'പ്രധാനമന്ത്രിക്ക് കൈകൊടുക്കാതെ മുഖം തിരിച്ച് ശ്രേയസ് അയ്യര്‍, കരാറില്‍ നിന്നും ജയ് ഷാ പുറത്താക്കാനുള്ള കാരണം', വൈറലായി വീഡിയോ

google news
shreyas iyer

ന്യൂഡല്‍ഹി: 2023 ലെ ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പില്‍ 500 ലധികം റണ്‍സ് നേടിയ താരമാണ് ശ്രേയസ് അയ്യര്‍. എന്നാല്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകനെ ഫിബ്രുവരിയില്‍ ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ നിന്ന് ഒഴിവാക്കി. ഇപ്പോള്‍, സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ ശ്രേയസ്സിനെ ഒഴിവാക്കാനുള്ള കാരണമായി ഒരുവിഭാഗം ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ ടീമുമായി സൗഹൃദം പങ്കിടവെ കൈകൊടുക്കാന്‍ വിസമ്മതിച്ച് മുഖം തിരിക്കുന്ന ശ്രേയസ് എന്ന പേരലാണ് വീഡിയോ പ്രചരിക്കുന്നത്. അതിനാലാണ് താരത്തെ ഒഴിവാക്കിയതെന്ന് ആരാധകര്‍ ആരോപിക്കുന്നു.

ലോകകപ്പ് ഫൈനല്‍ കഴിഞ്ഞ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രേയസ് അയ്യര്‍ മോദിയുമായി ഹസ്തദാനം ചെയ്യാന്‍ വിസമ്മതിച്ചത് ഓര്‍ക്കുന്നുണ്ടോ? പിന്നീട് ബിസിസിഐ കേന്ദ്ര കോണ്‍ടാക്റ്റില്‍ നിന്ന് ജയ് ഷാ അദ്ദേഹത്തെ ഒഴിവാക്കി. ഇന്ന് അദ്ദേഹം ധ്രുവ് റാഠിയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നെന്ന് എക്‌സില്‍ ഒരു ആരാധകന്‍ കുറിച്ചു.

എന്നാല്‍, പ്രചരിക്കുന്ന വീഡിയോ ശരിയായ വസ്തുതയല്ല പങ്കിടുന്നതെന്ന് ചില ദേശീയ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി. ഒരു മുഴുനീള വീഡിയോയുടെ ചെറിയ ഭാഗം മാത്രമായിരുന്നു അത്. കെഎല്‍ രാഹുലിന് പ്രധാനമന്ത്രി കൈകൊടുക്കുന്നതിന് മുന്‍പ് ശ്രേയസ്സിന് ഷേക്ക് ഹാന്‍ഡ് നല്‍കുന്നതായി മുഴുവന്‍ വീഡിയോയില്‍ കാണാം. അതേസമയം, മറ്റു കളിക്കാരുമായി സംസാരിച്ചതുപോലെ പ്രധാനമന്ത്രി ശ്രേയസ്സിനോട് സംസാരിക്കുന്നില്ല.

ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് തോറ്റശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഇന്ത്യന്‍ ടീമിന്റെ ഡ്രസ്സിംഗ് റൂം സന്ദര്‍ശിച്ചപ്പോഴുള്ള വീഡിയോയാണിത്. അന്ന് വൈറലായ വീഡിയോയില്‍ പ്രധാനമന്ത്രി ശ്രേയസ് അയ്യര്‍ക്കും പിന്നാലെ സൂര്യകുമാര്‍ യാദവ്, കുല്‍ദീപ് യാദവ്, കെ എല്‍ രാഹുല്‍ എന്നിവരുമായി കൈ കൊടുക്കുന്നത് കാണാം.

ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ നിന്ന് ശ്രേയസ് അയ്യരെ ഒഴിവാക്കിയതിന് പിന്നിലെ കാരണം ഇപ്പോഴും വ്യക്തമല്ല. രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ വിസമ്മതിച്ചതിനാലാണ് ശ്രേയസ് അയ്യരുടെയും ഇഷാന്‍ കിഷന്റെയും കരാര്‍ റദ്ദാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

Tags