വാളയാര്‍ കേസ്, അമ്മയെ തലമൊട്ടയടിപ്പിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചത് ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും, ലീഗും കോണ്‍ഗ്രസും ബിജെപിയും പിന്തുണച്ചു, തീവ്ര സംഘടനകള്‍ നുഴഞ്ഞുകയറുന്നതിങ്ങനെ

Walayar Case
Walayar Case

ക്രൂരമായ പീഡനം ഭയന്ന് കുട്ടികള്‍ അയല്‍വീട്ടില്‍ അഭയംതേടാറുണ്ടായിരുന്നു. പീഡനവിവരം അമ്മയെ അറിയിച്ചെങ്കിലും പ്രതികള്‍ അതേ വീട്ടില്‍ത്തന്നെ തുടര്‍ന്നത് പെണ്‍കുട്ടികളെ ഭയപ്പെടുത്തി.

കൊച്ചി: വാളയാര്‍ കേസിലെ സിബിഐ കുറ്റപത്രത്തില്‍ മാതാപിതാക്കള്‍ പ്രതികളായതോടെ ഇവരെ ആനയിച്ച് നടന്ന് മുതലെടുപ്പ് നടത്തിയവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം കനക്കുന്നു. പെണ്‍കുട്ടികളുടെ അമ്മയും രണ്ടാനച്ഛനും കേസില്‍ പ്രതികളാണെന്നാണ് സിബിഐ വ്യക്തമാക്കുന്നത്.

പോലീസ് കേസ് അന്വേഷിച്ചപ്പോള്‍ തന്നെ ഇവരെ പ്രതികളാക്കാമായിരുന്ന തെളിവുകളുണ്ടായിരുന്നെങ്കിലും പ്രതിഷേധം ഭയന്ന് ഒഴിവാക്കുകയായിരുന്നു. പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന കാര്യം മാതാപിതാക്കള്‍ക്ക് അറിവുണ്ടായിരുന്നു എന്ന് സിബിഐ പറയുന്നു. മാതാപിതാക്കള്‍ക്കൊപ്പം ഒറ്റമുറി വീട്ടിലാണ് പ്രതികളും താമസിച്ചത്. ഇത് കുട്ടികളെ പീഡിപ്പിക്കാനുള്ള അവസരമൊരുക്കി.

പെണ്‍കുട്ടികളുടെ മരണകാരണം വ്യക്തമായി അറിയാവുന്നവരാണ് മാതാപിതാക്കള്‍. ക്രൂരമായ പീഡനം ഭയന്ന് കുട്ടികള്‍ അയല്‍വീട്ടില്‍ അഭയംതേടാറുണ്ടായിരുന്നു. പീഡനവിവരം അമ്മയെ അറിയിച്ചെങ്കിലും പ്രതികള്‍ അതേ വീട്ടില്‍ത്തന്നെ തുടര്‍ന്നത് പെണ്‍കുട്ടികളെ ഭയപ്പെടുത്തി. പ്രതികളെ രക്ഷിക്കാനെന്നോണം അമ്മ നല്‍കിയ വ്യത്യസ്തമായ മൊഴികള്‍ കോടതിവിധിയില്‍ നിര്‍ണായകമായി. പ്രതികളെ വെറുതെവിട്ടശേഷം നടത്തിയ സിബിഐ അന്വേഷണത്തിലാണ് മാതാപിതാക്കളെ പ്രതികളാക്കിയതെന്നതാണ് ശ്രദ്ധേയം.

സംസ്ഥാനത്ത് ഏറെ വിവാദമായ വിഷയമാണ് വാളയാര്‍ കേസ്. അതുകൊണ്ടുതന്നെ പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള വിധി സര്‍ക്കാരിനെതിരെ ആയുധമാക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ രംഗത്തിറങ്ങിയിരുന്നു. ജമാഅത്തെ ഇസ്ലാമി, പോപ്പുല്‍ ഫ്രണ്ട് പോലുള്ള സംഘടനകള്‍ വിഷയത്തില്‍ കൂടുതലായി ഇടപെടുകയും മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുകയും ചെയ്തു.

പെണ്‍കുട്ടികളുടെ അമ്മയെ മൊട്ടയടിപ്പിച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയനെതിരെ മത്സരിപ്പിച്ചതും തീവ്രസസംഘടനകളായിരുന്നു. വിവാദ സംഭവങ്ങളില്‍ നുഴഞ്ഞുകയറി പൊതുബോധനിര്‍മിതിയുണ്ടാക്കി സംഘടനകള്‍ക്ക് നേട്ടമുണ്ടാക്കാനായിരുന്നു ഇവരുടെ ശ്രമം. മുസ്ലീം ലീഗ്, കോണ്‍ഗ്രസ്, ബിജെപി തുടങ്ങിയ പ്രമുഖ കക്ഷികളും സര്‍ക്കാരിനെതിരെ വാളയാര്‍ ആയുധമാക്കി.

സിബിഐ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ വാളയാറിലെ അമ്മയെ ഉപയോഗിച്ച് മുതലെടുപ്പിന് ഇറങ്ങിയവര്‍ മൗനത്തിലാണ്. സംസ്ഥാന സര്‍ക്കാരിനും ഇടതുപക്ഷത്തിനും എതിരായി നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രധാന പ്രചരണായുധമാക്കാനായിരുന്നു അന്ന് വാളയാര്‍ ഉപയോഗിച്ചത്. വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പൊതുബോധമായി രൂപപ്പെടുത്തിയെടുക്കുന്നത് എങ്ങിനെയെന്നതിന് ഉദാഹരണം കൂടിയാണ് വാളയാര്‍ കേസ്. വസ്തുത വ്യക്തമായി അറിയാമായിരുന്നിട്ടും മാധ്യമങ്ങളും പ്രതിപക്ഷ കക്ഷികള്‍ക്കൊപ്പം കൈകോര്‍ത്ത സംഭവം കൂടിയാണ് വാളയാര്‍.

Tags