ചാനല്‍ ചര്‍ച്ചയില്‍ ക്വട്ടേഷന്‍ സംഘാംഗവും, ധാര്‍മികമൂല്യമെല്ലാം വെടിഞ്ഞ് കേരളത്തിലെ ചാനലുകള്‍

google news
News18malayalam

കൊച്ചി: കേരളത്തിലെ ദൃശ്യമാധ്യമങ്ങള്‍ സമീപകാലത്ത് വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്കാണ് ഇരയാകുന്നത്. മാധ്യമപ്രവര്‍ത്തനത്തിന്റെ ധാര്‍മിക മൂല്യങ്ങളെല്ലാം വെടിഞ്ഞ് സാമ്പത്തിക ലാഭവും ചാനല്‍ റേറ്റിംഗും മാത്രം ലക്ഷ്യമാക്കി നടത്തുന്ന ബിസിനസായി ദൃശ്യമാധ്യമങ്ങള്‍ മാറുന്നതായുള്ള ആക്ഷേപം വ്യാപകമാണ്. വിവാദങ്ങള്‍ ഊതിപ്പെരുപ്പിച്ചും പക്ഷം ചേര്‍ന്നുള്ള ചര്‍ച്ചകളുമെല്ലാം മലയാളികള്‍ ദിനേന കാണുന്നു.

നിരീക്ഷകരെന്ന പേരില്‍ ചാനല്‍ ചര്‍ച്ചകള്‍ക്കെത്തുന്നവരുടേയും ചര്‍ച്ച നയിക്കുന്ന അവതാരകരുടേയും നിലവാരമില്ലായ്മയും രൂക്ഷ വിമര്‍ശനത്തിന് ഇടയാകാറുണ്ട്. ഇപ്പോഴിതാ വാടകഗുണ്ട അഥവാ ക്വട്ടേഷന്‍ സംഘാംഗത്തെ തന്നെ ചാനല്‍ ചര്‍ച്ചയില്‍ അവതരിപ്പിച്ച് ഞെട്ടിക്കുകയാണ് ഒരു മലയാളം ചാനല്‍. ന്യൂസ് 18 മലയാളം ന്യൂസ് ചാനലിലാണ് ക്വട്ടേഷന്‍ സംഘാംഗമെത്തിയത്.

കേരളത്തിലെ ക്രമസമാധാനനില തകര്‍ന്നോ എന്നായിരുന്നു ചര്‍ച്ചയിലൂടെ അറിയേണ്ടിയിരുന്നത്. അതിനായുള്ള പാനലുകള്‍ക്കൊപ്പം ക്വട്ടേഷന്‍ സംഘാംഗത്തേയും വിളിച്ചുവരുത്തി. കഴിഞ്ഞ ചില ദിവസങ്ങളിലായി സംസ്ഥാനത്ത് നടക്കുന്ന അക്രമികളുടെ വിളയാട്ടം ചര്‍ച്ച ചെയ്യാന്‍ വാടകഗുണ്ടയെ തന്നെ വിളിച്ചുവരുത്തിയ ചാനലിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. ക്വട്ടേഷന്‍ ടീമുകളുടെ ഫോണ്‍ നമ്പറുകള്‍ ഇവര്‍ക്കെങ്ങിനെ ലഭിച്ചുവെന്നും ഇവരുമായുള്ള അന്തര്‍ധാര സജീവമാണെന്നുമൊക്കെയാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം. രണ്ടും ക്വട്ടേഷന്‍ സംഘം തന്നെയാണല്ലോയെന്ന് പരിഹസിക്കുന്നവരുമുണ്ട്.

Tags