വടകരയിലെ പ്രവചനത്തില്‍ ഞെട്ടിച്ച് റാഷിദ്, ഭൂരിപക്ഷത്തില്‍ എന്തൊരു കൃത്യത, പക്ഷെ, ദേശീയ തലത്തില്‍ പാളി

CP Rashid

കോഴിക്കോട്: പ്രവചന വിദഗ്ധനായ റാഷിദ് സിപി വീണ്ടും പ്രവചനത്തിലൂടെ ശ്രദ്ധേയനാകുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തിലെ പ്രവചനം കൃത്യമാക്കിയ റാഷിദ് ഷാഫി പറമ്പിലിന്റെ ഭൂരിപക്ഷത്തില്‍ പോലും കണക്കു തെറ്റിയില്ല. 88,500 നും 1,14,000 വോട്ടുകള്‍ക്കും ഇടയിലായിരിക്കും ഷാഫിയുടെ ഭൂരിപക്ഷം എന്നായിരുന്നു റാഷിദിന്റെ പ്രവചനം. ഫലം വന്നപ്പോള്‍ ഷാഫി 1,14,940 വോട്ടുകള്‍ക്ക് ജയിച്ചു. വോട്ടിങ് ശതമാനത്തില്‍ പോലും കൃത്യത കാട്ടാന്‍ റാഷിദിന് സാധിച്ചു.

അതേസമയം, ദേശീയ തലത്തിലും കേരളത്തിലും ആകെ സീറ്റുകള്‍ പ്രവചിക്കുന്നതില്‍ റാഷിദിന് പാളിച്ചപറ്റി. 327 വരെ സീറ്റുകള്‍ ബിജെപിക്ക് ലഭിക്കുമെന്നും 350ന് അടുത്ത് എന്‍ഡിഎയ്ക്ക് ലഭിക്കുമെന്നുമായിരുന്നു റാഷിദിന്റെ പ്രവചനം. കൂടാതെ, കോണ്‍ഗ്രസ് പരമാവധി 73 സീറ്റും ഇന്ത്യ മുന്നണി ആകെ 150 സീറ്റുകളിലും ഒതുങ്ങുമെന്നും പ്രവചിച്ചു.

കേരളത്തില്‍ 17 വരെ സീറ്റുകളാണ് യുഡിഎഫിന് പ്രവചിച്ചത്. എല്‍ഡിഎഫിന് 3 മുതല്‍ 5 വരെ സീറ്റുകളും ലഭിച്ചേക്കാമെന്നും പ്രവചിച്ചു. ഇതും കൃത്യമായില്ല. അതേസമയം, എന്‍ഡിഎ ഒരു സീറ്റ് നേടിയേക്കാമെന്ന റാഷിദിന്റെ പ്രവചനം ഫലിച്ചു. എന്തുതന്നെയായാലും വന്‍ സന്നാഹങ്ങളോടെ പ്രവചനം നടത്തുന്ന ദേശീയ ഏജന്‍സികളേക്കാള്‍ കൃത്യതയോടെ പ്രവചിക്കാന്‍ റാഷിദിന് സാധിച്ചു.

 

Tags