പയ്യന്നൂരിലെ അനിലയുടെ കൊലപാതകം: ഒപ്പം താമസിക്കാൻ വിസമ്മതിച്ചതാണ് കൊലക്ക് കാരണമെന്ന് സൂചന

anila payyanur
anila payyanur

പയ്യന്നൂർ: അന്നൂരിലെ അനിലയുടെ കൊലപാതത്തിൽ ദുരൂഹതകൾ തുടരുന്നു. യുവതി യുവാവിനൊപ്പം താമസിക്കാൻ വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം കഴുത്ത് ഞെരിച്ചതിന്റെ പാടുകൾ മൃതദേഹത്തിൽ കണ്ടെത്തിയിട്ടുണ്ട്. വായിലൂടെയും മുക്കിലൂടെയും രക്തം വന്നത് അടിയേറ്റത് കാരണമാണെന്നാണ് നിഗമനം. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെയേ കൂടുതൽ കാര്യത്തിൽ വ്യക്തത ലഭിക്കൂ. 

മാതമംഗലത്തിനടുത്ത കോയിപ്രയിലെ അനില(33)യെ ഞായറാഴ്ചയാണ് പയ്യന്നൂര്‍ അന്നൂരിലെ ആളില്ലാത്ത വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അനിലയെ കൊലപ്പെടുത്തിയതായി സംശയിക്കുന്ന സുദര്‍ശനപ്രസാദിനെ (ഷിജു- 34) അന്നൂരില്‍നിന്ന് 22 കി.മീ. അകലെയുള്ള ഇരൂളിലെ വീട്ടിനടുത്ത പറമ്പില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയിരുന്നു. ഷിജുവിന്റെ സുഹ്യത്തായ ജിറ്റി ജോസഫിന്റെ അന്നൂരിലെ വീട്ടിലാണ് അനില കൊല്ലപ്പെട്ടത്. വീട് സുദർശന പ്രസാദിനെ നോക്കാൻ ഏൽപ്പിച്ച് ജിറ്റി ജോസഫ് വിനോദയാത്രക്ക് പോയതായിരുന്നു. അവിടേക്ക് വിളിച്ചുവരുത്തിയാണ് കൊലപാതകം.

pnr

മാതമംഗലത്തിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ അനില ഭർതൃമതിയും രണ്ട് മക്കളുടെ അമ്മയുമാണ്. ഭാര്യയും രണ്ട് മക്കളുമുള്ള ഷിജുവുമായി ഇവർ അടുപ്പത്തിലായിരുന്നു. രണ്ടുപേരും ഒരുമിച്ച് പഠിച്ചവരാണ്. കുറച്ചുകാലം മുൻപ് പൂർവ്വവിദ്യാർത്ഥി സംഗമത്തിനെത്തിയപ്പോഴാണ് ഇരുവരും തമ്മിൽ അടുത്തത്. ഇവരുടെ അടുപ്പം രണ്ടു കുടുംബങ്ങളിലും പ്രശനം സൃഷ്ടിച്ചിരുന്നു. ഇതേത്തുടർന്ന് ബന്ധുക്കളായ ചിലർ പ്രശ്നത്തിൽ ഇടപെടുകയും ഷിജുവുമായുള്ള ബന്ധം അനില അവസാനിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ അതിനിടയിൽ ഷിജുവിൻറെ ഭാര്യ പിണങ്ങിപ്പോയി.

ഇതോടെ അനില ഇല്ലാതെ ജീവിക്കാൻ പറ്റില്ലെന്ന അവസ്ഥയിൽ ഷിജു എത്തിയത്രെ. ഇക്കാര്യം സംസാരിക്കാനാണ് കഴിഞ്ഞദിവസം അനിലയെ ജിറ്റിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. അവിടെവെച്ച് ഇരുവരും തമ്മിൽ വാക്കുതർക്കം നടന്നുവെന്നാണ് സംശയിക്കുന്നത്. ഒപ്പം താമസിക്കാനുള്ള ഷിജുവിൻറെ അഭ്യർത്ഥന നിരസിച്ചതാകാം തർക്കത്തിനിടയാക്കിയതെന്ന് കരുതുന്നു. ഇതിൽ പ്രകോപിതനായ ഷിജു അനിലയെ ക്രൂരമായി മർദിക്കുകയും അടിയേറ്റുവീണശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് സൂചന. 

suicide

എന്നാൽ അടിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ വീടിനകത്തുനിന്ന് കണ്ടെത്താനായില്ല. അനിലയുടെ ഫോൺ വെള്ളോറയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് അവിടെ എങ്ങനെ എത്തിയെന്നും കണ്ടെത്തേണ്ടതുണ്ട്. ശനിയാഴ്ച അന്നൂരിലെ വീട്ടിലേക്ക് സുദർശന്റെ ബൈക്കിലാണ് അനില എത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അതേസമയം രണ്ടു പേരുടെയും മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തി. പോസ്റ്റുമോർട്ടം റിപ്പോർട്ട് അടുത്തദിവസം തന്നെ പോലീസിന് ലഭിക്കും. ഇത് കൂടി പുറത്തുവന്നാലേ സംഭവത്തിൽ കുറെ കൂടി വ്യക്തത ലഭിക്കൂ..

Tags