ഖത്തറില്‍ നാവികരെ വിട്ടയക്കാന്‍ ഇടപെട്ടത് മോദിയല്ല ഷാരൂഖ് ഖാനെന്ന് വെളിപ്പെടുത്തല്‍

google news
Narendra Modi

 

ന്യൂഡല്‍ഹി: ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിച്ച എട്ട് ഇന്ത്യന്‍ മുന്‍ സൈനികരെ വിട്ടയക്കാന്‍ ഇടപെട്ടത് ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനെന്ന് വെളിപ്പെടുത്തി ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി. നരേന്ദ്ര മോദിയും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും പരാജയപ്പെട്ടപ്പോള്‍ ഷാരൂഖ് ഖാന്റെ സഹായം മോദി തേടിയെന്നും താരത്തിന്റെ ഇടപെടലാണ് വിജയം കണ്ടതെന്നും സ്വാമി എക്‌സില്‍ കുറിച്ചു.

അടുത്ത രണ്ട് ദിവസങ്ങളില്‍, വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ ഞാന്‍ യുഎഇയും ഖത്തറും സന്ദര്‍ശിക്കും, ഇത് ഈ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി ബന്ധം കൂടുതല്‍ ആഴത്തിലാക്കും, എന്ന പ്രധാനമന്ത്രി മോദിയുടെ ട്വീറ്റിന് താഴെയാണ് സ്വാമി ഇക്കാര്യം കുറിച്ചത്.

മോദി സിനിമാ താരം ഷാരൂഖ് ഖാനെയും ഖത്തറിലേക്ക് കൊണ്ടുപോകണം. ഖത്തറിലെ ഷെയ്ഖ്ഖുമാരെ അനുനയിപ്പിക്കാന്‍ എംഇഎയും എന്‍എസ്എയും പരാജയപ്പെട്ടതിനെത്തുടര്‍ന്ന് മോദി ഷാരൂഖിനോട് ഇടപെടാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. നമ്മുടെ നാവികരെ വിട്ടയക്കാന്‍ അതീവ വിലപിടിപ്പുള്ള ഇടപെടല്‍ നടത്തിയത് ഷാരൂഖാണെന്നും സ്വാമി പറഞ്ഞു.

അതേസമയം, സ്വാമിയുടെ പ്രസ്താവനയോട് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിട്ടില്ല. തിങ്കളാഴ്ചയാണ് ഖത്തര്‍ കോടതി കസ്റ്റഡിയിലുള്ള എട്ട് മുന്‍ ഇന്ത്യന്‍ നാവിക സേനാംഗങ്ങളെയും വിട്ടയച്ചത്. ഖത്തറില്‍ തടവിലാക്കപ്പെട്ട ദഹ്റ ഗ്ലോബല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പൗരന്മാരെ മോചിപ്പിച്ചതിനെ ഇന്ത്യന്‍ സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നതായി റിലീസിന് ശേഷം എംഇഎ അറിയിച്ചു. ഇവരില്‍ എട്ടുപേരില്‍ ഏഴുപേരും ഇന്ത്യയില്‍ തിരിച്ചെത്തി.

നേരത്തെ, ഖത്തറും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകള്‍ക്ക് ശേഷം ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ നാവിക സേനാംഗങ്ങള്‍ക്കുള്ള വധശിക്ഷ തടവ് ശിക്ഷയായി കുറച്ചിരുന്നു.

അടുത്തിടെ പല അവസരങ്ങളിലും സുബ്രഹ്‌മണ്യന്‍ സ്വാമി പ്രധാനമന്ത്രി മോദിയെ വിമര്‍ശിച്ചിരുന്നു. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായും പ്രധാനമന്ത്രിക്കെതിരെ അദ്ദേഹം രംഗത്തെത്തി. മോദി പ്രാണപ്രതിഷ്ഠാ പൂജയില്‍ മുഴുകുകയാണ്, പ്രധാനമന്ത്രി പദവിയിലിരുന്ന് പൂജയില്‍ മുഴുകുമ്പോള്‍, വ്യക്തിപരമായ ജീവിതത്തില്‍ അദ്ദേഹം ഭഗവാന്‍ ശ്രീരാമനെ പിന്തുടര്‍ന്നിട്ടില്ലെന്നും സ്വാമി വിമര്‍ശിച്ചു.

 

Tags