ഇന്ത്യയോട് തോറ്റതിന് പിന്നാലെ ഫാസ്റ്റ് ഫുഡ് കഴിക്കുന്ന അസം ഖാന്റെ വീഡിയോ വൈറല്‍, പാക് ടീമില്‍ പുതിയ വിവാദം

google news
Azam Khan

ന്യൂയോര്‍ക്ക്: ലോകകപ്പ് ടി20 മത്സരത്തില്‍ ഇന്ത്യയോട് അവിശ്വസനീയമായി തോറ്റതിന്റെ ആഘാതത്തിലാണ് പാകിസ്ഥാന്‍ ടീം. എന്നാല്‍, തോല്‍വിയൊന്നും തന്നെ ബാധിച്ചിട്ടില്ലെന്നമട്ടില്‍ ഫാസ്റ്റ് ഫുഡ് കഴിക്കുന്ന പാക് താരം അസം ഖാന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. അമിതഭാരം മൂലം ആരാധകരുടെ പരിഹാസത്തിന് ഇരയായ കളിക്കാരനാണ് അസം ഖാന്‍. മുന്‍ താരം മോയീന്‍ ഖാന്റെ മകനായ അസമിനെ ടീമില്‍ ഉള്‍പ്പെടുത്തിയത് വിവാദമായിരിക്കെയാണ് ഫാസ്റ്റ് ഫുഡ് കഴിക്കുന്ന വീഡിയോ പുറത്തുവന്നത്.

ഇന്ത്യയോട് തോറ്റതിന് ശേഷം ന്യൂയോര്‍ക്കിലെ ഒരു സ്റ്റാളില്‍ പാകിസ്ഥാന്‍ താരം ഫാസ്റ്റ് ഫുഡ് ആസ്വദിച്ചു കഴിക്കുന്നതാണ് വീഡിയോ. ക്ലിപ്പിന്റെ ആധികാരികത വ്യക്തമല്ലെങ്കിലും തന്റെ ഫിറ്റ്നസിനേയും ഫോമിനേയും കുറിച്ച് ആകുലപ്പെടാതെ ഇഷ്ടഭക്ഷണം കഴിക്കുകയാണ് അസം എന്ന് ആരാധകര്‍ കുറ്റപ്പെടുത്തുന്നു. യുഎസ്എക്കെതിരായ ആദ്യ കളിയില്‍ പാക് ടീമിനായി ഇറങ്ങിയ അസം ഖാന്‍ റണ്ണെടുക്കാതെയാണ് പുറത്തായത്.

ഫിറ്റ്‌നസ് ഇല്ലാത്ത താരത്തെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയതിനെതിരെ മുന്‍ താരം ഷാഹിദ് അഫ്രീദി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. മികച്ച ബാറ്ററും വിക്കറ്റ് കീപ്പറുമായ അസം ഖാന് കഴിഞ്ഞ ചില മത്സരങ്ങളിലായി ഫോം വീണ്ടെടുക്കാനാകാത്തത് തിരിച്ചടിയായി. ആദ്യ കളിയില്‍ പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യക്കെതിരായ മത്സരത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു.

ന്യൂയോര്‍ക്കില്‍ ചിരവൈരികള്‍ തമ്മിലുള്ള പോരാട്ടത്തില്‍ പാക്കിസ്ഥാനെ 6 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഇന്ത്യ 119 റണ്‍സ് എടുത്തപ്പോള്‍ പാകിസ്ഥാന് 113 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ജസ്പ്രീത് ബുംറയാണ് ഇന്ത്യയുടെ വിജയശില്‍പി. തന്റെ 4 ഓവറില്‍ 3/14 എന്ന രീതിയില്‍ പ്രകടനം കാഴ്ചവെച്ച ബുംറ ഇന്ത്യക്ക് വിജയമൊരുക്കി.

 

Tags