വിദേശത്ത് നിയമവും പിഴയും ഭയന്ന് സുരക്ഷയോടെ വണ്ടിയോടിക്കും മലയാളികള്‍, കേരളത്തില്‍ ലക്കും ഗലാനുമില്ലാത്ത ഓട്ടം, മദ്യപിച്ചും ലൈസന്‍സില്ലാതേയും മറ്റെവിടെയങ്കിലും ഓടിക്കാനാകുമോ? വേണം കനത്ത ശിക്ഷ

S Saradakutty
S Saradakutty

ട്രാഫിക് നിയമങ്ങള്‍ ഇത്ര അനായാസം ലംഘിച്ച് വീണ്ടും സുഖമായി റോഡിലൂടെ യാത്ര ചെയ്യാന്‍ മറ്റേതെങ്കിലും രാജ്യത്ത് ഏതെങ്കിലും സംസ്ഥാനത്ത് സാധിക്കുമോ എന്ന് എനിക്ക് അറിയില്ല.

കൊച്ചി: കേരളത്തിന് അടുത്തകാലത്തുണ്ടായ വാഹനാപകടങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണ്. ഓരോ ദിനവും മാധ്യമങ്ങളില്‍ അപകടവാര്‍ത്ത നിറയുകയാണെന്ന് എഴുത്തുകാരിയും അധ്യാപികയുമായ എസ് ശാരദക്കുട്ടി പറയുന്നു. വിദേശത്ത് ട്രാഫിക് നിയമം പാലിക്കുന്ന മലയാളികള്‍ കേരളത്തില്‍ നിയമലംഘനം പതിവാക്കുന്നെന്നും കുറ്റം ചെയ്തവര്‍ക്ക് കനത്ത ശിക്ഷയും പിഴയും ഉറപ്പാക്കണമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

എസ് ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

അത്ഭുതങ്ങള്‍ കൊണ്ട് മാത്രം രക്ഷപ്പെടേണ്ടതാണോ റോഡിലെ മനുഷ്യജീവനുകള്‍?
***********************************
ടി വി ഓണ്‍ ചെയ്താല്‍ അപകടവാര്‍ത്തകളുടെ കൂട്ടയിടിയാണ്. സ്‌ക്രോളിനു മേല്‍ സ്‌ക്രോള്‍. ലോറി പാഞ്ഞുകയറുന്നു. കാര്‍ തെന്നി മറിയുന്നു. സ്‌കൂട്ടര്‍ യാത്രക്കാരനു മേല്‍ ബസ് പാഞ്ഞുവരുന്നു. ചീറിപ്പായുന്ന കാറിനു മുന്നില്‍ നിന്ന് പിഞ്ചുകുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെടുന്നു. എയര്‍പോര്‍ട്ട് യാത്രകളുടെ ദുരന്തങ്ങളോ പതിവാകുന്നു.

ട്രാഫിക് നിയമങ്ങള്‍ ഇത്ര അനായാസം ലംഘിച്ച് വീണ്ടും സുഖമായി റോഡിലൂടെ യാത്ര ചെയ്യാന്‍ മറ്റേതെങ്കിലും രാജ്യത്ത് ഏതെങ്കിലും സംസ്ഥാനത്ത് സാധിക്കുമോ എന്ന് എനിക്ക് അറിയില്ല.

ഓവര്‍ സ്പീഡ് എടുത്താലോ ട്രാഫിക് റൂള്‍സ് ലംഘിച്ച് ഓവര്‍ടേക്ക് ചെയ്താലോ മറ്റൊരു വാഹനത്തിനെ മറികടന്നാലോ സീറ്റ് ബെല്‍റ്റ് ഇട്ടില്ലെങ്കിലോ സ്പീഡ് കൂടിയാലോ ട്രാഫിക് ലൈറ്റ് ഡിം ചെയ്തില്ലെങ്കിലോ അനധികൃത പാര്‍ക്കിങ് നടത്തിയാലോ ഒക്കെ കഠിനമായ ശിക്ഷകള്‍ ഉള്ള വിദേശരാജ്യങ്ങളില്‍ യാത്രാനിയമങ്ങള്‍ എത്ര കൃത്യമായിട്ടാണ് മലയാളികള്‍ പോലും പാലിക്കുന്നത് എന്ന് നമുക്കറിയാം .
കാരണം ശിക്ഷ കഠിനമാണ് . പണിഷ്‌മെന്റിന്റെ ഫൈന്‍ താങ്ങാവുന്നതിനപ്പുറമാണ് .

കേരളത്തില്‍ ദിവസേന എത്രയെത്രയെത്ര ജീവനുകളാണ് വഴിയില്‍ ഉണ്ടാകുന്ന ആഘാതങ്ങളില്‍, അപകടങ്ങളില്‍ പൊലിയുന്നത്  എത്ര പിഞ്ചുകുഞ്ഞുങ്ങള്‍! എത്ര വഴിയാത്രക്കാര്‍ ! എത്രമാത്രം ജീവിത സ്വപ്നങ്ങള്‍ കണ്ടുകൊണ്ട് മുന്നോട്ട് യാത്ര ചെയ്യുന്ന നവദമ്പതികള്‍! തെരുവിലുറങ്ങുന്ന പാവങ്ങള്‍! അംഗപരിമിതര്‍ ! വീട്ടിലിരിക്കുന്ന മക്കളെ കുറിച്ച് ഓര്‍ത്ത് ആകുലപ്പെട്ട് തിരക്കുകളില്‍ ഓടുന്ന അച്ഛനമ്മമാര്‍ !

എന്താണ് കേരളത്തില്‍ ഇതിനൊരു പ്രതിവിധിയില്ലാത്തത്? മറ്റ് എവിടെയെങ്കിലും ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാല്‍ ഒരു കുഴപ്പവുമില്ലാതെ തുടര്‍യാത്ര ചെയ്യാന്‍ സാധിക്കുമോ? മദ്യപിച്ചും ഉറക്കമിളച്ചും വാഹനമോടിക്കാനുള്ള ധൈര്യം എവിടെ നിന്നുണ്ടാകുന്നതാണ്? ശിക്ഷകള്‍ സ്വാധീനമുപയോഗിച്ചാല്‍ ഇളവു ചെയ്തു കിട്ടുമെന്ന ധൈര്യത്തില്‍ നിന്നാണോ? ലൈസന്‍സില്ലാത്ത കുട്ടികള്‍ വണ്ടിയുമെടുത്ത് അന്യായ സ്പീഡില്‍ റോഡിലേക്കിറങ്ങാന്‍ ധൈര്യം കാണിക്കുന്നതെന്തുകൊണ്ടാണ്? അന്യായ സ്പീഡില്‍ വളവു തിരിഞ്ഞൊക്കെ വരുന്ന വണ്ടികള്‍ക്കു മുന്നില്‍ ഏത് എക്‌സ്പര്‍ട്ട് ഡ്രൈവറും പതറിപ്പോവില്ലേ?

ആര്‍ക്കും ചാടിക്കടക്കാവുന്ന മതില്‍ മാത്രമാണോ ഇവിടെ നിയമം ?
ഉത്സവ സീസണാണ്. ക്രിസ്മസും ന്യൂ ഈയറും വരുകയാണ്. സന്ധ്യാനേരങ്ങള്‍ ദീപപ്രഭയിലും ശബ്ദഘോഷങ്ങളിലും മുഴുകാന്‍ തയ്യാറാവുകയാണ്. ഭയപ്പെടുത്തുന്ന തിരക്കുകളാണ്. സമാധാനം നഷ്ടപ്പെടുകയാണ്.

 

Tags