താരമുഷ്‌ക് മടക്കി കൈയ്യില്‍ വെച്ചാല്‍മതി, ആദ്യം നിലത്തിറങ്ങി നടക്ക്, ഇനി ആ സിനിമ കാണുന്നില്ല, ജോജുവിനെതിരെ ശാരദക്കുട്ടി

Saradakkutty Joju George
Saradakkutty Joju George

മുടക്കിയ വലിയകാശ് നിങ്ങള്‍ക്ക് ലാഭമാക്കി മാറ്റണമെങ്കില്‍ ഇപ്പുറത്തുള്ള ഞങ്ങളുടെ പോക്കറ്റിലെ ചെറിയ കാശു മുടക്കിയാലേ നടക്കൂ. ആ ഓര്‍മ്മവേണം.

കൊച്ചി: സംവിധാന രംഗത്തിറങ്ങിയ ആദ്യ സിനിമതന്നെ പ്രേക്ഷകര്‍ കൈനീട്ടി സ്വീകരിച്ചതിന് പിന്നാലെ ജോജു ജോര്‍ജു വിവാദത്തിലകപ്പെട്ടിരിക്കുകയാണ്. സിനിമയെ വിമര്‍ശിച്ചയാളെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ ജോജി തന്റെ സിനിമയ്ക്ക് തന്നെ പണികൊടുത്തു. ജോജുവിന്റെ അതിരുകടന്ന പെരുമാറ്റം സിനിമ കാണുന്നതില്‍ നിന്നും പ്രേക്ഷകരെ പിന്തിരിപ്പിക്കുകയാണ്. കാലം മാറിയെന്ന് സിനിമാക്കാര്‍ മനസിലാക്കണമെന്നാണ് എഴുത്തുകാരിയും അധ്യാപികയുമായ ശാരദക്കുട്ടിയുടെ പ്രതികരണം. ആദ്യം നിലത്തിറങ്ങി നടക്ക്, എന്നിട്ട് മുന്‍കാല സംവിധായകരുടെ അഭിമുഖങ്ങളും മറ്റും കണ്ടുനോക്കണമെന്നും അവര്‍ പറഞ്ഞു.

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

നടി സീമയുമായുള്ള അഭിമുഖം കണ്ടപ്പോള്‍ എന്തായാലും പണി എന്ന ചിത്രം കാണാന്‍ തീരുമാനിച്ചതാണ്. എന്നെങ്കിലും തിരികെ വരണം എന്ന് ഞാനാഗ്രഹിക്കുന്ന , ശക്തമായ ശരീരഭാഷയും അഭിനയസിദ്ധിയുമുള്ള നടിയാണവര്‍.

ഇന്നലെ കുന്നംകുളത്തു വെച്ച് ഒരു സുഹൃത്ത് പറഞ്ഞു, ചേച്ചി അതിഭീകരമായ വയലന്‍സ് കണ്ടിരിക്കാമെന്നുണ്ടെങ്കില്‍ മാത്രം പോയാല്‍ മതിയെന്ന്. എന്റെ ആവേശം ഒട്ടൊന്നു കുറഞ്ഞു.  


ആദര്‍ശിന്റെ റിവ്യു , attitude ഒക്കെ ഇഷ്ടമായി. സിനിമ കാണണ്ട എന്ന് തീരുമാനിച്ചത് ഇതുകൊണ്ടൊന്നുമല്ല. ജോജുവിന്റെ അക്രമാസക്തമായ ആ മൊബൈല്‍ സംഭാഷണം കേട്ടതോടെയാണ്.

പറഞ്ഞു വന്നത്, മലയാളസിനിമയെ നശിപ്പിക്കുന്നത് പ്രേക്ഷകരോ റിവ്യുവേഴ്സോ അല്ല. സിനിമ ഉപജീവനമാക്കിയ നിങ്ങളെ പോലുള്ളവരുടെ ഹുങ്ക് തന്നെയാണ്. നിങ്ങള്‍ മുടക്കിയ വലിയകാശ് നിങ്ങള്‍ക്ക് ലാഭമാക്കി മാറ്റണമെങ്കില്‍ ഇപ്പുറത്തുള്ള ഞങ്ങളുടെ പോക്കറ്റിലെ ചെറിയ കാശു മുടക്കിയാലേ നടക്കൂ. ആ ഓര്‍മ്മവേണം.

ആദ്യം നിലത്തിറങ്ങി നടക്ക്.  എന്നിട്ട് ഐ വി ശശിയും പത്മരാജനും പി എന്‍ മേനോനും ഭരതനുമൊക്കെ അടങ്ങിയ വലിയ സംവിധായകരുടെ പഴയ അഭിമുഖങ്ങളും വീഡിയോയും ഒക്കെ ഒന്ന് കണ്ടു നോക്കണം.
 അപ്പോള്‍ കാര്യമിത്രേയുള്ളു. കാലം മാറി എന്ന് സിനിമാക്കാര്‍ കൂടുതല്‍ ജാഗ്രത്താകണം. പ്രേക്ഷകര്‍ കൂടുതല്‍ അധികാരമുള്ളവരായിരിക്കുന്നു. താരമുഷ്‌ക് മടക്കി കൂട്ടി കൈയ്യില്‍ വെക്കണം.
എസ്. ശാരദക്കുട്ടി

 

Tags