അധികൃതരുടെ അവഗണന മൂലം 'കോലറയാര്‍' വീണ്ടും നാശത്തിന്റെ പാതയിലേക്ക്
അപ്പര്‍കുട്ടനാടിന്റെ ജീവനാഡിയായ കോലറയാര്‍ അധികൃതരുടെ അവഗണന മൂലം വീണ്ടും നാശത്തിന്റെ പാതയിലേക്ക്. അഞ്ചു വർഷം മുമ്പ് നാലരക്കോടി രൂപ ചെലവഴിച്ച് മാലിന്യവും, പോളയും മാറ്റി നദിയുടെ സ്വാഭാവിക രൂപം വീണ്ടെടുത്തിരുന്നെങ്കിലും വീണ്ടു പായലും മാലിന്യങ്ങളും നിറഞ്ഞ് നാശത്തിന്റെ വക്കിലാണ് കോലറയാര്‍. വേനല്ക്കാലമെത്തിയതോടെ പാടശേഖരങ്ങളിലേക്കടക്കം വെള്ളമെത്താത്തസ്ഥിയായതോടെ കോലറയാർ വീണ്ടെടുക്കുന്നതിനുള്ള നടപടി സ്വീകരിക്കുവാൻ അധികൃതർ തയ്യാറാവണം എന്നതാണ് നാട്ടുകാരുടെ ആവശ്യം.
പമ്പയാറിന്റെ കൈവഴിയായി കടപ്ര പഞ്ചായത്തിലെ ആലംതുരുത്തിയിൽ നിന്നും ആരംഭിച്ച് നിരണം പഞ്ചായത്തിൽ കൂടി ഒഴുകുന്ന നദിയാണ് പോളയും പായലും മറ്റ് മാലിന്യങ്ങളും നിറഞ്ഞ് വീണ്ടും നാശത്തിന്റെ പാതയിലേക്ക് നീങ്ങുന്നത്. പതിറ്റാണ്ടുകൾക്ക് മുമ്പ് 25 മീറ്ററോളം വീതിയിൽ ഒഴുകിയിരുന്ന കോലറയാറിലൂടെ കടപ്ര , നിരണം ഭാഗങ്ങളിൽ നിന്നും കെട്ടുവള്ളങ്ങളിൽ കാർഷിക ഉൽപ്പന്നങ്ങൾ ആലപ്പുഴയിൽ എത്തിച്ചിരുന്നു. ഏതാണ്ട് 30 വർഷക്കാലം മുമ്പ് ബോട്ട് സർവ്വീസും നടന്നിരുന്നതായാണ് പഴമക്കാർ പറയുന്നത് . കുളിക്കുന്നതിനും വസ്ത്രങ്ങൾ അലക്കുന്നതിനും മറ്റ് ഗാർഹിക ആവശ്യങ്ങൾക്കും അടക്കം 15 വർഷം മുമ്പ് വരെ പ്രദേശവാസികൾ ആശ്രയിച്ചിരുന്ന നദി കൂടിയാണിത്.
എന്നാൽ സംരക്ഷണം ഇല്ലാത്തത് മൂലവും കയ്യേറ്റവും കാരണം വീതി 10 മീറ്റർ ആയി കുറഞ്ഞ് ഒഴുക്ക് നിലച്ച നിലയിൽ ആയിരുന്നു. തുടർന്ന് സംസ്ഥാന സർക്കാർ അനുവദിച്ച നാല് കോടി രൂപയും ജനകീയ പങ്കാളിത്തത്തോടെ സ്വരൂപിച്ച അരക്കോടിയും ചെലവഴിച്ച് അഞ്ച് വർഷം മുമ്പ് പോളയും പായലും മാലിന്യങ്ങളും നീക്കം ചെയ്ത് ആഴം കൂട്ടി കോലറയാർ നവീകരിചിരുന്നു . കോലറയാർ പുനരുജ്ജീവനത്തിന് പിന്നാലെ ചെറിയ വള്ളങ്ങളെ പങ്കെടുപ്പിച്ച് ജനകീയ കൂട്ടായ്മയിൽ വള്ളംകളി മത്സരവും നടത്തിയിരുന്നു. ഈ നദിയാണ് ഇപ്പോൾ സംരക്ഷണം ഇല്ലാതെ വീണ്ടും നാശത്തിന്റെ പാതയിലേക്ക് പോകുന്നത്.
പത്തനംതിട്ട ജില്ലയിലെ ഏറ്റവും വലിയ പാടശേഖരങ്ങളിൽ ഒന്നായ നിരണത്തു തടം പാടം ഉൾപ്പെടെ മേഖലയിലെ ഹെക്ടർ കണക്കിന് പാടശേഖരങ്ങളിലേക്ക് നെൽകൃഷിക്ക് വെള്ളം എത്തിക്കുന്നതിനുള്ള പ്രധാന മാർഗം കൂടിയായിരുന്നു ഈ നദി. കോലറയാറിലെ ഒഴുക്ക് നിലച്ചതോടെ പാടശേഖരങ്ങളിലേക്ക് വെള്ളം എത്തിക്കേണ്ട അനുബന്ധ കൈത്തോടുകളും നാശത്തിലേക്ക് നീങ്ങുകയാണ്. വേനൽ കടുത്തതോടെ പാടശേഖരങ്ങളിലേക്ക് വെള്ളം എത്തിക്കാൻ കഴിയാത്തത് കർഷകരെയും ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്.
നീരൊഴുക്ക് നിലച്ചതോടെ കെട്ടിക്കിടക്കുന്ന വെള്ളം കറുത്തിരുണ്ട് ദുർഗന്ധപൂരിതമായി മാറിയിരിക്കുകയാണ്. ഇതോടെ കൊതുക് ശല്യവും ഏറിയിട്ടുണ്ടെന്നാണ് സമീപവാസികൾ പറയുന്നത്.ജലം മലിനമായതോടെ നദിയിലെ മത്സ്യ സമ്പത്തും നശിച്ചു. എത്രയും വേഗം നദിയിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് കോലറയാർ വീണ്ടെടുക്കുന്നതിനുള്ള നടപടി സ്വീകരിക്കുവാൻ അധികൃതർ തയ്യാറാവണം എന്നതാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.