വിസ്മയ പാര്‍ക്കില്‍ യുവതിയെ കയറിപ്പിടിച്ച പ്രൊഫസര്‍ ഇഫ്തിക്കര്‍ ചില്ലറക്കാരനല്ല, സ്വന്തം വിദ്യാര്‍ത്ഥിനിയോട് ലൈംഗിക അതിക്രമംകാട്ടിയ വിരുതന്‍


കണ്ണൂര്‍: പറശ്ശിനിക്കടവ് വിസ്മയ പാര്‍ക്കിലെ വേവ് പൂളില്‍ വെച്ച് യുവതിയെ കയറിപ്പിടിച്ചതിന് അറസ്റ്റിലായ പെരിയ കേന്ദ്ര സര്‍വകലാശാലയിലെ ഇംഗ്ലീഷ് പ്രൊഫസര്‍ ബി ഇഫ്തിക്കര്‍ അഹമ്മദ് നേരത്തേയും സമാനരീതിയിലുള്ള ലൈംഗിക അതിക്രമത്തിലെ പ്രതി.
സ്വന്തം വിദ്യാര്‍ത്ഥിനിയോട് ലൈംഗിക അതിക്രമം കാട്ടിയ സംഭവത്തില്‍ അഞ്ച് മാസത്തോളം സസ്‌പെന്‍ഷനിലായ ഇയാളെ പ്രതിഷേധം വകവെക്കാതെയാണ് തിരിച്ചെടുത്തത്. 2023 നവംബര്‍ 13-നാണ് ബിരുദാനന്തരബിരുദം ഒന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥിനിയോട് ഇയാള്‍ ലൈഗികാതിക്രമം കാട്ടിയെന്ന പരാതി ഉയര്‍ന്നത്. വിദ്യാര്‍ഥിനി നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ ഇയാള്‍ക്കെതിരെ ബേക്കല്‍ പോലീസ് കേസെടുത്തിരുന്നു.
ക്ലാസില്‍വെച്ച് ബോധരഹിതയായ വിദ്യാര്‍ത്ഥിനിക്ക് കൃത്രിമശ്വാസം നല്‍കുന്നുവെന്ന പേരില്‍ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കേസില്‍ അറസ്റ്റിലായശേഷം ജാമ്യം ലഭിച്ചു. ഹോസ്ദുര്‍ഗ് താലൂക്ക് പരിധിയില്‍ പ്രവേശിക്കരുതെന്ന നിര്‍ദ്ദേശത്തോടെയായിരുന്നു ജാമ്യം. എന്നാല്‍, ഇക്കാര്യം പരിഗണിക്കാതെ ഇയാളെ തിരികെയെടുത്തു. ഇതോടെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തി. സമ്മര്‍ദ്ദം കടുത്തതോടെ വീണ്ടും സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. നേരത്തെ തലശ്ശേരി ബ്രണ്ണന്‍ കോളേജിലും കൃഷ്ണമേനോന്‍ സ്മാരക വനിതാ കോളേജിലും അധ്യാകനായിരുന്നപ്പോള്‍ ഇയാള്‍ക്കെതിരെ ലൈംഗിക പീഡന പരാതികളുണ്ടായിരുന്നു. പിന്നീട് ഇയാളെ വനിതാ കോളേജില്‍ നിയമിക്കരുതെന്ന നിര്‍ദ്ദേശവുമുണ്ടായി.
വിസ്മയ പാര്‍ക്കില്‍ യുവതിയെ കയറിപ്പിച്ചതിന് അറസ്റ്റിലായതോടെ പ്രൊഫസറുടെ ലൈംഗിക അതിക്രമം കൂടുതല്‍ തുറന്നുകാട്ടപ്പെടുകയാണ്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലീസിന് ലഭിച്ചതോടെ കേസില്‍ നിന്നും രക്ഷപ്പെടുക എളുപ്പമല്ല. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ശരിയായിരുന്നെന്ന് തെളിയിക്കുന്നതാണ് വിസ്മയ പാര്‍ക്കിലെ ഇയാളുടെ ചെയ്തികള്‍.
