'അന്‍വര്‍ പറയുന്നത് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയാന്‍ ആഗ്രഹിച്ച കാര്യം', ഫേസ്ബുക്കില്‍ ലൈക്കുകള്‍ വാരിക്കൂട്ടുന്നു

pv anwar pinarayi vijayan
pv anwar pinarayi vijayan

മലപ്പുറത്തെ പോലീസ് ഉന്നതരെ ലക്ഷ്യമാക്കി ആരംഭിച്ച അന്‍വറിന്റെ പോരാട്ടം സിപിഎമ്മിലും മുഖ്യമന്ത്രിയിലും എത്തിനില്‍ക്കുമ്പോള്‍ എല്‍ഡിഎഫില്‍ നിന്നും ഏറെക്കുറെ പുറത്തായിക്കഴിഞ്ഞു.

 തിരുവനന്തപുരം: സിപിഎമ്മിനേയും സര്‍ക്കാരിനേയും പ്രതിക്കൂട്ടിലാക്കി പിവി അന്‍വര്‍ നടത്തുന്ന ആക്രമണത്തിന് സോഷ്യല്‍ മീഡിയയില്‍ വന്‍ പിന്തുണ. അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ പതിനായിരക്കണക്കിന് ലൈക്കും ഷെയറും നേടുകയാണ്. സൈബര്‍ സഖാക്കളാണ് തന്നെ പിന്തുണയ്ക്കുന്നവരില്‍ ഏറെയെന്ന് അന്‍വര്‍ പറയുന്നുണ്ടെങ്കിലും ആര്‍എസ്എസ്, കോണ്‍ഗ്രസ്, മുസ്ലീം ലീഗ് പ്രവര്‍ത്തകരും അന്‍വറിന് ലൈക്ക് നല്‍കാന്‍ മത്സരിക്കുകയാണ്.

മലപ്പുറത്തെ പോലീസ് ഉന്നതരെ ലക്ഷ്യമാക്കി ആരംഭിച്ച അന്‍വറിന്റെ പോരാട്ടം സിപിഎമ്മിലും മുഖ്യമന്ത്രിയിലും എത്തിനില്‍ക്കുമ്പോള്‍ എല്‍ഡിഎഫില്‍ നിന്നും ഏറെക്കുറെ പുറത്തായിക്കഴിഞ്ഞു. ഇടത് സ്വതന്ത്രന്‍ എന്ന നിലയില്‍ അറിയപ്പെട്ടിരുന്ന അന്‍വര്‍ വെറും സ്വതന്ത്രനായിട്ടാകും ഇനി നിമയസഭയിലും ഇരിക്കുക. എല്‍ഡിഎഫുമായി അകലുന്ന കാര്യം ഞായറാഴ്ച നടക്കാനിരിക്കുന്ന പൊതുസമ്മേളനത്തില്‍ അന്‍വര്‍ അറിയിച്ചേക്കും.

പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയാന്‍ ആഗ്രഹിച്ച കാര്യമാണ് അന്‍വര്‍ പറയുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലരുടെ അഭിപ്രായം. ആദ്യ പിണറായി സര്‍ക്കാര്‍ മുതല്‍ പോലീസ് വകുപ്പിനെതിരെ വിമര്‍ശനമുയരുന്നുണ്ട്. രണ്ടാം സര്‍ക്കാര്‍ പാതിദൂരമെത്തുമ്പോള്‍ ആര്‍എസ്എസ്സിന് അനുകൂലമായാണ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നത് എന്ന ആരോപണമാണ് അന്‍വര്‍ ഉന്നയിക്കുന്നത്.

പോലീസിനെതിരെ അന്‍വര്‍ ഉന്നയിക്കുന്ന കാര്യത്തില്‍ യാഥാര്‍ത്ഥ്യമുണ്ടെന്ന് കരുതുന്നവരാണ് ഭൂരിഭാഗംപേരും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടും തൃശൂര്‍ പൂരം സംബന്ധിച്ചും എഡിജിപി അജിത് കുമാറിന്റെ ആര്‍എസ്എസ് കൂടിക്കാഴ്ച സംബന്ധിച്ചുമെല്ലാം അന്‍വറിന്റെ ആരോപണം കുറിക്കുകൊള്ളുന്നതാണ്. എന്നാല്‍, മുഖ്യമന്ത്രിയെ വ്യക്തിപരമായും പാര്‍ട്ടിയേയും ആക്രമിക്കാനുള്ള അന്‍വറിന്റെ ശ്രമങ്ങള്‍ക്ക് എത്രമാത്രം പിന്തുണ കിട്ടുമെന്നത് കണ്ടറിയണം.

 

Tags