുന്നത്.

കുട്ടികള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ മറ്റൊന്ന് സമൂഹത്തിലെ ഇടപെടലുമായി ബന്ധപ്പെട്ടതാണ്. കുട്ടിക്ക് ഏകാന്തത അനുഭവപ്പെടുന്നുണ്ടെങ്കില്‍ അല്ലെങ്കില്‍ മറ്റുള്ളവരോട് സംസാരിക്കുന്നതില്‍ പ്രശ്നങ്ങളുണ്ടെങ്കില്‍, കുട്ടിയെ കൂടുതല്‍ സംസാരിക്കാന്‍ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. മാതാപിതാക്കളെന്ന നിലയില്‍, കുട്ടികളെ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ പ്രോത്സാഹിപ്പിക്കുകയും മറ്റു കുട്ടികളുമായുള്ള അവരുടെ ഇടപെടലുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യണം.

ഒറ്റക്കുട്ടിയായി വളരുന്നവര്‍ പൊതുവെ അമിത ഗൗരവക്കാരായിരിക്കും. യുക്തിസഹവും പണ്ഡിതോചിതവും നേരായ ചിന്താഗതിയുള്ളതുമായ ഇവര്‍ ചെറിയ തമാശകള്‍ പറഞ്ഞ് ചിരിക്കാറില്ല. അവരെ ചിരിപ്പിക്കാനും സന്തോഷിപ്പിക്കാനും ശ്രമിക്കേണ്ടത് രക്ഷിതാക്കളുടെ ഉത്തരവാദിത്തമാണ്. കുട്ടിക്കൊപ്പം കൂടുതല്‍ ഇടപഴകാന്‍ സമയം കണ്ടെത്തുന്നത് ഒറ്റയ്ക്കല്ലെന്ന ചിന്ത അവരിലുണ്ടാക്കും.

സഹോദരങ്ങളില്ലാത്ത കുട്ടികള്‍ക്ക് പലപ്പോഴും മുതിര്‍ന്നവരോട് കൂടുതല്‍ അടുപ്പം തോന്നും. പ്രത്യേകിച്ചും അവര്‍ക്ക് അവരുടെ പ്രായത്തിലുള്ള കുട്ടികളേക്കാള്‍ മുതിര്‍ന്നവരോട് സംസാരിക്കാനായിരിക്കും താത്പര്യം കൂടുതല്‍. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ഇത്തരം കുട്ടികള്‍ക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരുമെന്നതിനാല്‍ കുട്ടികളെ അതിനായി പ്രാപ്തനാക്കേണ്ടതുമുണ്ട്.

Tags