എന്‍ കെ പ്രേമചന്ദ്രനായി വലയെറിഞ്ഞ് ബിജെപി, കേന്ദ്രമന്ത്രി സ്ഥാനം ഉറപ്പ്, ജയിച്ചശേഷം വേലിചാടാന്‍ ആലോചന

google news
n k premachandran

 

കൊച്ചി: കൊല്ലം എംപി എന്‍കെ പ്രേമചന്ദ്രനെ റാഞ്ചി സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാന്‍ ബിജെപി ശ്രമം ആരംഭിച്ചു. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി ക്ഷണിച്ച വിരുന്നില്‍ പങ്കെടുത്ത പ്രേമചന്ദ്രനുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്നതായാണ് അഭ്യൂഹം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്‍പായി ആര്‍എസ്പിക്ക് ഒപ്പമോ ഒറ്റയ്‌ക്കോ എന്‍ഡിഎയിലേക്ക് വരുന്നതില്‍ സംസ്ഥാന ബിജെപിക്ക് എതിര്‍പ്പില്ല. ജയിച്ചാല്‍ കേന്ദ്രമന്ത്രിയാക്കാമെന്ന പതിവ് വാഗ്ദാനവും അദ്ദേഹത്തിന് ലഭിച്ചതായാണ് വിവരം.

മണിപ്പൂര്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ പലഭാഗത്തും ന്യൂനപക്ഷങ്ങള്‍ക്കെതിരെ സംഘപരിവാറിന്റെ നേതൃത്വത്തില്‍ വംശീയഹത്യ നടക്കുമ്പോഴും പ്രധാനമന്ത്രി ക്ഷണിച്ച അപൂര്‍വം എംപിമാരിലൊരാളായി പ്രേമചന്ദ്രന്‍ വിരുന്നിന് എത്തിയത് ബിജെപിക്ക് പ്രതീക്ഷയുണ്ടാക്കുന്നതാണ്. നേരത്തെ എല്‍ഡിഎഫിലായിരുന്ന ആര്‍എസ്പി നിലവില്‍ യുഡിഎഫിനൊപ്പമാണ് സംസ്ഥാനത്തുനിന്ന് മത്സരിക്കുന്നത്.

പ്രധാനമന്ത്രിക്കൊപ്പമുള്ള വിരുന്നിനെ പ്രേമചന്ദ്രന്‍ പുകഴ്ത്തുകകൂടി ചെയ്തിരുന്നു. അപ്രതീക്ഷിതമായ ക്ഷണമാണ് ലഭിച്ചതെന്നും ജീവിതത്തിലെ വലിയ അനുഭവമാണ് ഇതെന്നുമാണ് പ്രേമചന്ദ്രന്‍ പ്രതികരിച്ചത്. സന്തോഷകരമായ അനുഭവമായിരുന്നു പ്രധാനമന്ത്രിക്കൊപ്പമുണ്ടായ നിമിഷങ്ങളെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. പാര്‍ലമെന്റ് കാന്റീനില്‍ നടന്ന വിരുന്നില്‍ ഇന്ത്യ മുന്നണിയില്‍ നിന്നും പ്രേമചന്ദ്രനെ മാത്രമാണ് ക്ഷണിച്ചതെന്നതും ശ്രദ്ധേയമാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ഇത്തരമൊരു വിരുന്നൊരുക്കുന്നത് കൃത്യമായ രാഷ്ട്രീയത്തോടെയാണ് എന്ന് അറിയാതെയല്ല പ്രേമചന്ദ്രന്‍ വിരുന്നിനെത്തിയത്. സംസ്ഥാനത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള യുഡിഎഫ് കക്ഷികള്‍ക്ക് ക്ഷീണമുണ്ടാക്കുന്നതാണ് എംപിയുടെ നടപടി. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ആര്‍എസ്പിയെ അതൃപ്തി അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.

തെരഞ്ഞെടുപ്പിന് മുന്‍പ് യുഡിഎഫ് വിട്ട് എന്‍ഡിഎയില്‍ ചേരുകയാണെങ്കില്‍ പ്രേമചന്ദ്രന് കൊല്ലത്ത് ജയിക്കുക എളുപ്പമല്ല. എന്നാല്‍, യുഡിഎഫിനൊപ്പം നില്‍ക്കുകയാണെങ്കില്‍ ജയസാധ്യതയേറും. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പിന് ശേഷം എന്‍ഡിഎ മുന്നണി മാറുകയാകും ആര്‍എസ്പിയുടെ ലക്ഷ്യം. എന്‍ഡിഎ അധികാരത്തിലെത്തുകയും ആര്‍എസ്പി മുന്നണി മാറുകയും ചെയ്താല്‍ പ്രേമചന്ദ്രന് കേന്ദ്രമന്ത്രിയാകാം.

 

Tags