പ്രധാനമന്ത്രിയുടെ ഈ പദ്ധതിയില്‍ അംഗമായാല്‍ ഏവര്‍ക്കും നേടാം വര്‍ഷം 6,000 രൂപ, രജിസ്റ്റര്‍ ചെയ്യേണ്ടതിങ്ങനെ
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന ഇതിനകം തന്നെ ഏറെ ജനപ്രിയമായ ഒരു പദ്ധതിയാണ്. ഇതിലൂടെ എല്ലാ ചെറുകിട നാമമാത്ര കര്‍ഷകര്‍ക്കും മിനിമം വരുമാനമെന്ന നിലയില്‍ പ്രതിവര്‍ഷം 6,000 രൂപ വരെ ലഭിക്കും. 75,000 കോടിയുടെ ഈ പദ്ധതി 125 ദശലക്ഷം കര്‍ഷകരെ അവരുടെ ഭൂവുടമസ്ഥതയുടെ വലുപ്പം പരിഗണിക്കാതെ പരിരക്ഷിക്കാനാണ് ലക്ഷ്യമിടുന്നത്.
2018 ഡിസംബര്‍ 1 മുതലാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് പ്രധാനമന്ത്രി കിസാന്‍ യോജന പ്രാബല്യത്തില്‍ വരുത്തിയത്. ഈ പദ്ധതിക്ക് കീഴില്‍രാജ്യത്തുടനീളമുള്ള എല്ലാ യോഗ്യരായ കര്‍ഷക കുടുംബങ്ങള്‍ക്കും പ്രതിവര്‍ഷം 6000 രൂപ ലഭിക്കും. ഓരോ നാല് മാസത്തിലും 2,000 രൂപ വീതം മൂന്ന് തുല്യ ഗഡുക്കളായി നല്‍കുന്നു. കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക നേരിട്ട് കൈമാറുന്നു.
കൃഷിയോഗ്യമായ ഭൂമി കൈവശമുള്ള കര്‍ഷക കുടുംബങ്ങള്‍ക്കും നഗര-ഗ്രാമ പ്രദേശങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ക്കും ചെറുകിട നാമമാത്ര കര്‍ഷക കുടുംബങ്ങള്‍ക്കും ഇതിനായി അപേക്ഷിക്കാം. എന്നാല്‍, സ്ഥാപന ഭൂമി കൈവശമുള്ളവര്‍, സംസ്ഥാന/കേന്ദ്ര സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുകയോ വിരമിക്കുകയോ ചെയ്തവര്‍ക്ക് ഈ പദ്ധതിക്ക് അര്‍ഹതയുണ്ടാകില്ല.
ഉയര്‍ന്ന സാമ്പത്തിക നിലയുള്ളവര്‍, ആദായ നികുതി അടക്കുന്നവര്‍, ഭരണഘടനാ പദവികള്‍ വഹിക്കുന്ന കര്‍ഷക കുടുംബങ്ങള്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, അഭിഭാഷകര്‍ തുടങ്ങിയ പ്രൊഫഷണലുകള്‍, 10,000 രൂപയില്‍ കൂടുതല്‍ പ്രതിമാസ പെന്‍ഷനുള്ള വിരമിച്ച പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കും പദ്ധതിക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല.
കര്‍ഷകര്‍ പ്രാദേശിക റവന്യൂ ഓഫീസറെയോ സംസ്ഥാന സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്ത ഒരു നോഡല്‍ ഓഫീസറെയോ സമീപിച്ച് ഇതിനായി രജിസ്റ്റര്‍ ചെയ്യാം. കോമണ്‍ സര്‍വീസ് സെന്ററുകള്‍ക്ക് (സിഎസ്സി) ഫീസ് അടച്ച് പദ്ധതിയിലേക്കുള്ള കര്‍ഷകരുടെ രജിസ്‌ട്രേഷന്‍ നടത്താനും അധികാരമുണ്ട്.
പിഎം കിസാന്‍ സമ്മാന്‍ നിധി യോജനയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി സ്വയം അപേക്ഷിക്കുകയും ചെയ്യാം. പോര്‍ട്ടലിലെ ഫാര്‍മേഴ്‌സ് കോര്‍ണര്‍ വഴി കര്‍ഷകര്‍ക്ക് സ്വയം രജിസ്റ്റര്‍ ചെയ്യാം. അവര്‍ക്ക് പിഎം കിസാന്‍ ഡാറ്റാബേസില്‍ പേര് എഡിറ്റ് ചെയ്യാനും അവരുടെ പേയ്മെന്റിന്റെ നില അറിയാനും കഴിയും.
പിഎം കിസാന്‍ യോജന പ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ ആധാര്‍ നിര്‍ബന്ധമാണ്. ആധാറിന് പുറമെ പൗരത്വ സര്‍ട്ടിഫിക്കറ്റ്, ഭൂമിയുടെ കൈവശമുള്ള പേപ്പറുകള്‍, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ എന്നിവ ബന്ധപ്പെട്ട അധികാരികള്‍ക്ക് സമര്‍പ്പിക്കണം.