മുസ്ലിം ജനസംഖ്യാ വര്‍ദ്ധനവ്, പ്രധാനമന്ത്രിയുടെ സമിതിയുടേത് വസ്തുകള്‍ക്ക് നിരക്കാത്ത റിപ്പോര്‍ട്ട്, ഈ കണക്കുകള്‍ പറയും യാഥാര്‍ത്ഥ്യം

google news
narendra modi

 

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാജ്യമെങ്ങും വിദ്വേഷവും വര്‍ഗീയവും പ്രസംഗിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിനിടെ രാജ്യത്ത് മുസ്ലിം ജനസംഖ്യയില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടായെന്ന പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ നിഗമനം വസ്തുതാവിരുദ്ധമെന്ന് തെളിയിക്കുന്ന കണക്കുകള്‍ പുറത്തുവന്നു.

1950-2015 കാലത്ത് ഇന്ത്യയിലെ ഹിന്ദുജനസംഖ്യ 84.68 ശതമാനത്തില്‍നിന്ന് 78.06 ശതമാനമായി കുറഞ്ഞെന്നും മുസ്ലിം ജനസംഖ്യ 9.84 ശതമാനത്തില്‍നിന്ന് 14.09 ശതമാനമായി കൂടിയെന്നുമാണ് റിപ്പോര്‍ട്ട്. തമിഴ്‌നാട് സര്‍ക്കാരുമായി നിരന്തരം പോരിലേര്‍പ്പെടുന്ന ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ മകളും സാമ്പത്തികശാസ്ത്രജ്ഞയുമായ ഷമിക രവിയുള്‍പ്പെട്ട സംഘമാണ് റിപ്പോര്‍ട്ടിന്റെ കര്‍ത്താക്കള്‍.

എന്നാല്‍, 2011ലെ സെന്‍സസും ദേശീയ കുടുംബാരോഗ്യ സര്‍വേ വിവരങ്ങളും അടിസ്ഥാനമാക്കി വാഷിങ്ടണ്‍ ഡിസി ആസ്ഥാനമായ പ്യൂ റിസര്‍ച്ച് സെന്റര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന് നേര്‍വിപരീതമാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട്.

രാജ്യത്ത് 1992ല്‍ മുസ്ലിം കുടുംബങ്ങളിലെ കുട്ടികളുടെ ശരാശരി എണ്ണം 4.4 ആയിരുന്നെങ്കില്‍ 2015ല്‍ ഇത് 2.6 ആയി ചുരുങ്ങിയെന്ന് പ്യൂ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഹിന്ദു കുടുംബങ്ങളില്‍ ഇത് യഥാക്രമം 3.3ഉം 2.1ഉം ആണ്. ക്രൈസ്തവ കുടുംബങ്ങളില്‍  2.9, രണ്ട് എന്ന ക്രമത്തിലും. പൊതുശരാശരിയായ 2.2നോട് അടുത്തുനില്‍ക്കുന്നതാണ് മൂന്ന് പ്രധാന മതവിഭാഗങ്ങളിലെയും നിരക്ക്.

മുസ്ലിം ജനസംഖ്യാ വളര്‍ച്ചനിരക്കും കുറഞ്ഞുവരികയാണ്. 1951-61 കാലത്ത് ജനസംഖ്യ 21.6 ശതമാനം വളര്‍ച്ച നേടിയപ്പോള്‍ മുസ്ലിം ജനസംഖ്യ വളര്‍ച്ച 32.7 ശതമാനമായിരുന്നു. 2001-2011ല്‍ പൊതു ജനസംഖ്യ 17.7 ശതമാനവും മുസ്ലിം ജനസംഖ്യ 24.7 ശതമാനവും വളര്‍ന്നു. ഇവ തമ്മിലുള്ള വ്യത്യാസം 1951-61ലെ 11.1 ശതമാനത്തില്‍നിന്ന് 2001-2011 എത്തിയപ്പോഴേക്കും ഏഴു ശതമാനമായി ചുരുങ്ങി. അതേസമയം, പാഴ്സികള്‍ ഒഴികെയുള്ള എല്ലാ മതവിശ്വാസികളുടെയും എണ്ണം വര്‍ധിക്കുകയാണ്.

രാജ്യത്തെ പ്രധാനമന്ത്രിയെന്ന പദം അലങ്കരിക്കെ ഒരു മതത്തില്‍പ്പെട്ടവരെ മോശക്കാരായി ചിത്രീകരിച്ച് ഹിന്ദു വോട്ടുകള്‍ നേടാനുള്ള ഹീനമായ ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. സെന്‍സസ് പോലും നടത്താതെ എങ്ങിനെയാണ് മുസ്ലീം ജനസംഖ്യയെക്കുറിച്ച് പറയുകയെന്നും നേതാക്കള്‍ ചോദിക്കുന്നുണ്ട്.

 

Tags