50 ശതമാനത്തിനടുത്ത് മുസ്ലീം പ്രാതിനിധ്യമുള്ള വയനാട് മണ്ഡലം, പ്രിയങ്ക എത്തുന്നത് ഏറ്റവും സുരക്ഷിതമായി സീറ്റു തേടിയോ? അമേഠിയില്‍ ഭയം മൂലം പിന്മാറി
മലപ്പുറം ജില്ലയിലെ ചില പ്രദേശങ്ങള്‍ കൂടി ഉള്‍പ്പെടുന്ന വയനാട് 50 ശതമാനത്തിനടുത്ത് മുസ്ലീം വോട്ടര്‍മാരാണ്. ഇവിടെ മുസ്ലീം ലീഗിനുള്ള സ്വാധീനവും ഏറെയാണ്.
കോഴിക്കോട്: വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണ്. രാഹുല്‍ ഗാന്ധി മത്സരിച്ച് ജയിച്ച ഇവിടെ അദ്ദേഹം രാജിവെച്ചതിനെ തുടര്‍ന്നാണ് സഹോദരിയെ മത്സരിപ്പിക്കുന്നത്. നിലവില്‍ രാജ്യത്ത് കോണ്‍ഗ്രസിന് ഏറ്റവും സുരക്ഷിതമായ മണ്ഡലങ്ങളിലൊന്നാണ് വയനാട്. അതുകൊണ്ടുതന്നെ മത്സരിക്കാനുള്ള നിര്‍ദ്ദേശം വന്നതിന് പിന്നാലെ പ്രിയങ്ക സമ്മതിക്കുകയും ചെയ്തു.
2008-ല്‍ നിലവില്‍ വന്നതുമുതല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ് ഇവിടെ ജയിച്ചുകയറിയിരുന്നത്. 2009ല്‍ എംഐ ഷാനവാസ് ഒന്നരലക്ഷത്തിലധികം വോട്ടുകള്‍ക്ക് ഇവിടെ ജയിച്ചു. 2014ല്‍ വമ്പന്‍ മത്സരം നടന്ന മണ്ഡലത്തില്‍ ഷാനവാസിന്റെ ഭൂരിപക്ഷം കഷ്ടിച്ച് ഇരുപതിനായിരം മാത്രമായിരുന്നു. എന്നാല്‍, 2019ല്‍ രാഹുല്‍ ഗാന്ധി മത്സരിച്ചപ്പോള്‍ ഭൂരിപക്ഷം 4 ലക്ഷത്തിന് മുകളിലായി. 2024ല്‍ ഭൂരിപക്ഷത്തില്‍ ഒരു ലക്ഷത്തിലധികം വോട്ടുകളുടെ കുറവുണ്ടെങ്കിലും രാഹുലിന്റെ ജയം അനായാസമായിരുന്നു.
ഇക്കുറി പ്രിയങ്ക ഇവിടെ മത്സരിക്കുമ്പോഴും പ്രധാന എതിരാളിയായ സിപിഐയുടെ സത്യന്‍ മൊകേരി പോലും ഒരു അട്ടിമറി ജയം പ്രതീക്ഷിക്കുന്നുണ്ടാകില്ല. നെഹ്‌റു കുടുംബത്തിന് കേരളത്തില്‍ ലഭിക്കുന്ന സ്വീകാര്യത വോട്ടായി മാറുമെന്നുറപ്പാണ്. നേരത്തെ ഉത്തരേന്ത്യയിലെ ചില മണ്ഡലങ്ങളില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍, ജയം ഉറപ്പിക്കാനാകില്ലെന്നതിനാലാണ് അവര്‍ മത്സരിക്കാതിരുന്നത്. രാഹുല്‍ ഗാന്ധി 2019ല്‍ മത്സരിച്ച് തോറ്റ അമേഠിയില്‍ പ്രിയങ്ക മത്സരിക്കണമെന്നായിരുന്നു നേതൃത്വത്തിന്റെ നിര്‍ദ്ദേശമെങ്കിലും സ്മൃതി ഇറാനിക്കെതിരായ ഏറ്റുമുട്ടലിന് പ്രിയങ്ക തയ്യാറായില്ല.
മലപ്പുറം ജില്ലയിലെ ചില പ്രദേശങ്ങള്‍ കൂടി ഉള്‍പ്പെടുന്ന വയനാട് 50 ശതമാനത്തിനടുത്ത് മുസ്ലീം വോട്ടര്‍മാരാണ്. ഇവിടെ മുസ്ലീം ലീഗിനുള്ള സ്വാധീനവും ഏറെയാണ്. ഇതുതന്നെയാണ് കോണ്‍ഗ്രസ് ഈ മണ്ഡലത്തില്‍ തുടര്‍ച്ചയായി ജയിക്കാനുള്ള പ്രധാന കാരണവും.
ഏഴ് അസംബ്ലി സീറ്റുകള്‍ ഉള്ള മണ്ഡലമാണ് വയനാട്. നിയമസഭാ തെരഞ്ഞെടുപ്പുകളിലും വയനാട് യുഡിഎഫിന് മേല്‍ക്കൈ പ്രകടമാണ്. ഇത്തരമൊരു പാര്‍ലമെന്റ് മണ്ഡലത്തിലേക്കാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം കണ്ണുവെക്കുന്നത്.