വിസ്മയ പാര്‍ക്കില്‍ യുവതിയെ കയറിപ്പിടിച്ച പ്രൊഫസര്‍ റിമാന്‍ഡില്‍

google news
Efthikar Ahamed

കണ്ണൂര്‍: പറശ്ശിനിക്കടവ് വിസ്മയ പാര്‍ക്കില്‍ വെച്ച് യുവതിയെ കടന്നുപിടിച്ച പ്രൊഫസര്‍ റിമാന്‍ഡില്‍. കേന്ദ്ര സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗം പ്രൊഫസര്‍ പഴയങ്ങാടി മാടായി എരിപുരത്തെ ബി.ഇഫ്തിക്കര്‍ അഹമ്മദ് (51) ആണ് റിമാന്‍ഡിലായത്. തിങ്കളാഴ്ച്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. നേരത്തേയും ലൈംഗിക ആരോപണത്തില്‍ കുടുങ്ങിയ ഇയാള്‍ കുടുംബസമേതമാണ് വിസ്മയയില്‍ എത്തിയത്.

പരാതിക്കാരിയായ മലപ്പുറം സ്വദേശിനിയും കുടുംബത്തോടൊപ്പം വിസ്മയയില്‍ എത്തിയപ്പോഴാണ് വേവ് പൂളില്‍ വെച്ച് മോശം അനുഭവമുണ്ടായത്. വേവ് പൂളില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുള്ള സ്ഥലം വെവ്വേറെ തിരിച്ചിട്ടുണ്ട്. ഇഫ്തിക്കര്‍ അഹമ്മദ് സ്ത്രീകളുടെ ഏരിയയില്‍ പ്രവേശിച്ച ഉടന്‍ സെക്യൂരിറ്റി ജീവനക്കാരന്‍ വിസില്‍ മുഴക്കി വിലക്കിയെങ്കിലും അത് അവഗണിച്ച് മുന്നോട്ട് പോകുകയായിരുന്നു. യുവതി ബഹളം വെച്ചതോടെ പാര്‍ക്ക് അധികൃതര്‍ പോലീസിനെ വിവരം അറിയിച്ചു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമപ്രകാരമാണ് കേസ്. കോടതിയില്‍ ഹാജരാക്കിയ ഇഫ്തിക്കര്‍ അഹമ്മദിനെ രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

Tags