പുഷ്പനെപ്പോലെ എത്രപേർ ?ഭരണകൂടങ്ങൾ മാറുമ്പോഴും പൊലിസ് ഭീകരത തുടരുന്നു;ചരിത്രപാഠങ്ങളായി രക്തസാക്ഷിത്വങ്ങൾ

How many people are like Pushpan? Even after the change of regimes, police brutality continues; Martyrdoms as lessons of history
How many people are like Pushpan? Even after the change of regimes, police brutality continues; Martyrdoms as lessons of history

കൂത്തുപറമ്പ് സമരത്തിൻ്റെ പാഠങ്ങൾ ഉൾക്കൊള്ളാൻ മാറി മാറി ഭരിച്ച ഇടത്-വലത് സർക്കാരുകൾക്ക് കഴിഞ്ഞിട്ടില്ല.

കണ്ണൂർ:ജനകീയ സമരങ്ങളെ ഭരണകൂടത്തിൻ്റെ കോടാലികൈയ്യായി മാറുന്ന പൊലിസ് എങ്ങനെ കൈക്കാര്യം ചെയ്യുന്നുവെന്നതിൻ്റെ ചരിത്രപാഠങ്ങളിലൊന്നാണ് 1994 നവംബർ 25ന് നടന്ന കൂത്തുപറമ്പ് സമരത്തിനെതിരെയുണ്ടായ വെടിവയ്പ്പ്. 'വെറുമൊരു ബലപ്രയോഗത്തിൽ ഒതുങ്ങേണ്ട യുവജന സമരത്തെ വെടിവയ്പ്പിലൂടെ പൊലിസും ഭരണകൂടവും പൈശാചികമായി നേരിട്ടപ്പോൾ അഞ്ച് യുവാക്കളുടെ ജീവനാണ് പൊലിഞ്ഞത്. 

ഇപ്പോഴിതാ ജീവിക്കുന്ന രക്തസാക്ഷിയായിരുന്ന പുതുക്കുടി പുഷ്പനും ശയ്യാവലംബിയായിരിക്കെ വിട പറഞ്ഞു. കേരള ചരിത്രത്തിലെ ഉണങ്ങാത്ത മുറിവായി മാറിയിരിക്കുകയാണ് കൂത്തുപറമ്പ് വെടിവയ്പ്പ്. മൂന്ന് പതിറ്റാണ്ടു കഴിഞ്ഞിട്ടും കൂത്തുപറമ്പ് സമരത്തിൻ്റെ പാഠങ്ങൾ ഉൾക്കൊള്ളാൻ മാറി മാറി ഭരിച്ച ഇടത്-വലത് സർക്കാരുകൾക്ക് കഴിഞ്ഞിട്ടില്ല. തങ്ങളുടെ മർദ്ദനോപകരണമായി പൊലിസിനെ ഉപയോഗിക്കുകയാണ് അവരിന്നും.


സമരം ചെയ്യുന്ന യുവജന പ്രവർത്തകരെ അടിച്ചൊതുക്കുകയെന്ന പഴഞ്ചൻ ശൈലിയാണ് പൊലിസ് ഇപ്പോഴും പിൻതുടരുന്നത്. നിരായുധരായി സമരം ചെയ്യുന്നവരുടെ തലയ്ക്ക് ലാത്തി കൊണ്ട് അടിക്കുകയും അടിനാഭിയിൽ ഷൂ കൊണ്ടു ചവിട്ടുകയും ചെയ്യുന്ന പൊലിസിൻ്റെ പ്രാകൃതത്വം പുരുഷൻമാർക്കു നേരെ മാത്രമല്ല വനിതകൾക്കു നേരെയും അരങ്ങേറുന്നുണ്ട്. എസ്.എഫ്.ഐ സംസ്ഥാന നേതാവായിരുന്ന പി.കെ ബിജുവിനെ പോലെയുള്ള കേരളത്തിൻ്റെ പ്രതീക്ഷയായിരുന്ന വിദ്യാർത്ഥി നേതാക്കൾ അകാലത്തിൽ പൊലിയേണ്ടി വന്നത് പൊലിസിൻ്റെ തലയ്ക്കുള്ള ലാത്തി അടിയേറ്റാണ്.

                                                     How many people are like Pushpan? Even after the change of regimes, police brutality continues; Martyrdoms as lessons of history
 കേരളത്തിൻ്റെ സമര ചരിത്രത്തിൽ ഭരണകൂട ഭീകരത അരങ്ങേറിയ ഒട്ടേറെ സംഭവങ്ങളുണ്ടായിട്ടുണ്ട്. പൊലിസിൻ്റെ തല്ലുകൊണ്ടാലേ നേതാവായി മാറാൻ കഴിയുകയുള്ളുവെന്ന മൂഢവിശ്വാസം പല വിദ്യാർത്ഥി -യുവജന പ്രവർത്തകരും വെച്ചുപുലർത്തുന്നുണ്ട്.
എന്നാൽ കൂത്തുപറമ്പിൽ നടന്നത് ഏകപക്ഷീയമായ പൊലിസ് വേട്ടയായിരുന്നുവെന്ന തെളിവുകൾ പിന്നീട് പുറത്തുവന്നിട്ടുണ്ട്. സംഘർഷമുണ്ടാകുമെന്ന ഇൻ്റലിജൻസ് റിപ്പോർട്ടുണ്ടായിട്ടും വെറുമൊരു അർബൻ ബാങ്ക് ഉദ്ഘാടനത്തിൽ നിന്നും താൻ പിൻമാറില്ലെന്ന അന്നത്തെ സഹകരണ മന്ത്രിയായ എം.വി രാഘവൻ്റെ പിടിവാശിയാണ് വെടിവയ്പ്പിൽ കലാശിച്ചത്. അന്നത്തെ മറ്റൊരു മന്ത്രിയായ എൻ. രാമക്യഷ്ണൻ പൊലിസ് നൽകിയ വിവരമനുസരിച്ച് പാതി വഴിയിൽ മടങ്ങി പോയതും ഈ സന്ദർഭത്തിൽ ഓർക്കണം.

1991–-96 വർഷത്തെ യുഡിഎഫ്‌ സർക്കാരിന്റെ ഭരണത്തിൽ അഴിമതിയും  വിദ്യാഭ്യാസ കച്ചവടവും ആരോപിച്ച്   ഡിവൈഎഫ്‌ഐ പ്രഖ്യാപിച്ച സമരമായിരുന്നു ഔദ്യോഗിക പരിപാടിക്കെത്തുന്ന മന്ത്രിക്കെതിരെ കരിങ്കൊടി ഉയർത്തി  പ്രതിഷേധം പ്രകടിപ്പിക്കൽ.അതിന്റെ ഭാഗമായിരുന്നു കൂത്തുപറമ്പിലും മട്ടന്നൂരിലും സഹകരണമന്ത്രി എം വി രാഘവനെതിരായ  പ്രതിഷേധം.
സമരത്തിന്‌ കൂത്തുപറമ്പിൽ നേതൃത്വം കൊടുത്തത്‌ അന്നത്തെ ഡിവൈഎഫ്‌ഐ സംസ്ഥാന ജോയൻ്റ് സെക്രട്ടറി എം.വി ജയരാജൻ, ജില്ലാ സെക്രട്ടറി എം സുരേന്ദ്രൻ, ജില്ലാ വൈസ്‌ പ്രസിഡന്റ്‌ കെ കെ രാജീവൻ, കൂത്തുപറമ്പിലെ നേതാവ്‌ കെ ധനഞ്ജയൻ ഉൾപ്പെടെയുള്ളവരായിരുന്നു.

രണ്ട്‌സ്ഥലങ്ങളിലായിട്ടാണ്‌ യുവജനപ്രവർത്തകർ അണിനിരന്നത്‌. പ്രസംഗപരിപാടി നടക്കുന്ന മുൻസിപ്പൽടൗൺഹാൾ പരിസരവും ബാങ്ക്‌ കെട്ടിടം നിൽക്കുന്ന ആലക്കണ്ടി കോംപ്ളക്സിന് മുൻവശത്തെ റോഡിലുമാണ് നൂറ് കണക്കിന് പ്രവർത്തകർ തടിച്ചു കൂടിയത്.രണ്ട്‌ മണിക്കൂറോളം സമാധാനപരമായിട്ടായിരുന്ന സമരം നടന്നത്‌. ഒരു സംഘർഷവും ഡിവൈഎഫ്‌ഐയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. ഒരാളുടെ കൈയിലും കൊടികെട്ടാനുള്ള വടി പോലുമുണ്ടായിരുന്നില്ല. തൂവാലയുടെ വലിപ്പത്തിലുള്ള കറുത്ത തുണിയാണ്‌ പലരുടെയും കൈയിലുണ്ടായിരുന്നത്‌. ഇക്കാര്യം അന്വേഷണ കമീഷനുകൾ–- ജനകീയ മനുഷ്യാവകാശ കമീഷനും സർക്കാർ നിയോഗിച്ച പത്മനാഭൻ നായർ കമീഷനും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.വെടിയേറ്റ്‌ പിടഞ്ഞുവീണ്‌ മരിച്ച കെ വി റോഷന്റെ പാന്റിന്റെ പോക്കറ്റിൽനിന്ന്‌ ചോരപുരണ്ട കറുത്ത തുണി കണ്ടെത്തിയതായി  ഇൻക്വസ്‌റ്റ്‌ റിപ്പോർട്ടിൽ അന്നത്തെ സബ്‌കലക്ടർ രേഖപ്പെടുത്തിയിട്ടുമുണ്ട്‌. ഇത്‌ തെളിയിക്കുന്നത്‌ പ്രതിഷേധിക്കാൻ  എത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകർ നിരായുധരായിരുന്നുവെന്നാണ്. കണ്ണൂരിൽനിന്നുള്ള പൊലീസുകാർ കൂത്തുപറമ്പിൽ എത്തുംവരെ,  സമാധാനപരമായി പ്രതിഷേധിക്കുന്ന യുവജനങ്ങളെ അറസ്‌റ്റ്‌ ചെയ്‌ത്‌ മാറ്റാൻ പോലും അവിടെയുണ്ടായിരുന്ന പൊലീസുകാർ തയ്യാറായിരുന്നില്ല. എന്നാൽ മന്ത്രിക്ക്‌  പൈലറ്റായും എസ്‌കോർട്ടായും എത്തിയ വാഹനങ്ങളിലെ പൊലീസുകാർ ഇറങ്ങിയ ഉടൻ ലാത്തിചാർജും വെടിവെയ്‌പും ആരംഭിക്കുകയായത്.

                                                                  How many people are like Pushpan? Even after the change of regimes, police brutality continues; Martyrdoms as lessons of history


ആദ്യഅടികിട്ടിയത് സമരത്തിന് നേതൃത്വം നൽകിയ എം.വി ജയരാജനായിരുന്നു.ഹക്കീം ബത്തേരിയാണ്‌ പൊലീസ്‌ ജീപ്പിൽനിന്നിറങ്ങിയ ഉടൻ ജയരാജൻ്റെ തലക്കടിച്ച്‌ പരിക്കേൽപ്പിച്ചത്‌. പരിചയമുള്ള പൊലീസ്‌ ഉദ്യോഗസ്ഥനായതിനാൽ, ‘‘മന്ത്രിയെത്തിയാൽ കരിങ്കൊടി കാണിച്ച്‌ ഞങ്ങൾ പിരിഞ്ഞുപോയ്‌ക്കോളാം ഞങ്ങൾ അക്രമിക്കാൻ വന്നതല്ല, നിങ്ങൾ സംഘർഷമുണ്ടാക്കരുത്‌’’ എന്ന്‌ പറയാൻ പോയപ്പോഴാണ് ജയരാജന് അടിയേറ്റത്. അപ്പോഴേക്കും ഭീകര മർദ്ദനം ഹക്കീം ബത്തേരി തുടങ്ങിയിരുന്നു. എം.വി ജയരാജനെ ലാത്തികൊണ്ടടിച്ചു താഴെയിട്ടു. കൂടെയുണ്ടായിരുന്ന എം.സുരേന്ദ്രനെ ബൂട്‌സിട്ട്‌ ചവിട്ടി. പിന്നെയങ്ങോട്ട്‌ ക്രൂര മർദ്ദനമായിരുന്നു നടന്നത്. പരിക്കേറ്റ സമരക്കാരിൽ  32പേർ ടൗൺഹാളിന്‌ മുന്നിൽ വീണു. സമരനേതാവായ ജയരാജൻ ഉൾപ്പെടെ  പലരും അർധബോധാവസ്ഥയിൽ ആയിരുന്നു. പലരുടെയും ശരീരത്തിൽനിന്ന്‌ ചോര ഒഴുകുന്നുണ്ടായിരുന്നു. അതിനിടയിൽ എപ്പോഴോ ആണ് വെടിയൊച്ച കേൾക്കുന്നത്‌.   കണ്ണീർ വാതക ഷെല്ലോ, ഗ്രനേഡോ എറിയുകയായിരുന്നു എന്നാണ്‌ സമരക്കാർആദ്യം കരുതിയത്‌.  എന്നാൽ പൊലീസ്‌ നേർക്കുനേർ നിന്ന്‌ വെടിയുതിർക്കുകയായിരുന്നു. അതിനിടയിൽ മുൻനിര സമരക്കാരെ തല്ലിച്ചതച്ച്‌ പൊലീസ് വണ്ടിയിൽ കയറ്റി ജില്ലാ ആശുപത്രിയിൽ എത്തിച്ചു.


ഇതിനുശേഷമാണ്‌  സമരമുഖത്തുണ്ടായിരുന്ന അഞ്ചുപേർ -കെ കെ രാജീവൻ, കെ വി റോഷൻ, ഷിബുലാൽ, മധു, ബാബു–- എന്നിവർ മരിച്ചതും പുഷ്‌പനുൾപ്പെടെയുള്ളവർക്ക്‌  വെടിവെയ്‌പിൽ പരിക്കേറ്റതും പുറംലോകംഅറിഞ്ഞത്‌. യാതൊരുവിധനടപടിക്രമവും പാലിക്കാതെയാണ്‌ അന്ന്‌ പൊലീസ്‌ വെടിവെച്ചത്‌. ഒരു മുന്നറിയിപ്പ്‌ പോലും നൽകാതെ, ഏകപക്ഷീയമായി പ്രത്യേകം നിയോഗിച്ച പൊലീസുകാർ നേർക്കുനേർ  വെടിവെക്കുകയായിരുന്നു. കൂത്തുപമ്പിനടുത്ത തലശേരിയിലെ സബ്‌കലക്ടർക്കു പകരം കണ്ണൂരിൽനിന്നുള്ള  ഡെപ്യൂട്ടി കലക്ടറെ  എക്‌സിക്യൂട്ടിവ്‌ മജിസ്‌ട്രേറ്റ്‌ ആയി എത്തിച്ചത്‌ പൊലീസ്‌ അതിക്രമം കാട്ടുന്നതിനായി പ്രത്യേകം തെരഞ്ഞെടുത്ത്‌  കൊണ്ടുവന്നതാണെന്നും പരാതി ഉയർന്നിരുന്നു.ലക്കും ലഗാനുമില്ലാതെയായിരുന്നു വെടിവെയ്‌പ്‌. കടകളുടെ ചുമരുകൾക്കുമേലും പീടികമുറികളിൽ ഇരുന്നവർക്കുപോലും വെടി ചില്ലുകൾ തെറിച്ചു പരുക്കേറ്റു.


അത്രമേൽക്രൂരമായ,  ഭരണകൂട ഭീകരതയുടെ ബലിയാടായിരുന്നു പുതുക്കുടിപുഷ്‌പൻ. ആല കണ്ടി കോംപ്ളക്സിന് മുൻപിലെ റോഡിൽ നിന്നും മറ്റു നാലുപേർക്കൊപ്പം വെടിയേറ്റു മുപ്പത്വർഷത്തോളം തളർന്നുകിടന്ന പുഷ്‌പൻ അക്ഷരാർഥത്തിൽ ജീവിക്കുന്ന രക്തസാക്ഷി തന്നെയായിരുന്നു. വെടിയേറ്റ്‌ പൂർണമായി കിടപ്പിലായിട്ടും ഇത്രയും നാൾ ജീവിച്ചിരുന്ന മറ്റൊരാൾ കേരളത്തിലില്ല. അതിന്‌ പിന്നിലെ കരുത്ത്‌ പുഷ്‌പന്റെ മനോധൈര്യവും അദ്ദേഹത്തിനുവേണ്ടി എന്തിനും തയ്യാറായി കൂടെ നിന്ന പ്രസ്ഥാനം നൽകിയ ഊർജവുമാണ്‌. 

Pushpan

വിശ്വസിക്കുന്ന പ്രസ്ഥാനത്തിനുവേണ്ടി, അതിന്റെ കൊടിയുമായി സമരമുഖങ്ങളിൽ നിൽക്കുമ്പോൾ വാടിക്കൊഴിഞ്ഞുപോയ ജീവിതത്തെ നോക്കിഒരിക്കലും നിരാശനായിരുന്നില്ല പുഷ്‌പൻ. ഏത്‌ ഘട്ടത്തിലും ചികിത്സക്കുള്ള സഹായവുമായി ഡിവൈഎഫ്‌ഐ പ്രവർത്തകർ മുന്നിട്ടിറങ്ങി. അതിനായി നാട്ടുകാരിൽനിന്ന്‌ പിരിവെടുത്ത്‌ ഫണ്ടും കണ്ടെത്തി. ഒരു പ്രവർത്തകനും അതിനോട്‌ മുഖം തിരിച്ചില്ല. അതുപയോഗിച്ച്‌ ആധുനിക സൗകര്യങ്ങളുള്ള വീടൊരുക്കാനും കഴിഞ്ഞു. ആവശ്യമുള്ളപ്പോഴെല്ലാം ചികിത്സക്കുവേണ്ടി എൽഡിഎഫ്‌ സർക്കാർ പ്രത്യേക സംഘത്തെയും നിയോഗിച്ചു. ചികിത്സ സഹായവും ലഭ്യമാക്കി.  ഈ കരുതൽതന്നെയാണ്‌ അദ്ദേഹത്തെ പ്രസ്ഥാനത്തോട്‌ പിന്നെയും പിന്നെയും ചേർത്തുനിർത്തിയതും. 

ഇക്കാലത്തിനിടയിൽ ഒരിക്കലും ഒരു വാക്കുകൊണ്ടോ, ഒരു ചെറിയ ഞരക്കം കൊണ്ടുപോലുമോ ഡിവൈഎഫ്‌ഐക്കെതിരെയൊ, സിപി എമ്മിനെതിരെയൊ ഒരു വാക്കുപോലും അദ്ദേഹം പറഞ്ഞിട്ടില്ല, ഒരു നീരസവും പ്രകടിപ്പിച്ചിട്ടുമില്ല. പുരോഗമപ്രസ്ഥാനങ്ങൾക്കെതിരെ എന്തെങ്കിലും പുഷ്‌പനിൽനിന്ന്‌ കിട്ടുമോയെന്ന് കാത്തിരുന്ന വലതു പക്ഷ മാധ്യമങ്ങളെ അദ്ദേഹം നിരാശരാക്കി. മരണംവരെ ചെങ്കൊടിയെ നേഞ്ചേറ്റിയ ആ രക്തതാരകം ചരിത്രത്തിലെ കനൽമുദ്രയാണ്.  ജീവിച്ചിരിക്കെ ഇത്രയേറെ കവിതകളും ഗാനങ്ങളുമുണ്ടായതും പുഷ്പനെയും സൈമൺ ബ്രിട്ടോയെയും കുറിച്ചു മാത്രമാണ്.

Tags